സംസ്ഥാന മന്ത്രിസഭാംഗങ്ങളുടെ നവകേരള സദസ്സ് പൊടിപൊടിക്കുകയാണല്ലോ. നല്ല കാര്യം. രാവിലെ മുതൽ തന്നെ പരാതികളും നിവേദനങ്ങളും ഉദ്യോഗസ്ഥർ വാങ്ങി രസീത് നൽകുന്നുമുണ്ട്. ഇതിനു കുറച്ചു മുൻപു നടന്ന "കരുതലും കൈത്താങ്ങും" എന്ന സർക്കാർ പരിപാടിയിലും ജനം പരാതികൾ നൽകിയിരുന്നതാണ്. അതിൽ ചില മന്ത്രിമാരും പരാതി കേൾക്കാനുണ്ടായിരുന്നു. അവിടെയും പൊതുജനത്തിന്റെ വേവലാതികൾക്കും ആവലാതികൾക്കും പരിഹാരം പേരിനു മാത്രമേ ഉണ്ടായുള്ളൂ. അല്ലെങ്കിൽ ഇത്രയും ജനം വീണ്ടും പരാതികളും അപേക്ഷകളുമായി എത്തില്ലായിരുന്നു.
ഈ സദസ്സ് ജനങ്ങളെ കേൾക്കാനുള്ള പരിപാടിയാണെങ്കിൽ മന്ത്രിമാരെങ്കിലും കാഴ്ചവസ്തു പോലെ വേദിയിൽ ഇരിക്കാതെ ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുകയും, കുറെയെങ്കിലും അവരെ കേൾക്കുകയും, പരാതികൾക്ക് പരിഹാരം കാണുകയും വേണം. വകുപ്പിൽ വേണ്ടത്ര കാശില്ലാത്തതാണ് പരാതിക്കാരിൽ നിന്ന് മന്ത്രിമാരെ അകറ്റി നിർത്തുന്നതെങ്കിൽ ഇത്തരം മാമാങ്കംകൊണ്ട് ജനത്തെ ഒന്നുകൂടി വലയ്ക്കാമെന്നല്ലാതെ മറ്റൊരു ഗുണവും ഉണ്ടാകില്ല. അപ്പോൾ നിങ്ങൾ വേദിയിൽത്തന്നെ ഇരിക്കുന്നതാണ് നല്ലത്- "കാശുള്ളോൻ കുഞ്ഞാലിക്ക, ഇല്ലാത്തോൻ വായും പൊളിച്ചിരിക്ക" എന്ന പാട്ടുപോലെ!
ആർ. സുന്ദരേശ്വര മേനോൻ,
കൊടുങ്ങല്ലൂർ, തൃശൂർ
വിജയത്തിന്റ
ഗുട്ടൻസ്
നാലക്ഷരം കൂട്ടിവായിക്കാനറിയാത്ത കുട്ടികൾ പോലും പത്താം ക്ലാസ് പരീക്ഷയിൽ എ പ്ലസ് പട്ടികയിൽ കൂട്ടത്തോടെ ഇടംപിടിച്ചുവരുന്ന അശാസ്ത്രീയമായ സ്ഥിതിവിശേഷം നിലവിലുണ്ടെന്ന് തുറന്നു പറഞ്ഞ് പൊതുവിദ്യാഭ്യാസ ഡയറക്ടർ തുറന്നു പറഞ്ഞത് സർക്കാരിന് ഇരുട്ടടിയായിയിട്ടുണ്ട്. ഡയറക്ടറെ അവിശ്വസിക്കേണ്ട കാര്യമില്ല, കുട്ടികളും രക്ഷകർത്താക്കളും വളരെയധികം ആശങ്കയോടെയാണ് ഈ അഭിപ്രായത്തെ നോക്കിക്കാണുന്നത്. ഇത്തരം വിദ്യാഭ്യാസ നിലവാരം, കേരളത്തെ പിറകോട്ടടിക്കും. നമ്മുടെ കുട്ടികൾ ഉന്നത നിലവാരമുള്ള പരീക്ഷകളിൽ നിന്ന് പിന്തള്ളപ്പെട്ടുപോകാനിടയുണ്ടെന്ന സൂചനയും ഡയറക്ടറുടെ പ്രസ്താവനയിൽ നിന്ന് വായിച്ചെടുക്കാം. ഡയറക്ടർ വെളിപ്പെടുത്തിയ വിവരത്തിന്റെ ആന്തരാർത്ഥം ഉൾക്കൊണ്ട് പരീക്ഷാവിഷയത്തിൽ പുനരാലോചന നടത്താനാണ് അധികൃതർ ശ്രദ്ധിക്കേണ്ടത്.
നെയ്യാറ്റിൻകര മുരളി
വടകോട്
ഗുണ്ടായിസത്തിന്
ലൈസൻസോ?
കേരളത്തിൽ കുറേക്കാലമായി ഗുണ്ടാസംഘങ്ങളെ നിയന്ത്രിക്കാൻ ആളില്ലാത്ത അവസ്ഥയാണുള്ളത്. കഴിഞ്ഞ രണ്ടാഴ്ചക്കുള്ളിൽ തലസ്ഥാന നഗരത്തിൽ ഗുണ്ടാ ആക്രമണങ്ങൾ വർദ്ധിച്ചു. രണ്ട് അരുംകൊലകൾ നടന്നു. സി.പി.എം ബ്രാഞ്ച് സെക്രട്ടറിയുടെ നേതൃത്വത്തിൽ മാറനല്ലൂർ പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിൽ നടന്നത് ഗുണ്ടകളുടെ വിളയാട്ടമായിരുന്നു. പതിനഞ്ചിലേറെ വാഹനങ്ങളാണ് ഇവർ അടിച്ചുതകർത്തത്. ഭരിക്കുന്ന പാർട്ടിയുടെ പേരിൽ എന്തും കാണിക്കാമെന്ന ചിന്തയാണ് ഇത്തരം അക്രമങ്ങൾക്ക് പ്രേരകമാകുന്നത്. കേരളത്തിൽ ഇപ്പോൾ സാധാ ഗുണ്ടകളെക്കാൾ കൂടുതൽ പാർട്ടി ലേബലിലെ ഗുണ്ടകളാണ്. ഇതിന് അറുതി വരുത്താൻ സർക്കാരും പാർട്ടിയും തന്നെ മുന്നിട്ടിറങ്ങണം. രാഷ്ടീയ പ്രവർത്തനം ഗുണ്ടായിസമല്ലെന്ന് നേതാക്കളും പ്രവർത്തകരും ഇനിയെങ്കിലും തിരിച്ചറിയണം.
ജി. അർച്ചന
പാറ്റൂർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |