വൈജ്ഞാനിക ദാരിദ്ര്യം രൂക്ഷമായ ഉത്തേരേന്ത്യയിൽ 'കൈപ്പത്തിയിൽ" കുത്തിയാലും താമരപ്പെട്ടിയിൽ വോട്ട് വീഴുന്ന ഇലക്ട്രോണിക് ഇന്ദ്രജാലത്തിലൂടെ സംഘികൾ പിടിമുറുക്കിയതു കണ്ട് നടുങ്ങിയിരിക്കുകയാണ് ദക്ഷിണേന്ത്യക്കാർ. ഇസ്രയേൽ ചാരസംഘടനയായ മൊസാദിന്റെ സഹായത്തോടെ നിർമ്മിച്ച വോട്ട്‌പെട്ടികൾ ഉത്തരേന്ത്യയിലും കലർപ്പില്ലാത്ത കിടിലൻ മെഷീനുകൾ ദക്ഷിണേന്ത്യയിലും ഉപയോഗിച്ചാണ് സംഘികളുടെ അണ്ടർഗ്രൗണ്ട് കളികൾ. നല്ല മെഷീനുകൾ ഉപയോഗിച്ച തെലങ്കാനയിലും കർണാടകത്തിലും കോൺഗ്രസ് പാട്ടുംപാടിയാണ് ജയിച്ചത്. 'ഇന്ത്യ" മുന്നണിയിലെ ഒരു കക്ഷി മാത്രമായ കോൺഗ്രസ് വിചാരിച്ചാൽ ഇത്രയും നടക്കുമെങ്കിൽ എല്ലാവരും ഒത്തുപിടിച്ചാൽ ഇന്ത്യയിങ്ങ് പോരും.
ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കൂടുതൽ വോട്ടുപെട്ടികൾ ഇസ്രയേലിൽ നിന്ന് ഇറക്കുമതി ചെയ്യുമെന്ന് ചില 'ഇന്ത്യൻ" നേതാക്കൾക്ക് രഹസ്യവിവരം കിട്ടിയിട്ടുണ്ട്. ഏതെങ്കിലും ചിഹ്നത്തിൽ ഒന്നു ഞെക്കിയാൽ താമരയ്ക്ക് രണ്ട് വോട്ട് വീഴുമത്രേ. 'സ്റ്റെഡി" ക്ലാസുകളിലൂടെ വോട്ടർമാരെ ബോധവത്കരിച്ച് ഇതിനെതിരെ ആഞ്ഞടിക്കാൻ ആലോചനകൾ തുടങ്ങി. വലിപ്പത്തിലും ആളെണ്ണത്തിലും ഉത്തരേന്ത്യ വളരെ മുന്നിലാണെങ്കിലും ബുദ്ധിമാന്മാരുടെ എണ്ണത്തിൽ വളരെ പിന്നിലാണ്. പ്രധാനമന്ത്രി ആരായാലും ബുദ്ധിയുപദേശിക്കാൻ ദക്ഷിണേന്ത്യക്കാർ മന്ത്രിസഭയിലും കേന്ദ്രസർവീസിലും പാർട്ടി തലപ്പത്തുമൊക്കെ ഉണ്ടാവണം. രാജ്യത്ത് ഇത്തിരിയെങ്കിലും ജനാധിപത്യം നിലനില്ക്കുന്നതും ഇതുകൊണ്ടുമാത്രമാണ്. അതുകൊണ്ട്, താത്വികമായി വിശകലനം ചെയ്താൽ, കള്ളൻ പെട്ടികൊണ്ടുപോയാലും താക്കോൽ നമ്മുടെ കൈയിലായതുകൊണ്ട് ഒന്നും സംഭവിക്കാനില്ല.
പിണങ്ങരുത്, പ്ലീസ്...
നിസാര കാര്യങ്ങൾക്ക് പിണങ്ങിയിരിക്കാതെ 'കൊടുകൈ" എന്നു പറയാൻ ഇനിയും വൈകരുതെന്നാണ് കോൺഗ്രസുകാർക്ക് ഓർമ്മിപ്പിക്കാനുള്ളത്. 'ഇനി പ്രധാനമന്ത്രിയാകണോ, ആയിക്കോ" എന്ന് കോൺഗ്രസ് പാർട്ടി പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ ചോദിച്ചപ്പോൾ, ജെ.ഡി.യുവിലെ നിതീഷ്ജിയും സമാജ് വാദി പാർട്ടിയിലെ അഖിലേഷ്ജിയും കരഞ്ഞുപോയെന്നാണ് വിവരം. ആനന്ദക്കണ്ണീർ പൊഴിഞ്ഞതോടെ പിണക്കങ്ങൾ മാറി മനസ് തെളിഞ്ഞു. ഇനി ഐക്യത്തിന്റെ നാളുകൾ. ഇത്തിരി പിണക്കം ബാക്കിയുണ്ടെങ്കിൽ, നല്ല ഭക്ഷണമുണ്ടാക്കിക്കൊടുത്താൽ അതങ്ങ് മാറും. ഭക്ഷണത്തിനു മുന്നിൽ ഐക്യപ്പെടാത്ത മനസുകളില്ല. കുടുംബജീവിതത്തിന്റെ ഭദ്രത നിലനിറുത്താൻ ഇതാവശ്യമാണെന്നു തിരിച്ചറിഞ്ഞതുകൊണ്ടാണ് പല ഭർത്താക്കന്മാരും മികച്ച പാചകക്കാരായി മാറിയത്. ഈ വിദ്യക്ക് രാഷ്ട്രീയത്തിലും സാദ്ധ്യതയുണ്ട്. ലാലുജിയടക്കം പ്രതിപക്ഷനിരയിലെ പല നേതാക്കളും പാചകവിദഗ്ദ്ധരാണ്. ഭാര്യ റാബ്രിദേവിയെ കുറേക്കാലം മുഖ്യമന്ത്രിയാക്കിയാപ്പോൾ ലാലുജിക്കായിരുന്നു അടുക്കളയുടെ ചുമതലയെന്നാണ് പാർട്ടിക്കാർ പറയുന്നത്. പെണ്ണുകെട്ടിയിട്ടില്ലെങ്കിലും രാഹുൽഗാന്ധി നല്ല പാചകക്കാരനാണ്. ദോശ മുതൽ ഇറ്റാലിയൻ വിഭവങ്ങൾ വരെ 'ശടുശടോന്ന്' തയ്യാറാക്കും!. ഇന്ത്യ എന്ന ബഹുത് ബഡാ കൂട്ടുകുടുംബത്തിൽ വിഭവസമൃദ്ധമായ അത്താഴവിരുന്നൊരുക്കിയത് കാരണവരായ ഖാർഗെജിയുടെ കാഞ്ഞബുദ്ധിയാണ്. തൃണമൂൽ കോൺഗ്രസും ശിവസേനയുമൊഴികെ സകല കക്ഷികളുടെയും നേതാക്കൾ 'ഊണുസമ്മേളന"ത്തിൽ പങ്കെടുത്തു. ബംഗാളി മീൻകറിയില്ലെന്ന് കലവറയിൽ നിന്നു രഹസ്യവിവരം കിട്ടിയതിനെ തുടർന്നാണത്രേ മമതാജി വരാതിരുന്നത്. ഊണുകഴിക്കാൻ മാത്രമായൊരു യാത്ര വേണ്ടെന്നു കരുതിയാണ് ശിവസേന നേതാവ് ഉദ്ധവ് താക്കറേ വിട്ടുനിന്നത്. എന്തായാലും കാര്യങ്ങൾ കലങ്ങിത്തെളിയുകയാണ്. വരുംദിവസങ്ങളിലും 'ഇന്ത്യ' യോഗം നടക്കും. അന്നും വിരുന്ന് പ്രതീക്ഷിക്കാം.
കാവിലെ പാട്ടുത്സവത്തിനും തോറ്റ അരശുംമൂട്ടിൽ അപ്പുക്കുട്ടനായപ്പോഴല്ലേ രാഹുൽജിക്ക് 'ഇന്ത്യ' മുന്നണിയെ ഓർമ്മവന്നതെന്ന് ഊണുസമ്മേളനത്തിൽ പലരും ചോദിച്ചെന്നാണ് വിവരം. തിരഞ്ഞെടുപ്പിൽ കൂടുതൽ സംസ്ഥാനങ്ങളിൽ ജയിച്ചിരുന്നെങ്കിൽ ഈ സ്‌നേഹം കാണുമായിരുന്നോ എന്നും ചോദ്യമുയർന്നു. 'എല്ലാവരുംകൂടി മോനെ പ്രധാനമന്ത്രിയാക്കിയില്ലെങ്കിൽ ഞാൻ പിണങ്ങും കേട്ടോ" എന്ന് സോണിയാമ്മ ആരോടോ എപ്പോഴോ പറഞ്ഞെന്നും ചില ഏഷണിക്കാർ ഈ വിവരം അപ്പുറത്തെത്തിച്ചതാണ് സകലരും പിണങ്ങാൻ കാരണമെന്നുമൊക്കെ ചില കഥകൾ ഇന്ദ്രപ്രസ്ഥത്തിൽ പ്രചരിക്കുന്നുണ്ട്. ഇതൊന്നും കോൺഗ്രസുകാർ കാര്യമാക്കുന്നില്ല. അനാവശ്യ സംശയങ്ങൾക്ക് മറുപടി നല്‌കേണ്ടതില്ല. നിയമസഭാ തിരഞ്ഞെടുപ്പായതിനാൽ മൂന്നുമാസം മുന്നണിയെ മരവിപ്പിച്ച് നിറുത്തുകമാത്രമാണ് കോൺഗ്രസ് ചെയ്തത്. ഒരു പ്രധാനകാര്യത്തിൽ ശ്രദ്ധകേന്ദ്രീകരിക്കുമ്പോൾ അത്ര പ്രധാനമല്ലാത്ത ചില കാര്യങ്ങൾ ഫ്രീസറിൽ വയ്ക്കാറുണ്ട്. പൊളിറ്റിക്കൽ സയൻസിൽ ഇക്കാര്യം വിശദമായി പ്രതിപാദിക്കുന്നുണ്ടെങ്കിലും 'ഇന്ത്യ" മുന്നണിയിലെ പലരും അതു വായിച്ചിട്ടില്ല.
തോൽവി ഒരു
പരാജയമല്ല!
എന്തുകൊണ്ട് തോല്ക്കുന്നു എന്ന ചോദ്യത്തിന് വൈകിയാണെങ്കിലും ഉത്തരം കണ്ടെത്തിയ കോൺഗ്രസ് തിരിച്ചുവരവിന്റെ പാതയിലാണെന്നാണ് പാർട്ടി താത്വികന്മാരുടെ കണ്ടെത്തൽ. ഒരു കസേരകിട്ടിയാൽ ആയുഷ്‌ക്കാലം അതിൽ അള്ളിപ്പിടിച്ചിരിക്കുന്നവരെ ഒഴിവാക്കിയാൽ തീരുന്ന പ്രശ്‌നമേയുള്ളൂ. തെലങ്കാനയിൽ ഓൾഡ് മോഡൽ നേതാക്കന്മാരെ ഒഴിവാക്കി എ. രേവന്ത് റെഡ്ഡിയെ നിറുത്തി ജയിപ്പിച്ച് മുഖ്യമന്ത്രിയാക്കി. ഈ ആഘാതം താങ്ങാനാവാതെ മുൻമുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവു വീട്ടിലെ കുളിമുറിയിൽ തെന്നിവീണ് ഇടുപ്പെല്ല് ഒടിഞ്ഞ് ആശുപത്രിയിലും അദ്ദേഹത്തിന്റെ ബി.ആർ.എസ് പാർട്ടി നടുവൊടിഞ്ഞ് കട്ടപ്പുറത്തുമായി. ഡി.കെ. ശിവകുമാറിനെ കളത്തിലിറക്കി കർണാടക പിടിച്ചതോടെ അവിടെയും മൊത്തം മാറ്റമാണ്. ഇത് മറ്റ് സംസ്ഥാനങ്ങളിലും നടപ്പാക്കാനുള്ള ആലോചനയിലാണ് ഹൈക്കമാൻഡ് എങ്കിലും ഉത്തരേന്ത്യയിലെ താപ്പാനകൾ നിസാരന്മാരല്ല. രാജസ്ഥാനിൽ സച്ചിൻ പൈലറ്റിന്റെ കളത്തിലിറക്കിയാലോ എന്നു രാഹുൽജിയും പ്രിയങ്കാജിയും ചിന്തിച്ചു തുടങ്ങിയപ്പോൾത്തന്നെ അശോക് ഗെഹ് ലോട്ട് കണ്ണുരുട്ടി. സാങ്കേതികമായി മാത്രമാണ് രാജസ്ഥാനിൽ തോറ്റതെന്നും ഇഷ്ടംപോലെ വോട്ട് കിട്ടിയെന്നും കണക്ക് നിരത്തി പറയുന്നു. ഗണിത ശാസ്ത്രജ്ഞനും പാർട്ടി വാർറൂം മേധാവിയുമായ കെ.സി.വേണുഗോപാൽജി കണക്കുകൂട്ടി നോക്കിയപ്പോൾ സംഗതി ശരിയാണ്. വോട്ട് ജാസ്തി, ഫലം നാസ്തി. സച്ചിൻ 'പൈലറ്റായാൽ" തന്റെ മകൻ വൈഭവ് വെറും കിളിയാകുമെന്ന് ഗെഹ് ലോട്ടിനറിയാം.
മദ്ധ്യപ്രദേശിൽ കമൽനാഥിനെ നീക്കിയാൽ മകൻ നകുൽനാഥിന്റെ കാര്യത്തിൽ തീരുമാനമാകും. ദിഗ് വിജയ് സിംഗ്, അർജുൻ സിംഗ് എന്നിവരുടെ മക്കൾ കളത്തിലുള്ളതാണ് പ്രശ്‌നം. കൂടുതൽ ബലം പിടിച്ചാൽ, മാറ്റം സംസ്ഥാനങ്ങളിൽ മാത്രം മതിയോയെന്ന് പഹയന്മാർ ആരെങ്കിലും ചോദിക്കുമോയെന്നാണ് ഹൈക്കമാൻഡിന്റെ പേടി. രാഹുൽജി വയനാട്ടിൽ വന്ന് കരുത്തുകാണിക്കാതെ ഉത്തരേന്ത്യയിൽ എവിടെയെങ്കിലും കാണിച്ചുകൂടേയെന്ന് പലരും ചോദിച്ചു തുടങ്ങി.
വടക്കൻകാറ്ര്
'വെടക്കൻ" മാറ്റം
വടക്കന്മാർ ഇത്ര ബുദ്ധിമോശം കാണിക്കുമെന്ന് കേരളത്തിലെ യു.ഡി.എഫുകാർ കരുതിയില്ല. വല്ലാത്തൊരു ചെയ്ത്തായിപ്പോയി. ഉത്തരേന്ത്യയിലെ ഹിമാചൽ പ്രദേശിൽ മാത്രം കനലായി അവശേഷിക്കുന്ന കോൺഗ്രസിന് അവിടുത്തെ തണുപ്പിൽ എത്ര കാലം പിടിച്ചുനില്ക്കാനാവുമെന്നാണ് ആശങ്ക. ഊതിക്കൊണ്ടിരുന്നില്ലെങ്കിൽ കനൽ കെട്ടുപോകും. ഡൽഹിയിലിരുന്ന് ഹൈക്കമാൻഡുകാർ ആഞ്ഞടിച്ചിട്ടും മാറ്റത്തിന്റെ കാശ് വീശുന്നില്ല.
കേന്ദ്രം പോയാലും കേരളം ചതിക്കില്ലെന്ന മനക്കോട്ട കെട്ടിയിരുന്ന യു.ഡി.എഫിലെ ചില കക്ഷികൾ ഇനിയെന്ത് എന്ന ആലോചന തുടങ്ങിയെന്നാണ് ഇടതുമുന്നണിയിലെ ചില നേതാക്കൾ നല്കുന്ന സൂചന. നവകേരളയാത്ര തിരുവനന്തപുരത്തെത്തുമ്പോൾ രാഷ്ട്രീയ കേരളത്തിൽ ചില മാറ്റങ്ങൾ സംഭവിച്ചുകൂടായ്കയില്ല. മലബാറിൽ നിന്നാരെങ്കിലും കൂടെക്കൂടുമോ എന്ന ചോദ്യത്തിന് കൃത്യമായ മറുപടിയില്ലെങ്കിലും കനലൊരു ചെറുതരിയല്ലെന്ന് പലർക്കും ബോദ്ധ്യമാകുമെന്നാണ് വ്യംഗ്യം.
നിലവിലെ സാഹചര്യത്തിൽ ഇടതുമുന്നണിയിൽ നിന്ന് ആരും തിരക്കിട്ട് വരില്ലെന്ന് ഉറപ്പായതിനാൽ മൊത്തത്തിൽ കഷ്ടതയുടെയും കലാപത്തിന്റെയും കാലമാണ്. ചുരിദാർ ഇടുന്നവരുടെ പാർട്ടിയും മുണ്ടുടുക്കുന്നവരുടെ പാർട്ടിയും തമ്മിൽ ചില അന്തർധാരകളുണ്ടോയെന്ന സംശയം ബലപ്പെടുന്നതായി കോൺഗ്രസുകാർ പറയുന്നു. ആ വിശ്വാസമാണ് ഒരാശ്വാസം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |