ഏറ്റുമാനൂർ : ബംഗളൂരുവിൽ നിന്ന് എം.ഡി.എം.എയും കഞ്ചാവും കൊണ്ടുവരുന്നതിനിടെ യുവതിയടക്കം രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. പുതുപ്പള്ളി, തലപ്പാടി ഭാഗത്ത് പുലിത്തറ കുന്നിൽ ജെബി ജേക്കബ് ജോൺ (29), തൃക്കൊടിത്താനം കോട്ടമുറി കൊളത്തുപ്പടി മൂക്കാട്ടുപറമ്പിൽ എം.ഒ.അശ്വതി (28) എന്നിവരെയാണ് ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡ് പിടികൂടിയത്. ബംഗളൂരുവിൽ നിന്ന് എത്തിയ ഇവർ കാരിത്താസ് ഭാഗത്ത് ഇറങ്ങിയപ്പോഴാണ് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പരിശോധന നടത്തിയത്. ജില്ലാ നാർക്കോട്ടിക് സെൽ ഡിവൈ.എസ്.പി ജോൺ.സി, ഏറ്റുമാനൂർ സ്റ്റേഷൻ എസ്.എച്ച്.ഒ പ്രസാദ് അബ്രഹാം വർഗീസ് , എസ്.ഐ ഷാജിമോൻ എ.ടി തുടങ്ങിയവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.
മാരകലഹരി, തിരിച്ചറിയാൻ പ്രയാസം
എം.ഡി.എം.എ, എൽ.എസ്.ഡി തുടങ്ങി മാരകമായ മയക്കുമരുന്ന് ഉപയോഗിക്കുന്നവരിലേറെയും യുവാക്കളാണ്. പെൺകുട്ടികളും ഇതിന് അടിമയാണ്. പല കോളേജ്, ലേഡീസ് ഹോസ്റ്റലുകളിലും ഇവയുടെ വ്യാപനമുണ്ടെങ്കിലും റെയ്ഡ് നടക്കാറില്ല. വനിതാ ഉദ്യോഗസ്ഥരുടെ കുറവും കാരണമാണ്. ഡി.ജി പാർട്ടികളിൽ മാത്രമല്ല വിവാഹ സൽക്കാരങ്ങളിലും ഇവ കൈമാറ്റം ചെയ്യപ്പെടുന്നു. സ്റ്റാമ്പ് രൂപത്തിലായതിനാൽ തിരിച്ചറിയാൻ പ്രയാസമാണ്. കൈവശം വെച്ചാൽ പത്തുവർഷം വരെ തടവു ശിക്ഷ ഉറപ്പാണെങ്കിലും ഉപയോഗിച്ചവരുടെ ഉമിനീർ പരിശോധിച്ച് രാസലഹരി കണ്ടു പിടിക്കാനുള്ള കിറ്റുകൾ ഉപയോഗിക്കാത്തതിനാൽ മിക്കപ്പോഴും പിടിക്കപ്പെടാറില്ല. ഒറ്റുകാർ വഴി ലഭിക്കുന്ന വിവരമനുസരിച്ചാണ് റെയ്ഡുകൾ പലപ്പോഴും നടക്കാറുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |