ഇരുട്ടിൽ തപ്പി പൊലീസ്
കൊല്ലം: ആറുവയസുകാരി അബിഗേൽ സാറയെ തിരിച്ചുകിട്ടിയെങ്കിലും നാടിനെ തീച്ചൂളയിലാക്കിയ സംഭവത്തിലെ പ്രതികളെ കണ്ടെത്താൻ രണ്ടു ദിവസം പിന്നിട്ടിട്ടും പൊലീസിനായില്ല. ഓട്ടോറിക്ഷയിലെത്തിയ യുവതി അബിഗേലിനെ വളരെ ദൂരെനിന്നുപോലും കാണാനാവുന്ന തരത്തിലുള്ള ആശ്രാമം മൈതാനത്തെ സിമന്റ് ബഞ്ചിലിരുത്തിയശേഷം ഓടി രക്ഷപെടുകയായിരുന്നു. ഈ സമയത്തും നാടാകെ അരിച്ചുപെറുക്കുകയായിരുന്നു പൊലീസ് എന്നാണ് ഔദ്യോഗിക പക്ഷം! പരമാവധി 25 കിലോമീറ്റർ ചുറ്റളവിലാണ് 20 മണിക്കുറിനുള്ളിൽ തട്ടിക്കൊണ്ടുപോകലും തിരിച്ചെത്തിക്കലും നടന്നത്.
അബിഗേലിനെ കണ്ടെത്തിയതിനു പിന്നാലെ കസ്റ്റഡിയിലെടുത്ത സ്ത്രീയെ തെളിവില്ലാത്തതിനാൽ വിട്ടയച്ചു.
അബിഗേലിനെ തട്ടിക്കൊണ്ടുപോയ ഹോണ്ട അമേസ് കാർ അന്നു രാത്രി കല്ലുവാതുക്കൽ വഴി സഞ്ചരിച്ച് ചിറക്കര വരെ എത്തിയതിന്റെ നിരീക്ഷണ ക്യാമറ ദൃശ്യങ്ങൾ ലഭിച്ചതായി ചൊവ്വാഴ്ച പൊലീസ് പറഞ്ഞിരുന്നു. ഇന്നലെ തൊട്ടടുത്തുള്ള സ്ഥലങ്ങളിലെയും നിരീക്ഷണ ക്യാമറ ദൃശ്യങ്ങൾ ശേഖരിച്ചെങ്കിലും വിവരങ്ങൾ മറച്ചുവച്ചിരിക്കുകയാണ്. ചിറക്കരയിലെ ഏതെങ്കിലും ഇടറോഡുകൾ വഴി സഞ്ചരിച്ച് പ്രദേശത്തെ ഏതെങ്കിലും വീട്ടിലാകാം അന്നു രാത്രി തങ്ങിയതെന്ന സംശയത്തിൽ പ്രദേശത്തെ വീടുകൾ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.
ഓയൂർ പൂയപ്പള്ളിയിൽനിന്ന് തട്ടിക്കൊണ്ടുപോയ തന്നെ തൊട്ടടുത്ത ദിവസം നീല കാറിലാണ് കൊല്ലത്തേക്ക് കൊണ്ടുവന്നതെന്ന് അബിഗേൽ പറഞ്ഞെങ്കിലും ഈ കാർ തിരിച്ചറിഞ്ഞിട്ടില്ല. അതിന്റെ നിരീക്ഷണ ക്യാമറ ദൃശ്യങ്ങളും ലഭിച്ചിട്ടില്ല. തട്ടിക്കൊണ്ടുപോകൽ സംഘം സഞ്ചരിച്ചുവെന്ന് സംശയിക്കുന്ന കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ വഴികളിലുള്ള എല്ലാ നിരീക്ഷണ ക്യാമറകളും പരിശോധിച്ചുവരികയാണ്. രണ്ട് അഡിഷണൽ എസ്.പിമാർക്കാണ് ഇതിന്റെ ചുമതല. കുട്ടിയുമായി പ്രതികൾ ആദ്യം സഞ്ചരിച്ചിരുന്ന ഹോണ്ട അമേസ് കാറിന് നമ്പർ പ്ലേറ്റ് നിർമ്മിച്ച സ്ഥാപനം വിവരം അറിയിക്കണമെന്ന് അന്വേഷണ സംഘം ആവശ്യപ്പെട്ടു.
പിന്നിൽ മലയാളി ക്രിമിനൽസ്
അബിഗേലിനെ തട്ടിക്കൊണ്ടുപോയത് പ്രൊഫഷണൽ അല്ലാത്ത ക്രിമിനൽ സംഘമാണെന്നാണ് പ്രാഥമിക നിഗമനം. സംഘാംഗങ്ങൾ മലയാളികളാണ്. അബിഗേലിന്റെ അമ്മ സിജിയെ ഫോണിൽ വിളിച്ച് മോചനദ്രവ്യം ആവശ്യപ്പെട്ടത് കൊല്ലം സ്വദേശിനിയാണെന്ന് സംഭാഷണത്തിന്റെ സ്വഭാവത്തിൽ നിന്ന് സ്ഥിരീകരിച്ചു. സംഘം മൊബൈൽ ഫോൺ ഉപയോഗിച്ചിരുന്നില്ലെന്ന് പൊലീസ് വിശ്വസിക്കുന്നില്ല. സ്വന്തം പേരിലുള്ളതല്ലാത്ത മറ്റേതെങ്കിലും നമ്പർ ഉപയോഗിക്കുന്നുണ്ടെന്നാണ് നിഗമനം.
ആരാവാം പ്രതികൾ?
1. അബിഗേലിന്റെ പിതാവിനോട് വിരോധമുള്ളവർ
2. നേരത്തെ സമാന കുറ്റകൃത്യങ്ങൾ ചെയ്തിട്ടുള്ളവർ
3. രേഖാ ചിത്രവുമായി സാമ്യമുള്ളവർ
4. സംഭവസമയത്ത് സ്ഥലത്തെ ടവർ ലൊക്കേഷനിലുള്ളവർ
കൂടുതൽ വിവരങ്ങൾ?
പിതാവ് റെജിയുമായി പൊലീസ് സംസാരിക്കുന്നതിനിടയിലാണ് അബിഗേലിനെ ലഭിച്ചതായി വിവരം ലഭിച്ചത്. ഇതിനുശേഷം റെജിയിൽ നിന്ന് കൂടുതൽ വിവരങ്ങൾ ശേഖരിക്കാൻ കഴിഞ്ഞിട്ടില്ല.
കൊല്ലം വിക്ടോറിയ ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിയുന്ന അബിഗേലുമായും ആശയവിനിമയം നടത്താനായില്ല. മെഡിക്കൽ ബോർഡുമായി സംസാരിച്ച ശേഷം ഇന്ന് വിവരങ്ങൾ ചോദിച്ചറിയാനാണ് ആലോചന. സംശയിക്കുന്നവരുടെ ചിത്രങ്ങൾ കാണിക്കുമ്പോൾ എന്തെങ്കിലും തുമ്പ് ലഭിക്കുമെന്നാണ് പ്രതീക്ഷ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |