പാലാ: ഭിന്നശേഷിക്കാർക്കുള്ള സംവരണാനുകൂല്യം കടലാസിലാണെന്ന് പറയുന്നതാണ് 27 വർഷത്തെ കെ.എസ്.ബാബുവിന്റെ സർവീസ് ജീവിതം. ബ്ലോക്ക് ഓഫീസിൽ ക്ലാർക്കായി കയറിയ ബാബു വിരമിക്കുന്നതും ആ പോസ്റ്റിൽ തന്നെ!. നിലവിൽ ളാലം ബ്ലോക്കിലാണ്. 'വെറും ജോലി'' മാത്രമായിരുന്നില്ല ബാബുവിന് ക്ലാർക്ക് പണി. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിനെ കേരളത്തിലെ രണ്ടാമത്തെ ജനസൗഹൃദ ബ്ലോക്കും, കേരളത്തിലെ ഒന്നാമത്തെ ബാലസൗഹൃദ ബ്ലോക്കാക്കി മാറ്റിയതിനും പിന്നിലും ബാബുവായിരുന്നു. കാഞ്ഞിരപ്പള്ളി - ളാലം ബ്ലോക്കുകൾക്ക് ഐ.എസ്.ഒ ബഹുമതി കിട്ടുന്നതിനും പിന്നിൽ പ്രവർത്തിച്ചു. 1997 ജനുവരി 13നാണ് ക്ലാർക്കായി സർവീസിൽ കയറിയത്.
ഒരുവയസുള്ളപ്പോൾ ബാധിച്ച പോളിയോ ബാബുവിന്റെ വലതുകൈയും ഇടതുകാലും തളർത്തി. കൂലിപ്പണിക്കാരായിരുന്ന അച്ഛൻ ശ്രീധരനും അമ്മ ചെല്ലമ്മയും ചികിത്സിച്ചാണ് ബാബുവിനെ ഒരുവിധം നടക്കാറാക്കിയത്. ഇതിനിടെ ഇളയ സഹോദരി അനിത പോളിയോ ബാധിച്ച് മരിച്ചു. ഉഷയാണ് ചേച്ചി. ബി.എ ഇക്കണോമിക്‌സ് പാസായ ശേഷമാണ് ബാബു ഭിന്നശേഷി സംവരണപ്രകാരം സർക്കാർ ജോലിയിൽ പ്രവേശിച്ചത്.
ഭിന്നശേഷിക്കാർക്ക് പ്രമോഷനും മറ്റും നാല് ശതമാനം സംവരണമേർപ്പെടുത്തിയെങ്കിലും ബാബുവിനെ തുണച്ചില്ല. ഇതിനെതിരെ കോടതിയിൽ പോയി അനുകൂല ഉത്തരവ് സമ്പാദിച്ചെങ്കിലും നടപ്പായില്ല. ഡെപ്യൂട്ടി കളക്ടറോ, ആർ.ഡി.ഒയോ, എ.ഡി.സിയോ ആകേണ്ട ഒരാൾ അങ്ങനെ 2024 ഏപ്രിൽ 30 ന് ഹെഡ് ക്ലാർക്കായി വിരമിക്കും.
മക്കൾക്കൊപ്പം പഠനം തുടരുന്നു
അടുത്ത കാലത്ത് എം.എ ഹിസ്റ്ററിയും, സോഷ്യോളജിയും മക്കൾ ദേവലക്ഷ്‌മിക്കും രാധികയ്‌ക്കുമൊപ്പമാണ് ബാബു ഒന്നാം ക്ലാസോടെ പാസായത്. ഇഗ്‌നോ യൂണിവേഴ്‌സിറ്റിയിൽ മക്കൾക്കൊപ്പം എം.എ പൊളിറ്റിക്‌സ് പഠനത്തിലാണിപ്പോൾ. ഭാര്യ ഷീബ കാഞ്ഞിരപ്പള്ളി ബ്ലോക്കിൽ പ്രേരകാണ്. ഇളയമകൻ സൂര്യപ്രതാപ് കാഞ്ഞിരപ്പള്ളിയിൽ പ്ലസ്ടു വിദ്യാർത്ഥിയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |