കുളത്തൂർ : പൗണ്ട്കടവ് വലിയവേളി കുടുംബാരോഗ്യ കേന്ദ്രത്തിൽ നിർമ്മാണത്തിനിടെ മണ്ണിടിഞ്ഞുവീണ് അന്യസംസ്ഥാന താെഴിലാളിക്ക് ദാരുണാന്ത്യം. ബംഗാൾ സ്വദേശി രാജ്കുമാർ (34) ആണ് മരിച്ചത്. കരാർ ജോലിക്കിടെ അനധികൃതമായി മണ്ണെടുക്കുന്നതിനിടെയാണ് അപകടം. ഇന്നലെ വൈകിട്ട് 4.30നായിരുന്നു സംഭവം.
പ്രവേശന കവാടത്തിന്റെ നിർമ്മാണത്തിനായിരുന്നു മണ്ണെടുത്തത്. കുഴിയിൽ ഇറങ്ങി മണ്ണ് എടുക്കവേ മുകളിൽ നിന്ന് മണ്ണ് ഇടിഞ്ഞ് വീണായിരുന്നു അപകടം. കുഴിക്ക് ഒൻപതടിയോളം ആഴമുണ്ടായിരുന്നു. നാട്ടുകാരുടെയും മറ്റ് ജീവനക്കാരുടെയും രക്ഷാപ്രവർത്തനത്തിനുള്ള ശ്രമം പരാജയപ്പെട്ടതോടെ ഫയർ ഫോഴ്സിൽ വിവരം അറിയിക്കുകയായിരുന്നു. ചാക്കയിൽ നിന്നെത്തിയ ഫയർഫോഴ്സിന്റെ രണ്ട് യൂണിറ്റും തുമ്പ പാെലീസും തീരദേശതാെഴിലാളികളും രണ്ടുമണിക്കൂർ നീണ്ട തീവ്ര പരിശ്രമത്തിനാെടുവിലാണ് മണ്ണിനടിയിലകപ്പെട്ട താെഴിലാളിയെ പുറത്തെടുത്തത്. രക്ഷാപ്രവർത്തനത്തിനായി മണ്ണ് മാറ്റുന്നതിനിടയിൽ വീണ്ടും മണ്ണിടിഞ്ഞ് വീണു. തീരദേശമായതിനാൽ ചൊരിമണലുള്ള സ്ഥലത്താണ് അപകടം നടന്നത്. ഇത് രക്ഷാപ്രവർത്തനം ദുഷ്കരമാക്കി. പുറത്തെടുത്തപ്പോൾത്തന്നെ ജീവൻ നഷ്ടമായിരുന്നു.
നിർമ്മാണം: കരാർ കാറ്റിൽപ്പറത്തി
കുടുംബാരോഗ്യ കേന്ദ്രത്തിന്റെ സമീപത്തുള്ള പാർവതിപുത്തനാറിന്റെ കരയിലെ മണ്ണാണ് അനധികൃതമായി എടുത്തത്. മണ്ണ് പുറത്തുനിന്ന് കൊണ്ടുവരണമെന്നായിരുന്നു കരാർ. എന്നാൽ കരാറുകാരൻ ഇത് ലംഘിച്ച് അന്യസംസ്ഥാന തൊഴിലാളികളെ ജോലിക്ക് നിറുത്തുകയായിരുന്നു. നിർമ്മാണ പ്രവൃത്തികളുടെ മറവിൽ സ്ഥലത്തു നിന്ന് വൻതോതിൽ മണ്ണ് എടുത്ത് ഇതിനോടകം കടത്തിയതായി സംശയിക്കുന്നുവെന്ന് സ്ഥലം സന്ദർശിച്ച സ്ഥലം എം.എൽ.എ പറഞ്ഞു. മേയർ ആര്യ രാജേന്ദ്രൻ, ഡെപ്യൂട്ടി മേയർ പി.കെ. രാജു, മരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മേടയിൽ വിക്രമൻ, സ്ഥലം കൗൺസിലർ ജിഷജോൺ തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു.
നടുക്കം മാറാതെ സുഹൃത്തുക്കൾ
അപകടത്തിൽപ്പെട്ട താെഴിലാളിയെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെ കൂടെയുണ്ടായിരുന്ന മറ്റൊരു തൊഴിലാളിയും കുഴിയിൽ അകപ്പെട്ടെങ്കിലും വേഗം തന്നെ രക്ഷിക്കാനായി. കരാർ ജോലിക്കായി എത്തിയ സജീവ്, വിശ്വജിത്ത് , ദേവ്കുമാർ എന്നീ ബംഗാൾ സ്വദേശികളാണ് ഒപ്പം ഉണ്ടായിരുന്നത്. അല്പനേരം മുമ്പ് കളിച്ചുചിരിച്ചും തമാശകൾ പറഞ്ഞും ഒപ്പമുണ്ടായിരുന്ന സുഹൃത്തിന്റെ ചേതനയറ്റ ശരീരമാണ് പിന്നീട് ഇവർക്ക് ലഭിച്ചത്. കുളത്തൂർ ഭാഗത്തായിരുന്നു ഇവർ താമസിച്ചത്. രാജ്കുമാറിന്റെ കുടുംബം പശ്ചിമബംഗാളിലാണ്. സംഭവത്തിന്റെ ഞെട്ടലിൽ നിന്ന് മറ്റ് തൊഴിലാളികളും മുക്തരായിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |