തൃശൂർ: വ്യാജ സർട്ടിഫിക്കറ്റുകളുമായി ചികിത്സ നടത്തിയിരുന്ന 13 പേർ മിന്നൽപരിശോധനയിൽ കുടുങ്ങിയതിനു പിന്നാലെ ജില്ലയിൽ റെയ്ഡുകൾ വ്യാപകമാക്കാൻ ആരോഗ്യവകുപ്പ്. രോഗികളും വ്യക്തികളും സംഘടനകളും അടക്കം നൽകിയ നിരവധി പരാതികളുടെ പശ്ചാത്തലത്തിലാണിത്. അലോപ്പതി, ആയുർവേദം, ഹോമിയോപ്പതി വകുപ്പ് ജില്ലാ മെഡിക്കൽ ഓഫീസർമാരുടെ നേതൃത്വത്തിൽ സംസ്ഥാനവ്യാപകമായി നടന്ന പരിശോധനയുടെ ഭാഗമായാണ് തൃശൂരിലും റെയ്ഡ് നടന്നത്.
17 സംഘങ്ങളായി തിരിഞ്ഞ് പൊലീസിന്റെ സഹായത്തോടെയാണ് ജില്ലയിലെ വിവിധയിടങ്ങളിൽ പരിശോധന നടത്തിയത്. കേരള മെഡിക്കൽ പ്രാക്ടീഷണേഴ്‌സ് ആക്ട് അനുസരിച്ച് രജിസ്‌ട്രേഷനില്ലാതെ ചികിത്സ നടത്തുന്നവരെ കേന്ദ്രീകരിച്ചായിരുന്നു പരിശോധന. ഇവർക്കെതിരെ വഞ്ചന അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുക്കുക. ജാമ്യമില്ലാ കുറ്റമാണിത്. മൂന്നു വകുപ്പുകളിലായി ആറു ലക്ഷം പിഴയും അടയ്‌ക്കേണ്ടി വരും. കുന്നംകുളം, തൃശൂർ, കിഴക്കെക്കോട്ട, കൊടകര, അന്തിക്കാട്, വാടാനപ്പിള്ളി, വടക്കാഞ്ചേരി, വടക്കേക്കാട് , ഇരിങ്ങാലക്കുട, മാള, ചേർപ്പ്, കയ്പമംഗലം എന്നിവിടങ്ങളിൽ നിന്നാണ് 13 പേർ പിടിയിലായത്.
മാളയിൽ വർഷങ്ങളായി ചികിത്സ നടത്തുന്നയാളെ നേരത്തേ ആരോഗ്യവകുപ്പ് തിരുവനന്തപുരത്ത് പിടികൂടിയിരുന്നു. ബംഗാളിൽനിന്ന് കൊണ്ടുവരുന്ന ആയുർവേദമരുന്ന് ഉപയോഗിച്ചാണ് ചികിത്സ നടത്തുന്നതെന്നും ബിരുദപഠനം പൂർത്തിയാക്കിയശേഷം ഡോക്ടറുടെ അടുത്തുനിന്നാണ് ചികിത്സ പഠിച്ചതെന്നുമാണ് ഇയാളുടെ വാദം.
വർഷങ്ങളോളം വ്യാജചികിത്സ
പരാതികൾ കിട്ടുന്നതിന്റെ അടിസ്ഥാനത്തിലും സംശയാസ്പദമായ സാഹചര്യത്തിലും ജില്ലാ രജിസ്റ്ററിംഗ് അതോറിറ്റിക്ക് ഇത്തരം ക്‌ളിനിക്കുകൾ പരിശോധിക്കാം. ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഒഫ് ഇന്ത്യ അടക്കമുളള സംഘടനകളുടെ പരാതികൾ ലഭിച്ചതോടെയാണ് മിന്നൽ പരിശോധനയ്ക്ക് വഴിയൊരുങ്ങിയത്. പല ക്ലിനിക്കുകളും വർഷങ്ങളോളം പ്രവർത്തിക്കുന്നവയായിരുന്നു. ചില ക്‌ളിനിക്കുകൾ മുപ്പതോളം വർഷമായി പ്രവർത്തിക്കുന്നുണ്ട്. ലൈസൻസും സർട്ടിഫിക്കറ്റും ഇല്ലാതെ പൈൽസ്, ഫിസ്റ്റുല ചികിത്സ നടത്തിവരുന്നവരാണേറെയും. അലോപ്പതി, ആയുർവേദ, ഹോമിയോമരുന്നുകളും ഇവരിൽ നിന്ന് പിടിച്ചെടുത്തിരുന്നു.
റെയ്ഡ് നടന്നത്: 17 കേന്ദ്രങ്ങളിൽ
സംഘത്തിലുളളത്: അലോപ്പതി, ആയുർവേദം, ഹോമിയോപ്പതി മെഡിക്കൽ ഓഫീസർമാർ, ഹെൽത്ത് ഇൻസ്‌പെക്ടർമാർ, എസ്.ഐമാർ.
നേതൃത്വം: മെഡിക്കൽ ഓഫീസർമാരായ ഡോ. ടി.പി. ശ്രീദേവി, ഡോ. പി.ആർ. സലജകുമാരി, ഡോ. ലീനറാണി, ഡോ. കാവ്യ കരുണാകരൻ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |