തിരുവനന്തപുരം: സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയ സി.പി.ഐ ദേശീയ ജനറൽ സെക്രട്ടറി ഡി. രാജ സങ്കടം താങ്ങാനാവാതെ പൊട്ടിക്കരഞ്ഞു. സമീപമെത്തിയ എ.കെ. ആന്റണി വിതുമ്പലോടെ രാജയെ കെട്ടിപ്പിടിച്ച് ആശ്വസിപ്പിച്ചു. ഏറെ നേരം തൂവാല കൊണ്ട് കണ്ണീരൊപ്പിയ രാജയുടെയും ആശ്വസിപ്പിച്ച ആന്റണിയുടെയും ദൃശ്യം മറ്റുള്ളവരെയും നൊമ്പരപ്പെടുത്തി.
അപ്രതീക്ഷിതമായുണ്ടായ കാനത്തിന്റെ വിയോഗം വിശ്വസിക്കാൻ പാടുപെടുകയായിരുന്നു രാജ. ഇന്നലെ രാവിലെ ഡൽഹിയിൽ നിന്ന് എത്തിയ അദ്ദേഹം വിതുമ്പലടക്കാനാവാതെയാണ് താത്കാലിക പാർട്ടി ആസ്ഥാനമായ പി.എസ് സ്മാരകത്തിൽ എത്തിയത്. അതേസമയത്താണ് കോൺഗ്രസ് പ്രവർത്തകസമിതിയംഗം എ.കെ. ആന്റണിയും ഡി.സി.സി അദ്ധ്യക്ഷൻ പാലോട് രവിയും അന്തിമോപചാരം അർപ്പിക്കാനെത്തിയത്.
വിവിധയിടങ്ങളിൽ നിന്നെത്തിയ നേതാക്കളും പ്രവർത്തകരിൽ ചിലരും സങ്കടമടക്കാനാവാതെ വിതുമ്പുന്നുണ്ടായിരുന്നു. അതിനിടെ പ്രവർത്തകരിൽ ചിലർ മൃതദേഹത്തിന് സമീപമെത്തി ഉച്ചത്തിൽ മുദ്രാവാക്യം മുഴക്കി. കാനത്തിന്റെ ഭൗതിക ശരീരം വഹിച്ചുകൊണ്ടുള്ള, പ്രത്യേകമായി സജ്ജീകരിച്ച കെ.എസ്.ആർ.ടി.സി ബസ് പോകാൻ തുടങ്ങുമ്പോഴാണ് കേന്ദ്രമന്ത്രി വി. മുരളീധരൻ അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയത്. ബസ് നിറുത്തിയ ശേഷം ബി.ജെ.പി നേതാക്കൾക്കൊപ്പം അതിനുള്ളിലെത്തി അദ്ദേഹം ആദരാഞ്ജലിയർപ്പിച്ചു. തുടർന്ന് ബസ് നീങ്ങിയപ്പോൾ തമിഴ്നാട്ടിൽ നിന്നുള്ള എ.എൈ.വൈ.എഫ് പ്രവർത്തകരും പാർട്ടി നേതാക്കളും കാനത്തിന് വീരവണക്കം നേർന്ന് മുദ്രാവാക്യം മുഴക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |