SignIn
Kerala Kaumudi Online
Monday, 05 October 2026 11.40 AM IST

തിമിംഗല ശർദ്ദി വിൽക്കാൻ ശ്രമിച്ച മൂന്ന് പേർ പിടിയിൽ

arrest-

ഗുരുവായൂർ: ശബരിമല തീർത്ഥാടകരെന്ന വ്യാജേന തിമിംഗല ശർദ്ദി വിൽക്കാൻ ശ്രമിച്ച മൂന്നുപേരെ ഗുരുവായൂർ ടെമ്പിൾ പൊലീസ് പിടികൂടി. അഞ്ച് കിലോയോളം ശർദ്ദി ഇവരിൽ നിന്ന് കണ്ടെടുത്തു.

കൊയിലാണ്ടി മരക്കാട്ടുപൊയിൽ ബാജിൻ (31), കൊയിലാണ്ടി വട്ടക്കണ്ടി രാഹുൽ (26), കോഴിക്കോട് അരിക്കുളം രാമപാട് കണ്ടി അരുൺദാസ് (30) എന്നിവരെയാണ് സിറ്റി പൊലീസ് കമ്മിഷണറുടെ നേതൃത്വത്തിലുള്ള നിഴൽ പൊലീസും ഗുരുവായൂർ ടെമ്പിൾ പൊലീസും ചേർന്ന് പിടികൂടിയത്. കിഴക്കെനടയിൽ ടൗൺ ഹാളിന് സമീപം പാർക്ക് ചെയ്തിരുന്ന കാറിൽ നിന്നാണ് തിമിംഗല ശർദ്ദി പിടികൂടിയത്. വാങ്ങാനെത്തുന്നവരെ വിശ്വസിപ്പിക്കാനായി ശബരിമല ദർശനത്തിന് പോകുന്നവരുടെ വേഷത്തിലായിരുന്നു പ്രതികൾ. തിമിംഗല ശർദ്ദി വാങ്ങാനുള്ള ഏജന്റുമാർ എന്ന വ്യാജേനയെത്തിയാണ് പൊലീസ് പ്രതികളെ കുടുക്കിയത്. ഇവർ സഞ്ചരിച്ച ആഢംബര കാറും പിടിച്ചെടുത്തു. ടെമ്പിൾ പൊലീസ് രജിസ്റ്റർ ചെയ്ത കേസ് തുടരന്വേഷണത്തിനായി വനം വകുപ്പിന് കൈമാറും. 1972 ലെ വന്യജീവി (സുരക്ഷ) നിയമ പ്രകാരം ഇന്ത്യയിൽ തിമിംഗലശർദ്ദി കൈവശം വയ്ക്കുന്നതും വിൽക്കുന്നതും നിരോധിച്ചിട്ടുണ്ട്. എ.സി.പി കെ.ജി.സുരേഷ്, ടെമ്പിൾ സ്റ്റേഷൻ ഇൻസ്‌പെക്ടർ സി.പ്രേമാനന്ദകൃഷ്ണൻ, എസ്.ഐ വി.പി.അഷ്‌റഫ്, എ.എസ്.ഐ വി.വി.ശശികുമാർ, സീനിയർ സി.പി.ഒ. എൻ.രജിത്, നിഴൽ പൊലീസ് എസ്.ഐ എൻ.ജി.സുവ്രതകുമാർ, പി.എം.റാഫി, എം.എസ്.ലിഗേഷ്, എസ്.ശരത്, സിംസൺ, പ്രദീപ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE DIARY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY