തിരുവനന്തപുരം: ഗ്ലോബൽ ആയുർവേദ ഫെസ്റ്റിവലിന്റെ (ജി.എ.എഫ് 2023) അഞ്ചാം പതിപ്പ് ഡിസംബർ ഒന്നിന് ഉച്ചയ്ക്ക് രണ്ടിന് കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ തുടങ്ങും. ഫെസ്റ്റ് ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ ഉദ്ഘാടനം ചെയ്യുമെന്ന് കേന്ദ്രസഹമന്ത്രിയും ജി.എ.എഫ് സംഘാടക സമിതി ചെയർമാനുമായ വി.മുരളീധരൻ അറിയിച്ചു.
ഡിസംബർ ഒന്നിന് നടക്കുന്ന ദേശീയ ആരോഗ്യമേളയ്ക്ക് കേന്ദ്രമന്ത്രി സർബാനന്ദ സോനോവാളും വിഷൻ കോൺക്ലേവിന് കേന്ദ്രമന്ത്രി പർഷോത്തംരൂപാലയും തുടക്കം കുറിക്കും. രണ്ടിന് നടക്കുന്ന ഇന്റർനാഷണൽ കോ-ഓപ്പറേഷൻ കോൺക്ലേവ് ശ്രീലങ്കൻ തദ്ദേശീയവൈദ്യ വകുപ്പ് സഹമന്ത്രി ശിശിര ജയകോടി ഉദ്ഘാടനം ചെയ്യും. മൂന്നിന് ബിടുബി മീറ്റ് കേന്ദ്രമന്ത്രി നാരായൺ റാണെ ഉദ്ഘാടനം ചെയ്യും.മൗറീഷ്യസ് പ്രസിഡന്റ് പൃഥ്വിരാജ് സിംഗ് രൂപൻ മുഖ്യാതിഥിയാകും. ആയുഷ്മാൻ ഭാരത് ഡിജിറ്റൽ മിഷനുമായി സഹകരിച്ച് നടത്തുന്ന എൻ.സി.ഐ.എസ്.എം വിദ്യാർത്ഥികളുടെ ആശയവിനിമയ പരിപാടിയുടെ ഉദ്ഘാടനം കേന്ദ്ര സഹമന്ത്രി ഡോ. മുഞ്ചപ്പാറ മഹേന്ദ്രഭായി നിർവഹിക്കും. ജി.എ.എഫിന്റെ സമാപന സമ്മേളനം അഞ്ചിന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്യും.
സംസ്ഥാന മന്ത്രിമാരായ വീണാ ജോർജ്,ആന്റണി രാജു,പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ,ശശി തരൂർ എം.പി,കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ തുടങ്ങിയവർ ജി.എ.എഫിൽ പങ്കെടുക്കുമെന്നും വി.മുരളീധരൻ പറഞ്ഞു.
ജി.എ.എഫ് ചീഫ് കോ-ഓർഡിനേറ്റർ ഡോ.സുരേഷ്‌കുമാർ സി,സെക്രട്ടറി ജനറൽ ഡോ.സി.സുരേഷ് കുമാർ (ത്രിവേണി),ഇന്റർനാഷണൽ കോ-ഓപ്പറേഷൻ കോൺക്ലേവ് ചെയർമാൻ ബേബി മാത്യു,എക്സിബിഷൻ കമ്മിറ്റി ചെയർമാൻ ഡോ. രജിത് ആനന്ദ്,ഓർഗനൈസിംഗ് സെക്രട്ടറി ഡോ.എസ്.വേണു,നാഷണൽ കമ്മിഷൻ ഫോർ ഇന്ത്യൻ സിസ്റ്റം ഒഫ് മെഡിസിൻ ബോർഡ് ഒഫ് എത്തിക്‌സ് ആൻഡ് രജിസ്‌ട്രേഷൻ മെമ്പർ ഡോ.രജനി നായർ,ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഒഫ് ഇന്ത്യ സംസ്ഥാന പ്രസിഡന്റ് ഡോ.ലീന തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |