#ആറ് ലീഗ് വിമതരുടെയും പിന്തുണ# വൈസ് ചെയർമാനും ലീഗ് വിമതൻ
കോട്ടയ്ക്കൽ: നഗരസഭയിൽ സി.പി.എം അംഗങ്ങളുടെ പിന്തുണയോടെ ലീഗ് വിമത അദ്ധ്യക്ഷയായി തിരഞ്ഞെടുക്കപ്പെട്ടു. ഇന്നലെ രാവിലെ നടന്ന തിരഞ്ഞെടുപ്പിൽ ലീഗിന്റെ ഔദ്യോഗിക സ്ഥാനാർത്ഥിക്ക് 13 വോട്ട് ലഭിച്ചപ്പോൾ, എൽ.ഡി.എഫിന്റെ ഒമ്പതംഗങ്ങളുടെയും ആറ് ലീഗ് വിമതരുടെയും അടക്കം 15 വോട്ട് നേടിയാണ് ലീഗ് വിമത മുഹ്സിന പൂവൻമഠത്തിൽ നഗരസഭാദ്ധ്യക്ഷയായത്. ആക്ടിംഗ് ചെയർപേഴ്സൺ ഡോ.കെ.ഹനീഷയെയാണ് പരാജയപ്പെടുത്തിയത്. ഉച്ചയ്ക്ക് ശേഷം നടന്ന വൈസ് ചെയർമാൻ തിരഞ്ഞെടുപ്പിൽ ലീഗ് വിമതനും മുൻ വൈസ് ചെയർമാനുമായ പി.പി. ഉമ്മർ ലീഗ് ഔദ്യോഗിക സ്ഥാനാർത്ഥി ചെരട മുഹമ്മദലിയെ പരാജയപ്പെടുത്തി(15-13).
കോട്ടയ്ക്കലിൽ ലീഗിലെ രൂക്ഷമായ വിഭാഗീയത നഗരസഭാദ്ധ്യക്ഷയായിരുന്ന ബുഷ്‌റ ഷബീറിന്റെയും ഉപാദ്ധ്യക്ഷൻ പി.പി. ഉമ്മറിന്റെയും രാജിയിൽ കലാശിച്ചിരുന്നു. ലീഗ് നേതൃത്വം ആവശ്യപ്പെട്ടതിനെ തുടർന്നാണ് കഴിഞ്ഞ മാസം ഇവർ രാജിവച്ചത്. ബുഷ്റ കൗൺസിലർ സ്ഥാനവും രാജിവച്ചു. ഈ ഒഴിവുകളിലേക്കാണ് ഇന്നലെ തിരഞ്ഞെടുപ്പ് നടന്നത്.
28 അംഗങ്ങളാണ് വോട്ടെടുപ്പിൽ പങ്കെടുത്തത്. ബി.ജെപിയുടെ രണ്ടുപേർ വിട്ടുനിന്നു. രാജിയും അയോഗ്യതയും കാരണം രണ്ട് സീറ്റുകൾ ഒഴിഞ്ഞു കിടക്കുകയാണ്. രാവിലെ സി.പി.എം നേതാക്കളെ നഗരസഭാ കോമ്പൗണ്ടിലേക്ക് കടത്തിവിട്ടില്ലെന്നാരോപിച്ച് സി.പി.എം, ഡി.വൈ.എഫ്.ഐ പ്രവർത്തകരും മുസ്ലിം ലീഗ് പ്രവർത്തകരും തമ്മിൽ വാക്കുതർക്കവും ഉന്തും തള്ളും നടന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |