
കണ്ണൂർ: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ ഉയർന്ന ബലാത്സംഗ പരാതിയിൽ വീണ്ടും രൂക്ഷമായി പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പരാതിക്കാരിയെ കൊന്നുകളയുമെന്നതരത്തിലുള്ള പ്രചാരണങ്ങളാണ് അടുത്തിടെ ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയിൽ നടി പീഡനത്തിനിരയായ സംഭവത്തിൽ സർക്കാർ അതിജീവിതയ്ക്കൊപ്പമാണ് എക്കാലവും നിലനിന്നിട്ടുള്ളതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ഇന്ന് രാവിലെ എട്ടുമണിക്ക് ജൂനിയർ ബേസിക് സ്കൂളിൽ വോട്ട് രേഖപ്പെടുത്താൻ എത്തിയപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
'തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോൾ എൽഡിഎഫ് വലിയ ആത്മവിശ്വാസത്തോടെയാണ് പ്രവർത്തിച്ചത്. ഇന്ന് തിരഞ്ഞെടുപ്പ് പൂർത്തിയാകുകയാണ്. ജനങ്ങളിൽ നിന്ന് എൽഡിഎഫിന് വലിയതോതിലുള്ള പിന്തുണയാണ് ലഭിച്ചത്. ഇത് ചരിത്രവിജയം സമ്മാനിക്കും. യുഡിഎഫിന്റെ കേന്ദ്രങ്ങളെന്ന് സാധാരണ കണക്കാക്കുന്ന തദ്ദേശ സ്വയംവരണ അതിർത്തികൾ ഇത്തവണ എൽഡിഎഫിനെ സ്വീകരിക്കാൻ തയ്യാറായി കഴിഞ്ഞു. മികവാർന്ന വിജയത്തിലേക്ക് എൽഡിഎഫ് കുതിക്കുന്ന കാഴ്ചയാണ് ഇനിയുണ്ടാകുന്നത്.

ശബരിമലയിൽ നടക്കാൻ പാടില്ലാത്ത ചില കാര്യങ്ങളുണ്ടായി. അതൊന്നും തിരഞ്ഞെടുപ്പിനെയോ വിജയത്തെയോ ബാധിക്കില്ല. സ്വർണക്കൊള്ളയിൽ സർക്കാർ കൃത്യമായ നടപടികളാണ് എടുത്തിരിക്കുന്നത്. സർക്കാരിന്റെ നടപടികൾക്ക് വിശ്വാസികൾ അംഗീകരിച്ചിട്ടുണ്ട്. എല്ലാ വിഭാഗങ്ങളും എൽഡിഎഫിനെ പിന്തുണയ്ക്കുന്നുണ്ട്. കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ അതീജീവിതയ്‌ക്കൊപ്പമാണ് സർക്കാർ. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്‌ക്കെതിരായ ബലാത്സംഗ പരാതിയിൽ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ നിലപാട് വ്യത്യസ്തമാണ്. രണ്ടാമത്തെ പരാതിക്കാരി എന്തുകൊണ്ടാണ് തെളിവുകളുമായി മുന്നോട്ട് വരാൻ തയ്യാറാകാത്തത്. ഇക്കാര്യങ്ങൾ ഗൗരവപരമായി കാണണം. കൊന്നുതള്ളുമെന്നാണ് ഭീഷണി ഉയരുന്നത്. ഇനിയും ഇതിനപ്പുറമുള്ള കാര്യങ്ങൾ പുറത്തുവന്നേക്കാം. ഇത്തരത്തിലുള്ള ലൈംഗിക വൈകൃത കുറ്റവാളികളെ ന്യായീകരിക്കാൻ ശ്രമിച്ചാൽ പൊതുസമൂഹം അംഗീകരിക്കില്ല'- മുഖ്യമന്ത്രി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |