തൃശൂർ: ശ്രീകേരളവർമ്മ കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ എസ്.എഫ്.ഐ ചെയർമാൻ സ്ഥാനാർത്ഥിയെ വിജയിയായി പ്രഖ്യാപിച്ച തീരുമാനം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ് സ്വാഗതം ചെയ്യുന്നതായി കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ. രാഷ്ട്രീയമായും നിയമപരവുമായുള്ള വലിയൊരു പോരാട്ടത്തിനാണ് കെ.എസ്.യു നേതൃത്വം നൽകിയത്. വീണ്ടും തിരഞ്ഞെടുപ്പ് നടത്തണമെന്നായിരുന്നു കെ.എസ്.യുവിന്റെയും കേരളവർമ്മയിലെ വിദ്യാർത്ഥികളുടെയും ആവശ്യം.
കേരളവർമ്മയിൽ ജനാധിപത്യത്തെ അടിമറിക്കുന്ന സമീപനമാണ് എസ്.എഫ്.ഐ സ്വീകരിച്ചത്. ചെയർമാൻ സ്ഥാനത്തേക്ക് ആദ്യം വിജയിച്ചത് കെ.എസ്.യുവിന്റെ എസ്. ശ്രീക്കുട്ടനായിരുന്നു. തുടർന്ന് എസ്.എഫ്.ഐ ചെയർമാൻ സ്ഥാനാർത്ഥിയുടെ കത്തിന്റെ അടിസ്ഥാനത്തിലാണ് റീ കൗണ്ടിംഗ് നടത്തിയത്. ആ കത്ത് പോലും ഉചിതമായ മാർഗത്തിലല്ലെന്ന കോടതിയുടെ നിരീക്ഷണം പ്രസക്തമാണ്.
അനഭലഷണീയ പ്രവണതകൾ നടന്നതുകൊണ്ടാണ് കെ.എസ്.യുവിന് റീകൗണ്ടിംഗ് ഒരു ഘട്ടത്തിൽ ബഹിഷ്‌കരിക്കേണ്ടിവന്നത്. കേരളവർമ്മയിൽ ജനാധിപത്യത്തെ തകർക്കാൻ ശ്രമിച്ച എസ്.എഫ്.ഐ ശ്രീക്കുട്ടനോടും വിദ്യാർത്ഥി സമൂഹത്തോടും മാപ്പു പറയണമെന്നും കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |