ഗുരുവായൂർ: ഗുരുവായൂർ ദേവസ്വത്തിലെ ഗജമുത്തശ്ശി താര ചെരിഞ്ഞു. ഇന്നലെ വൈകിട്ട് ഏഴോടെ പുന്നത്തൂർ ആനത്താവളത്തിൽ വച്ചായിരുന്നു അന്ത്യം. ദേവസ്വം രേഖപ്രകാരം 90 വയസിലേറെ പ്രായമുള്ളതായി കണക്കാക്കുന്നു. ആനത്താവളത്തിലെ ഏറ്റവും പ്രായമേറിയ ആനയാണ്. ഗജരാജൻ ഗുരുവായൂർ കേശവനുള്ള കാലത്ത് ഗുരുവായൂർ ദേവസ്വത്തിൽ എത്തിയതാണ് താര.
കമലാ സർക്കസ് ഉടമയായിരുന്ന കെ. ദാമോദരൻ 1957 മേയ് ഒമ്പതിന് ഗുരുവായൂർ ക്ഷേത്രത്തിൽ നടയിരുത്തിയതാണ് താരയെ. മൂന്നു വർഷമായി വാർദ്ധക്യസഹജമായ അവശതകളിലായിരുന്നു. വിദഗ്ദ്ധ സമിതിയുടെ നിർദേശപ്രകാരം പാപ്പാൻമാരുടെ പ്രത്യേക പരിചരണത്തിലായിരുന്നു. അമ്പതു വർഷത്തിലേറെ ഗുരുവായൂരപ്പനെ സേവിച്ചു.
ക്ഷേത്രത്തിലെ ശീവേലിയടക്കമുള്ള ചടങ്ങുകളിൽ ശാന്തമായും ഭക്തിയോടെയും തന്റെ കടമ നിർവഹിച്ച ആനയായിരുന്നു. ശീവേലിക്ക് ഗുരുവായൂരപ്പന്റെ തിടമ്പേറ്റാനും ഭാഗ്യം ലഭിച്ചിട്ടുണ്ട്. ഇന്ന് രാവിലെ പത്തിന് സംസ്‌കാരച്ചടങ്ങുകൾക്കായി കോടനാട്ടേക്ക് കൊണ്ടുപോകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |