പയ്യന്നൂർ: രാമന്തളിയിൽ മത്സ്യതൊഴിലാളികളുടെ ബൈക്കും ഷെഡും വലകളും തീവച്ചുനശിപ്പിച്ചു. കൊവ്വപ്പുറത്തെ സി.പി.എം. പ്രവർത്തകനായ ഒ.കെ.ഗിരീശന്റെ ബൈക്കും മറ്റൊരു മത്സ്യത്തൊഴിലാളി പി.പി.രാഘവന്റെ ഷെഡും ഇവിടെ സൂക്ഷിച്ചിരുന്ന വലകളുമാണ് കത്തി നശിച്ചത്. ചൊവ്വാഴ്ച രാത്രി 8.45 ഓടെയാണ് സംഭവം.
വലകളും മറ്റു തൊഴിലുപകരണങ്ങളും സൂക്ഷിക്കാനായി കൊവ്വപ്പുറത്തെ ഏറൻ പുഴക്കരയിയിൽ രാഘവൻ നിർമ്മിച്ചിരുന്ന ഷെഡിന് സമീപമാണ് ഗിരീശൻ ബൈക്ക് നിർത്തിയിട്ടിരുന്നത്. സമീപത്ത് രാഘവന്റെയും മറ്റൊരു തൊഴിലാളിയായ സുരയുടെയും ബൈക്കുകളും നിർത്തിയിട്ടുണ്ടായിരുന്നു. എന്നാൽ ഗിരീശന്റെ ബൈക്കും ഷെഡുമാണ് കത്തി നശിച്ചത്. ഗിരീശനും രാഘവനും സുരയും മത്സ്യബന്ധനത്തിന് പോയപ്പോഴാണ് തീ പടരുന്നത് കണ്ടത്.ഇവർ ഉടൻ കരയിലെത്തിയെങ്കിലും അപ്പോഴേക്കും ബൈക്കും ഷെഡും പൂർണ്ണമായും കത്തിയിരുന്നു. സുരയുടെ ബൈക്ക് തള്ളിമാറ്റിയതിനാൽ പൂർണ്ണമായും നശിച്ചില്ല.
വിവരമറിഞ്ഞ് എസ്.ഐ എം.വി.ഷിജുവിന്റെ നേത്യത്വത്തിൽ പൊലീസ് സ്ഥലത്തെത്തിയിരുന്നു. സംഭവസ്ഥലത്ത് ഇന്നലെയും പൊലീസ് ക്യാമ്പു ചെയ്യുന്നുണ്ട്. ഷെഡിനകത്ത് മൂന്ന് സെറ്റ് വലകളുണ്ടായിരുന്നുവെന്നും ഇതും സമീപത്തുണ്ടായിരുന്ന മൂന്ന് സെറ്റ് നാടൻ വലകളും കത്തി നശിച്ചതായി രാഘവൻ പറയുന്നു. വലകൾ മാത്രം നശിച്ച വകയിൽ 75,000 രൂപയുടെ നഷ്ടമുണ്ടെന്ന് രാഘവൻ പറഞ്ഞു. രാത്രിയിൽ കഴിക്കാനായി വീട്ടിൽനിന്നും കൊണ്ടുവന്ന ഭക്ഷണവും ഷെഡിൽ സൂക്ഷിച്ചിരുന്നു.മാസങ്ങൾക്ക് മുമ്പ് വടക്കുമ്പാട് മറ്റൊരു മത്സ്യത്തൊഴിലാളിയുടെ ഷെഡും വലകളും സാമൂഹിക വിരുദ്ധർ അഗ്നിക്കിരയാക്കിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |