കൊച്ചി: എറണാകുളം ടൗൺ കേന്ദ്രീകരിച്ച് മയക്ക് മരുന്ന് എത്തിച്ച് നൽകുന്ന സംഘത്തിലെ രണ്ട് പേർ എക്‌സൈസിന്റെ പിടിയിലായി. മട്ടാഞ്ചേരി സ്റ്റാർ ജംഗ്ഷൻ സ്വദേശി പുളിക്കൽപറമ്പിൽ വീട്ടിൽ ഇസ്തിയാഖ് പി.എ (26), ഇടപ്പള്ളി നോർത്ത് കൂനംതൈ സ്വദേശി പൂകൈതയിൽ വീട്ടിൽ ജമാൽ ഹംസ (അഹാന, 26) എന്നിവരാണ് പിടിയിലായത്.
ഇവരുടെ പക്കൽ നിന്ന് വിപണിയിൽ 15 ലക്ഷത്തോളം രൂപ മതിപ്പു വില വരുന്ന 194 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു. ഇവർ മയക്ക് മരുന്ന് വിൽപ്പന നടത്തിയ 9000 രൂപ, മയക്ക് മരുന്ന് തൂക്കി നോക്കുന്ന ഡിജിറ്റൽ ത്രാസ്, ഒരു ഐ ഫോൺ, മൂന്ന് സ്മാർട്ട് ഫോൺ എന്നിവയും എക്‌സൈസ് സംഘം കസ്റ്റഡിയിൽ എടുത്തു.
ഉപയോക്താക്കൾക്കിടയിൽ 'പറവ'എന്നാണ് ഇവർ ഇരുവരും അറിയപ്പെട്ടിരുന്നത്. സോഷ്യൽ മീഡിയ വഴി 'നിശാന്തതയുടെ കാവൽക്കാർ ' എന്ന പ്രത്യേക ഗ്രൂപ്പ് ഉണ്ടാക്കി അർദ്ദരാത്രിയോട് കൂടി മയക്ക് മരുന്ന് എത്തിച്ച് നൽകുകയായിരുന്നു രീതി. അക്രമാസക്തരായ ഇരുവരെയും ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് കീഴ്‌പ്പെടുത്താനായത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |