ഭൂമിയിൽ കണ്ട ഏറ്റവും അത്ഭുതകരമായ ക്ഷേത്രത്തെ കുറിച്ചുള്ള മുൻ ഡിജിപി അലക്‌സാണ്ടർ ജേക്കബിന്റെ വാക്കുകൾ വീണ്ടും ശ്രദ്ധേയമാവുകയാണ്. തമിഴ്നാട്ടിലെ തഞ്ചാവൂരിലുള്ള ബൃഹദീശ്വര ക്ഷേത്രമാണ് തന്നെ വിസ്‌മയിപ്പിച്ചതെന്ന് അലക്‌സാണ്ടർ ജേക്കബ് പറയുന്നു. 262 അടി പൊക്കമുള്ള ക്ഷേത്രഗോപുരത്തിന് മുകളിലെ 60 ടൺ ഭാരമുള്ള കൃഷ്‌ണശില, ആയിരം വർഷങ്ങൾക്ക് മുമ്പ് എങ്ങനെ എത്തിച്ചുവെന്നതിന്റെ രഹസ്യവും അദ്ദേഹം പങ്കുവയ‌്ക്കുന്നുണ്ട്.
അലക്‌സാണ്ടർ ജേക്കബിന്റെ വാക്കുകൾ-
'ഞാൻ ഭൂമിയിൽ കണ്ടിട്ടുള്ള ഏറ്റവും അത്ഭുതകരമായ ക്ഷേത്രമാണ് ബൃഹദീശ്വര ക്ഷേത്രം. വണ്ടർ ഒഫ് വണ്ടേഴ്‌സ്. ആയിരം ശിവലിംഗങ്ങൾ, ആയിരം നാഗപ്രതിഷ്‌ഠകൾ. 262 അടി പൊക്കമുള്ള ക്ഷേത്രഗോപുരത്തിന് മുകളിൽ 60 ടൺ ഭാരമുള്ള ഒരു കൃഷ്‌ണശിലയുണ്ട്. ഇന്ത്യാക്കാർ എത്രയോപേർ ആ ക്ഷേത്രം കണ്ടിട്ടുണ്ട്; പക്ഷേ നമുക്കാർക്കെങ്കിലും സംശയം തോന്നിയോ എങ്ങനെയാണ് ഈ 60 ടൺ ഗോപുരത്തിന് മുകളിൽ എത്തിച്ചതെന്ന്. കാലിഫോർണിയയിൽ നിന്ന് ഒമ്പത് ശാസ്‌ത്രജ്ഞന്മാർ തഞ്ചാവൂരിൽ വന്ന്, ഒമ്പത് വർഷം അവിടെ താമസിച്ച് റിസർച്ച് ചെയ‌്തു. അവസാനം അവർ കാരണം കണ്ടെത്തി.
ആറുകിലോമീറ്റർ മണ്ണിട്ട് ഒരു സ്ളോപ്പുണ്ടാക്കി. അതിലൂടെ ആനകളെ കൊണ്ട് കല്ലുരുട്ടി മുകളിൽ കയറ്റി, എന്നിട്ടവർ ആ മണ്ണ് മാറ്റി. പക്ഷേ അവസാനത്തെ നൂറ് മീറ്ററിലുള്ള മണ്ണ് മാറ്റിയിരുന്നില്ല. അങ്ങനെയാണ് 1000 വർഷത്തിന് ശേഷം ശാസ്‌ത്രജ്ഞർക്ക് സാങ്കേതികവിദ്യ മനസിലാക്കാൻ സാധിച്ചത്. 60 ടൺ കൃഷ്‌ണശിലയുടെ ഭാരം 16 ബീമുകളിലൂടെ ഭൂമിക്കടിയിലേക്ക് കടത്തിവിടുകയായിരുന്നു. വേൾഡ് ട്രേഡ് സെന്റർ പണിയാൻ അമേരിക്കക്കാർ ഉപയോഗിച്ച ടെക്‌നിക്ക് തന്നെയാണ് ആയിരം വർഷങ്ങൾക്ക് മുമ്പ് ബൃഹദീശ്വര ക്ഷേത്രം നിർമ്മിക്കാൻ ചോളരാജാവ് സ്വീകരിച്ചത് എന്നതാണ് അത്ഭുതം. പന്ത്രണ്ടായിരം പ്രതിമകളാണ് ക്ഷേത്രഗോപുരത്തിലുള്ളത്. രാമായണം, മഹാഭാരതം, ഭഗവദ്ഗീത എന്നിവയുടെ പൂർണരൂപം ക്ഷേത്രത്തിന്റെ നാലുഭാഗത്തുമായി പ്രതിമയിൽ കൊത്തിവച്ചിട്ടുണ്ട്'.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |