വൈത്തിരി: കോഴിക്കോട് കൊല്ലഗൽ ദേശീയപാത 766ലെ താമരശ്ശേരി ചുരത്തിൽ കടുവയിറങ്ങി. വ്യാഴാഴ്ച പുലർച്ചെ 1.30 ഓടെ ഒമ്പതാം വളവിന് സമീപം യാത്രക്കാരാണ് കടുവയെ കണ്ടത്. റോഡിന് കുറുകെ നടന്നു നീങ്ങിയ കടുവ കാട്ടിലേക്ക് കയറിപ്പോയി. യാത്രക്കാർ വിവരമറിയിച്ചതിനെത്തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിലും കടുവയെ കണ്ടു.
തുടർന്ന് കോഴിക്കോട്, വയനാട് വനം ഡിവിഷനുകൾ സംയുക്തമായി ചുരം വനമേഖലയിൽ സംയുക്ത പരിശോധന നടത്തി. റോഡരികിലെ വനമേഖലയിൽ കടുവയില്ലെന്ന് ഉറപ്പുവരുത്തിയതായി സൗത്ത് വയനാട് ഡി.എഫ്.ഒ ഷജ്ന കരീം പറഞ്ഞു. ചുരത്തിൽ കടുവ തങ്ങാനുള്ള സാദ്ധ്യത കുറവാണ്. ചുരത്തിന്റെ പ്രത്യേകത കണക്കിലെടുത്ത് വരുംദിവസങ്ങളിലും പരിശോധന നടത്തുമെന്നും ഡി.എഫ്.ഒ പറഞ്ഞു.
ദിവസങ്ങൾക്ക് മുൻപ് വൈത്തിരി തളിമലയിൽ കടുവയെ കണ്ടിരുന്നു. അതേ കടുവയാകാം ചുരത്തിലും എത്തിയതെന്നാണ് നിഗമനം. ചെമ്പ്ര വനമേഖലയിൽ നിന്നാണ് ഇവിടേക്ക് കടുവ എത്തുന്നതെന്നാണ് സംശയം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |