ശബരിമല : അയ്യപ്പാനുഗ്രഹത്തിനായി മലകയറുന്ന തീർത്ഥാടകർക്ക് പാപമോക്ഷത്തിനായുള്ള പുണ്യതീർത്ഥമാണ് പാണ്ടിത്താവളത്തിനടുത്തെ ഉരക്കുഴി വെള്ളച്ചാട്ടം. അയ്യപ്പദർശനശേഷം ഇവിടെ മുങ്ങിക്കുളിച്ചാണ് മിക്കവരും മലയിറങ്ങുന്നത്. പരമ്പരാഗത കാനനപാതവഴി സന്നിധാനത്ത് എത്തുന്നവർ ഇവിടെ മുങ്ങിക്കുളിച്ച ശേഷം ദർശനം നടത്തുന്നു.
മഹിഷീ നിഗ്രഹത്തിനുശേഷം അയ്യപ്പൻ ഈ കാനനതീർത്ഥത്തിൽ മുങ്ങിയശേഷം സന്നിധിയിൽ എത്തിയെന്നാണു വിശ്വാസം. ഇതിന്റെ ചുവടു പിടിച്ചാണ് അയ്യപ്പഭക്തർ ഉരക്കുഴി വെള്ളച്ചാട്ടത്തിൽ മുങ്ങിക്കുളിക്കുന്നത്.
പമ്പാനദിയുടെ കൈവഴിയിലെ കുമ്പളം തോട്ടിൽ നിന്ന് പാറക്കെട്ടുകൾക്കിടയിലൂടെ താഴേക്കു പതിക്കുന്ന വെള്ളച്ചാട്ടത്തിനു കീഴെയാണ് ഉരക്കുഴി തീർത്ഥം. വെള്ളം പതിച്ച പാറ ഉരൽ പോലെ കുഴിയായെന്നും ഉരൽക്കുഴി ലോപിച്ച് ഉരക്കുഴി ആയെന്നുമാണ് വിശ്വാസം. ഒരുസമയം ഒരാൾക്ക് മാത്രമേ ഇവിടെ മുങ്ങിനിവരാൻ കഴിയൂ. ഉരൽക്കുഴിയിലെ കുളി പാപനാശിനിയാണെന്നു ഭക്തര്‍ കരുതുന്നു. അയ്യപ്പദർശനത്തിന് മുമ്പും ശേഷവും ഇവിടെയത്തി മുങ്ങിക്കുളിച്ചാൽ പാപമോക്ഷം നേടുമെന്നാണ് വിശ്വാസം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |