നവകേരള സദസ് ഏഴു ജില്ലകളിൽ പൂർത്തിയായപ്പോൾ ജനങ്ങളിൽ നിന്ന് സർക്കാരിനു ലഭിച്ചത് മൂന്നുലക്ഷം പരാതികളാണ്. ഇക്കണക്കിന് ഏഴുജില്ലകളിൽക്കൂടി സദസ്സ് പൂർത്തിയാകുമ്പോൾ പരാതികൾ നേരെ ഇരട്ടിയെങ്കിലുമാകും. സദസ്സുകളിൽ ലഭിക്കുന്ന പരാതികളിൽ സമയബന്ധിതമായി തീർപ്പുണ്ടാകുമെന്നാണ് വാഗ്ദാനം. പരാതികളുടെ ബാഹുല്യംവച്ചു നോക്കുമ്പോൾ വാഗ്ദാനം എത്രത്തോളം പാലിക്കാൻ കഴിയുമെന്ന് കാത്തിരുന്നു കാണേണ്ടതാണ്. പരാതി സമർപ്പിച്ച് തീർപ്പു കാത്തിരിക്കുന്നവർ കുറഞ്ഞത് നാല്പത്തഞ്ചുദിവസം ക്ഷമിച്ചിരിക്കണമെന്ന് നിർദ്ദേശമുണ്ട്. പരിഹാരമുണ്ടാവുമെന്ന് ഉറപ്പുണ്ടെങ്കിൽ അതിലധികവും കാത്തിരിക്കാൻ ജനങ്ങൾക്കു മടികാണില്ല.
ഇതുപോലുള്ള ജനസമ്പർക്ക പരിപാടികളിൽ നിറയെ പരാതിക്കാർ എത്തേണ്ടിവരുന്നതിന്റെ പ്രധാന കാരണം സർക്കാർ ഓഫീസുകളിൽ പരമ്പരാഗതമായി തുടരുന്ന സാ മട്ടിലുള്ള ഭരണനിർവഹണമാണ്. സർക്കാർ ഓഫീസുകളിലെ ചുവപ്പുനാടക്കുരുക്ക് പണ്ടുപണ്ടേയുള്ളതാണ്. മാറിമാറി വന്ന ഭരണാധികാരികൾ ആവും വിധം ശ്രമിച്ചിട്ടും വലിയ മാറ്റങ്ങൾ വന്നിട്ടില്ല. നവകേരള സദസ്സിൽ തങ്ങളുടെ ആവശ്യങ്ങൾക്കു പരിഹാരം തേടി ജനങ്ങൾ കൂട്ടത്തോടെ എത്തുന്നത് ഇതേ ആവശ്യങ്ങൾ സാധാരണഗതിയിൽ ഉദ്യോഗസ്ഥന്മാരെക്കൊണ്ട് നടത്തിക്കിട്ടാത്തതുകൊണ്ടാകണം.
സദസ്സിൽ ലഭിക്കുന്ന പരാതികൾ ബന്ധപ്പെട്ട ഓഫീസുകളിലേക്കു തന്നെയാകും അവസാനം എത്തുക. മേശപ്പുറത്ത് തീർപ്പുകാത്ത് കെട്ടുകണക്കിന് അപേക്ഷകൾ നേരത്തേ തന്നെ ഉണ്ടാകും. എല്ലാം കൂടി ഇനി പരിശോധിച്ച് തീരുമാനമെടുക്കുക ശ്രമകരമായ ദൗത്യം തന്നെയാകും. സദസ്സുകളിൽ ലഭിച്ചുകൊണ്ടിരിക്കുന്ന ആയിരക്കണക്കിനു പരാതികളും നിവേദനങ്ങളും സർക്കാരിൽ ജനങ്ങൾ അർപ്പിക്കുന്ന വലിയ വിശ്വാസത്തെയാണു പ്രതിഫലിപ്പിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറയുകയുണ്ടായി. ഇവയൊക്കെ തരംതിരിച്ച് പരിഹാരം കാണുകയെന്നത് വെല്ലുവിളി തന്നെയാണ്. ഉദ്യോഗസ്ഥന്മാർ സന്ദർഭത്തിനൊത്ത് ഉയരുകയും അധിക ജോലിയെടുത്ത് അപേക്ഷകളിൽ തീർപ്പുണ്ടാക്കുകയും ചെയ്താൽ ഒരു പരിധിവരെ പരാതിക്കാരുടെ ആവശ്യങ്ങൾ നിറവേറ്റാനാകും. അതിനുതക്കവിധം സർക്കാർ സംവിധാനങ്ങളെ സജ്ജമാക്കേണ്ടതുണ്ട്.
സദസ്സ് കടന്നുപോന്ന ഏഴു ജില്ലകളിലും ഏറ്റവും കൂടുതൽ പരാതികൾ ലഭിച്ചത് റവന്യു വകുപ്പുമായി ബന്ധപ്പെട്ടാണ്. ജനങ്ങളുമായി ഏറെ ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന വില്ലേജ് ഓഫീസ് മുതൽ കളക്ടറേറ്റ് വരെയുള്ള ഇടങ്ങൾ സാധാരണക്കാരെ സംബന്ധിച്ചിടത്തോളം ക്ഷമ പരീക്ഷിക്കുന്നവയാണ്. തദ്ദേശ സ്വയംഭരണം, ഭക്ഷ്യ - പൊതുവിതരണം, ജലവിഭവം, മരാമത്ത്, സഹകരണം, ആരോഗ്യം തുടങ്ങിയ വകുപ്പുകളും ഫയൽ നീക്കത്തിൽ അപക്ഷകരെ പരീക്ഷിക്കുന്നവയാണ്. എളുപ്പം തീർപ്പുണ്ടാക്കാവുന്ന കാര്യങ്ങളിൽപ്പോലും അതു നീട്ടിക്കൊണ്ടുപോയി ജനങ്ങളെ ബുദ്ധിമുട്ടിലാക്കുന്ന നിരവധി സർക്കാർ ഓഫീസുകളുണ്ട്.
നവകേരള സദസ്സിൽ ലഭിച്ച പരാതികളുടെ പൊതുസ്വഭാവം പരിശോധിച്ച് ഭരണ സംവിധാനത്തിൽ ആവശ്യമായ പരിഷ്‌കാരങ്ങൾ വരുത്താൻ സർക്കാരിന് ശ്രമിക്കാവുന്നതാണ്. ഓൺലൈൻ സംവിധാനം വന്നിട്ടും ഭരണ നിർവഹണത്തിൽ വേഗത കൈവന്നിട്ടില്ലെങ്കിൽ സംവിധാനത്തിലെ പോരായ്മയെയാണ് അതു ചൂണ്ടിക്കാട്ടുന്നത്. വ്യക്തിഗത പരാതികളാണ് സദസ്സുകളിൽ ഏറെയും ലഭിച്ചതെന്നതും ശ്രദ്ധേയമാണ്. സർക്കാരിലേക്ക് ഒരു അപേക്ഷ സമർപ്പിച്ചാൽ അതിനു മറുപടിയെങ്കിലും ലഭിക്കേണ്ടത് ജനങ്ങളുടെ അവകാശമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |