തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പിന് വ്യാജ തിരിച്ചറിയൽ കാർഡ് നിർമ്മിച്ച കേസിൽ അറസ്റ്റിലായ നാല് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു.
ഒന്നു മുതൽ നാലുഹവരെ പ്രതികളായ അടൂർ മണക്കാല നെല്ലിമൂട്ടിൽപടി ചാർളി ഭവനിൽ ഫെനി നൈനാൻ, ഏഴംകുളം തൊഴുവക്കാട് കുളിക്കുന്നുകുഴി ബിനു സദനത്തിൽ ബിനിൽ ബിനു, അറയക്കൽ വെസ്റ്റ് അഭയം വീട്ടിൽ അഭിനന്ദ് വിക്രം, കരംപാല പന്തൽ വിഘ്‌നേശ്വരം വീട്ടിൽ വികാസ് കൃഷ്ണൻ എന്നിവർക്കാണ് ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് ഷിബു ഡാനിയേൽ ജാമ്യം അനുവദിച്ചത്. റിമാൻഡ് റിപ്പോർട്ടിലെ സാങ്കേതികമായ ഗുരുതര പിഴവ് ചൂണ്ടിക്കാട്ടിയാണ് ജാമ്യം 27 വരെ ദിവസവും രാവിലെ 10 മുതൽ 5 വരെ പ്രതികൾ അന്വേഷണ ഉദ്യോഗസ്ഥന് മുമ്പിൽ ഹാജരാകണം. ഈ ദിവസങ്ങളിൽ ആവശ്യമെങ്കിൽ പ്രതികളുമായി തെളിവെടുക്കുകയോ ഉപകരണങ്ങൾ കണ്ടെടുക്കുയോ ചെയ്യാം. ആദ്യ ഒരു മാസം എല്ലാ ചൊവ്വാഴ്ചയും ശനിയാഴ്ചയും പ്രതികൾ ഹാജരാകണം, പിന്നീട് ഒരു മാസം എല്ലാ ശനിയാഴ്ചയും . അന്വേഷണം പൂർത്തിയാകുന്നതു വരെ രാജ്യം വിടരുത്.
റിമാൻഡ് റിപ്പോർട്ടിലെ പാകപ്പിഴകൾക്ക് കോടതി പൊലീസിനെ രൂക്ഷമായി വിമർശിച്ചു. ഏത് കാരണത്താലാണ് നിലവിലെ പ്രതികളെ കേസിൽ ഉൾപ്പെടുത്തിയതെന്നും പ്രതികളെ കേസുമായി ബന്ധിപ്പിക്കുന്ന എന്ത് കണ്ടെത്തലാണ് അന്വേഷണ ഉദ്യോഗസ്ഥൻ നടത്തിയതെന്നും കോടതി ചോദിച്ചു. പ്രതികളെ ജുഡീഷ്യൽ കസ്റ്റഡിയിൽ എടുക്കേണ്ട സാഹചര്യം എന്താണെന്ന കോടതിയുടെ ചോദ്യത്തിന് വ്യക്തമായ മറുപടി നൽകാൻ
മ്യൂസിയം സി.ഐ എസ്. മഞ്ജുലാലിനോ സർക്കാർ അഭിഭാഷകനോ കഴിഞ്ഞില്ല.
തിരഞ്ഞെടുപ്പ് കമ്മിഷന്റെ തിരിച്ചറിയൽ കാർഡിന് സമാനമായ രണ്ടായിരത്തോളം കാർഡുകൾ നിർമ്മിച്ചിട്ടുണ്ടെന്നും അവ കണ്ടെത്തേണ്ടത് അത്യാവശ്യമായതിനാൽ പ്രതികളെ കസ്റ്റഡിയിൽ വേണമെന്നുമായിരുന്നു പൊലീസിന്റെ ആവശ്യം. ആസന്നമായ പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഈ കാർഡുകൾ വ്യാപകമായി ഉപയോഗിക്കാൻ സാദ്ധ്യതയുണ്ടെന്നും പ്രതികൾ ചെയ്തത് രാജ്യദ്രോഹ കുറ്റമാണെന്നും സർക്കാർ അഭിഭാഷകൻ വാദിച്ചു. എന്നാൽ ഈ വാദങ്ങൾ കോടതി തള്ളി. പ്രതികൾക്ക് വേണ്ടി മൃദുൽ ജോൺമാത്യൂ, എസ്.കെ.അഭിജിത് എന്നിവർ ഹാജരായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |