കൊച്ചി: കരുവന്നൂർ സഹ.ബാങ്ക് തട്ടിപ്പിലെ കള്ളപ്പണയിടപാട് കേസിൽ സി.പി.എം തൃശൂർ ജില്ലാ സെക്രട്ടറി എം.എം. വർഗീസിനെ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ചോദ്യം ചെയ്തു. ഇന്നലെ രാവിലെ 9.45ന് ഇ,ഡി ഓഫീസിലെത്തിയ അദ്ദേഹം രാത്രി എട്ടോടെയാണ് മടങ്ങിയത്. സാക്ഷിയെന്ന നിലയിലാണ് വർഗീസിനെ നോട്ടീസ് നൽകി വിളിപ്പിച്ചത്.
കരുവന്നൂർ ബാങ്കിൽ നടന്ന തട്ടിപ്പ് സംബന്ധിച്ച് സി.പി.എം ജില്ലാ കമ്മിറ്റി നിയോഗിച്ച സംഘം അന്വേഷണം നടത്തിയിരുന്നു. അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ബാങ്ക് ഭരണസമിതി അംഗങ്ങൾക്കെതിരെ പാർട്ടി തലത്തിൽ നടപടി സ്വീകരിച്ചതു സംബന്ധിച്ച വിവരങ്ങളാണ് ഇ.ഡി ചോദിച്ചത്. തട്ടിപ്പുമായി ബന്ധമുള്ള പാർട്ടി നേതാക്കളെക്കുറിച്ചും അന്വേഷിച്ചതായാണ് വിവരം. ഇന്നലെ ഹാജരാകുന്നതിൽ നിന്ന് ഒഴിവാക്കണമെന്ന് എം.എം. വർഗീസ് അപേക്ഷ നൽകിയിരുന്നെങ്കിലും ഇ.ഡി അനുവദിച്ചില്ല. അന്വേഷണവുമായി സഹകരിക്കുമെന്ന് ഇ.ഡി ഓഫീസിലെത്തിയ വർഗീസ് മാദ്ധ്യമങ്ങളോട് പറഞ്ഞു. കള്ളപ്പണ ഇടപാടുമായി ബന്ധമില്ലെന്നും അദ്ദേഹം പറഞ്ഞു.
സി.പി.എമ്മിന്റെ ജില്ലാ, സംസ്ഥാന നേതാക്കളുടെ അറിവോടെയാണ് തട്ടിപ്പ് നടന്നതെന്ന നിഗമനത്തിലാണ് ഇ.ഡി. ബാങ്കിന്റെ ഭരണം നിയന്ത്രിക്കാനും വായ്പകൾ അനുവദിക്കാനും പാർലമെന്ററി കമ്മിറ്റി പ്രവർത്തിച്ചിരുന്നതായി ഇ.ഡി കോടതിയെ അറിയിച്ചിരുന്നു. ആദ്യഘട്ട കുറ്റപത്രം സമർപ്പിച്ചതിന് പിന്നാലെ തട്ടിപ്പിലെ രാഷ്ട്രീയ, ഉന്നത ബന്ധം സംബന്ധിച്ചാണ് ഇ.ഡി തുടരന്വേഷണം നടത്തുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |