കൊച്ചി: സംസ്ഥാനത്തേക്ക് ഡീസൽകടത്ത് വ്യാപകമായിട്ടും അധികൃതർ കണ്ണടയ്ക്കുന്നതായി പമ്പുടമകൾ ആരോപിച്ചു. കർണാടക, മാഹി മേഖലയിലെ വിലവ്യത്യാസമാണ് കടത്തുസംഘങ്ങൾ മുതലെടുക്കുന്നത്. ഉയർന്നവിലയ്ക്കുപുറമേ കേരളത്തിൽ ഇന്ധനസെസും ഏർപ്പെടുത്തിയതോടെയാണ് അതിർത്തികടന്ന് ഡീസൽ ഒഴുകുന്നത്. കേരളത്തിന് ശതകോടികളുടെ നികുതിനഷ്ടം വരുത്തുന്നു.
ഒരുലിറ്റർ ഡീസലിന് മാഹിയിൽ ഏകദേശം 14 രൂപയും കർണാടകയിൽ 10 രൂപയും വിലവ്യത്യാസമുണ്ട്. ഈ സാഹചര്യമാണ് കള്ളക്കടത്തിന് ഇടയാക്കുന്നത്.
കേസെടുക്കാതെ പിഴയിലൊതുങ്ങുന്നതും ഡീസലൂറ്റുകാർക്ക് അവസരമാകുന്നു.
സെസ് ഒഴിവാക്കി സമീപസംസ്ഥാനങ്ങളുമായി നിരക്ക് ഏകീകരിക്കുകയോ രാജ്യത്താകെ ഒറ്റനികുതി ഏർപ്പെടുത്തുയോ വേണമെന്ന് ഓൾ കേരള ഫെഡറേഷൻ ഒഫ് പെട്രോളിയം ട്രേഡേഴ്സ് ഭാരവാഹികൾ ആവശ്യപ്പെട്ടു.
അക്രമം തടയാൻ നിയമംവേണം
പെട്രോൾ പമ്പുകളിലെ അക്രമവും കവർച്ചയും തടയാൻ നിയമ നിർമ്മാണം വേണമെന്ന് ഓൾ കേരള ഫെഡറേഷൻ ഒഫ് പെട്രോളിയം ട്രേഡേഴ്സ് ആവശ്യപ്പെട്ടു. ആശുപത്രി സംരക്ഷണ നിയമത്തിന്റെ മാതൃകയിൽ നിയമം നടപ്പാക്കണം. മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തിക്കുന്ന പുതിയ പമ്പുകൾക്കെതിരെ നടപടിയെടുക്കുക, ഇന്ധന കള്ളക്കടത്ത് തടയുക, ഡീലർ കമ്മിഷൻ വർദ്ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളും നടപ്പാക്കിയില്ലെങ്കിൽ അനിശ്ചിതകാല സമരം ആരംഭിക്കും. സമരപരിപാടികൾ തീരുമാനിക്കാൻ ഡിസംബർ ഒൻപതിന് ഫെഡറേഷൻ കോഴിക്കോട്ട് യോഗം ചേരും. പ്രസിഡന്റ് ടോമി തോമസ്, ജനറൽ സെക്രട്ടറി വൈ. അഷ്റഫ്, ട്രഷറർ മൂസ ബി. ചെർക്കള തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |