SignIn
Kerala Kaumudi Online
Thursday, 19 February 2026 3.52 AM IST

'ഈ സർക്കാർ എന്തൊക്കെ ചെയ്യുമെന്ന് യാതൊരു പിടിയുമില്ല, എന്നെ പ്രതിയാക്കിയാലും ഇവിടെ കോടതികളുണ്ടല്ലോ, അപ്പോൾ നോക്കാം'; രാഹുൽ മാങ്കൂട്ടത്തിൽ

Increase Font Size Decrease Font Size Print Page
rahul-mankoottathil

തിരുവനന്തപുരം: വ്യാജ രേഖ കേസിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട രാഹുൽ മാങ്കൂട്ടത്തിൽ മ്യൂസിയം പൊലീസ് സ്റ്റേഷനിൽ എത്തിയിട്ടുണ്ട്. ചോദ്യം ചെയ്യലല്ല, സാക്ഷിയായിട്ടാണ് തന്നെ കേസിൽ പരിഗണിച്ചിട്ടുള്ളതെന്നും. തന്റെ ഭാഗത്ത് തെറ്റുകളൊന്നും ഇല്ലാത്തതിനാലാണ് മറ്റ് പരിപാടികൾ മാറ്റിവച്ച് എത്തിയതെന്നും രാഹുൽ മാദ്ധ്യമങ്ങളോട് പറഞ്ഞു.

'ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്, ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ എന്നിവർ നൽകിയ പരാതിയിൽ എന്റെ പേര് പരാമർശിക്കപ്പെട്ടിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട ചില വിവരങ്ങൾ അറിയണമെന്ന് പറഞ്ഞാണ് എന്നെ വിളിപ്പിച്ചിട്ടുള്ളത്. ഈ വിഷയങ്ങൾ ഉയർന്നപ്പോൾ തന്നെ ഞങ്ങളെടുത്ത നിലപാടുണ്ട്. ഞങ്ങൾക്ക് തുറന്ന മനസാണ്. യാതൊരു ഒളിച്ചുകളിക്കുമില്ല. ഏതൊരു ചോദ്യത്തിനും ഏത് സമയത്തും മറുപടി പറയാൻ ഞങ്ങൾ തയ്യാറാണ്. മാദ്ധ്യമങ്ങൾ വഴിയാണ് എന്നെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിട്ടുണ്ട് എന്നറിഞ്ഞത്. ഇന്ന് വേറെ കുറച്ച് പരിപാടികൾ ഏറ്റിട്ടും അന്വേഷണത്തോട് സഹകരിക്കുന്നതിനാലാണ് ഇവിടെ എത്തിയത്. ഇന്നലെയാണ് എനിക്ക് നോട്ടീസ് ലഭിച്ചത്.'- രാഹുൽ വ്യക്തമാക്കി.

'അദ്ധ്യക്ഷ സ്ഥാനം ഏറ്റെടുക്കുന്നതിന് മുമ്പേ വ്യാജരേഖ കേസിൽ മൊഴിയെടുക്കാൻ വിളിപ്പിച്ചു എന്ന് പറയേണ്ട. ആദ്യം ഞാൻ പോയത് പഴയങ്ങാടി സ്റ്റേഷനിലേയ്‌ക്കാണ്. മുഖ്യമന്ത്രി പറഞ്ഞു അദ്ദേഹം എല്ലാം കണ്ടുകൊണ്ടിരിക്കുകയായിരുന്നു എന്ന്. അദ്ദേഹത്തിന്റെ സാന്നിദ്ധ്യത്തിലാണ് ജീവൻ രക്ഷാസേന അതായത് 'വിജയൻ സേന' എന്ന ആ ഡിവൈഎഫ്‌ഐക്കാർ അതിക്രൂരമായി മർദിച്ചത്. തലയ്‌ക്ക് രക്തസ്രാവമുണ്ടായ ഞങ്ങളുടെ ജില്ലാ ഉപാദ്ധ്യക്ഷനടക്കമുള്ളവരെ കാണാനും ആ കേസിൽ പൊലീസ് നടപടി എടുക്കാത്തതുമായി ബന്ധപ്പെട്ടുമാണ് ഞാൻ സ്റ്റേഷനിലേയ്‌ക്ക് പോയത്. അതുകൊണ്ട് ആദ്യമായി വന്നത് ചോദ്യം ചെയ്യലിനാണ് എന്ന് പറയേണ്ട. '- രാഹുൽ വ്യക്തമാക്കി.

'ഈ സർക്കാർ എന്തൊക്കെ ചെയ്യുമെന്ന് നമുക്ക് ആർക്കും ഒരു പിടിയുമില്ല. പരാതി പറയാൻ വന്ന മഹിജ എന്ന സ്ത്രീയെ റോഡിലൂടെ വലിച്ചിഴച്ചുകൊണ്ടുപോയ പൊലീസുള്ള സർക്കാരാണ്. എനിക്ക് പ്രത്യേകിച്ച് ആശങ്കകളൊന്നുമില്ല. എനിക്കിതിൽ ഒളിക്കാനും മറയ്‌ക്കാനും ഒന്നുമില്ല എന്ന വിശ്വാസത്തിലാണ് ഞാനിവിടെ എത്തിയത്. പ്രത്യേകിച്ച് ആശങ്കകളൊന്നുമില്ല. എനിക്കെതിരെ യാതൊരു തെളിവുമില്ല, അവരെന്നെ പ്രതി ചേർത്താലും ഈ നാട്ടിൽ കോടതികളുണ്ടല്ലോ, അപ്പോൾ നോക്കാം. ' - രാഹുൽ കൂട്ടിച്ചേർത്തു.

വ്യജരേഖ കേസിൽ സിപിഎം പറഞ്ഞു എന്ന് കരുതി അവർ കുറ്റവാളികളാകില്ല. കോടതിയുടെ പരിഗണനയിലുള്ള കേസാണ്. അവർ കുറ്റവാളികൾ ആണെന്ന് തെളിഞ്ഞാൽ തീർച്ചയായും നടപടി സ്വീകരിക്കും. സിപിഎമ്മിന്റെ ആരോപണത്തിന്റെ പേരിൽ കുറ്റക്കാരനാക്കാനാണെങ്കിൽ ആരെയൊക്കെ പുറത്താക്കണമായിരുന്നുവെന്നും രാഹുൽ ചോദിച്ചു.

യൂത്ത് കോൺഗ്രസ് സംഘടനാ തിരഞ്ഞെടുപ്പിൽ അംഗത്വത്തിനായി തിരഞ്ഞെടുപ്പ് കമ്മീഷന്റെ വ്യാജ തിരിച്ചരിയൽ രേഖയുണ്ടാക്കിയെന്ന കേസിലാണ് രാഹുൽ മാങ്കൂട്ടത്തിൽ ചോദ്യംചെയ്യലിന് ഹാജരായത്. കേസില്‍ അറസ്റ്റിലായ പ്രതികള്‍ക്ക് രാഹുല്‍ സഹായം ചെയ്തു എന്നതിനെ കുറിച്ചാണ് അന്വേഷണം. അറസ്റ്റിലായവര്‍ക്ക് രാഹുലുമായിട്ട് നേരിട്ട് ബന്ധമുണ്ടെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പ്രതികളായ ഫെനിക്കും ബിനിലിനും സഞ്ചരിക്കാന്‍ സ്വന്തം കാര്‍ നല്‍കിയെന്നും ഇവരുടെ മൊബൈല്‍ ഒളിപ്പിക്കാന്‍ രാഹുല്‍ സഹായം ചെയ്തുവെന്നതുമാണ് പൊലീസിന്റെ ഭാഷ്യം.

TAGS: RAHUL MANKOOTTATHIL, YOUTH CONGRESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY