കോട്ടയം: കണ്ണീരിൽ കുതിർന്ന അന്ത്യാഭിവാദ്യങ്ങളേറ്റുവാങ്ങി കൊച്ചുകളപ്പുരയിടം വീടിന്റെ തെക്കേപ്പറമ്പിലെ പുളിമരച്ചോട്ടിൽ കാനംരാജേന്ദ്രന് നിത്യനിദ്ര. ഇന്നലെ രാവിലെ 10.45ഓടെയാണ് കാനമെന്ന കണിശക്കാരനായ കമ്മ്യൂണിസ്റ്റിനെ തീനാമ്പുകളേറ്റുവാങ്ങിയത്.
അച്ഛൻ വി.കെ.പരമേശ്വരൻ നായരും അമ്മ വി.കെ.ചെല്ലമ്മയും നിത്യനിദ്രകൊള്ളുന്ന മണ്ണിനോട് ചേർന്നാണ് ചിതയൊരുക്കിയത്. കാനത്തിന് സർക്കാരിന്റെ ഔദ്യോഗിക ബഹുമതി നൽകുമ്പോൾ മുഖ്യമന്ത്രി പിണറായി വിജയനും സി.പി.ഐ ദേശീയ സെക്രട്ടറി ഡി.രാജയും കൈകൾകോർത്ത് അരികിലുണ്ടായിരുന്നു. മകൻ സന്ദീപ് തീകൊളുത്തുമ്പോൾ പരിസരമാകെ അഭിവാദ്യങ്ങളാൽ നിറഞ്ഞു.
തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട വിലാപയാത്ര പുലർച്ചെ മൂന്നോടെയാണ് കാനത്തെ വീട്ടിലെത്തിയത്. രാവിലെ മുതൽ എല്ലാവിഭാഗം ജനങ്ങളും പ്രിയ നേതാവിന് അന്ത്യാഞ്ജലി അർപ്പിക്കാൻ ഒഴുകിയെത്തിയിരുന്നു. ശനിയാഴ്ച രാത്രി കോട്ടയം ഗസ്റ്റ് ഹൗസിൽ കഴിഞ്ഞിരുന്ന മുഖ്യമന്ത്രി പിണറായി വിജയൻ രാവിലെ പത്തോടെ വീട്ടിലെത്തി മുഷ്ടിചുരുട്ടി അന്ത്യാഭിവാദ്യം അർപ്പിച്ചു. പത്തരയോടെ സംസ്കാരത്തിനായി മൃതദേഹമെടുക്കുമ്പോൾ മന്ത്രി പി.പ്രസാദ് പൊട്ടിക്കരഞ്ഞു. ''ലാൽ സലാം പ്രിയ രാജേട്ടാ..ഞങ്ങളെയാകെ നയിച്ച സഖാവേ..''ചങ്ക് പൊട്ടും വേദനയിൽ മന്ത്രി പ്രസാദ് ഉറക്കെ വിളിച്ച മുദ്രാവാക്യം എല്ലാവരും ഏറ്റുവിളിച്ചു. ബന്ധുക്കളെ ആശ്വസിപ്പിച്ചും പ്രവർത്തകർക്ക് നിർദ്ദേശങ്ങൾ നൽകിയും കാരണവരെപ്പോലെയുണ്ടായിരുന്ന പിണറായി ചിതയ്ക്ക് തീകൊളുത്തുന്നതിന് തൊട്ടു മുന്നേയാണ് മടങ്ങിയത്. തുടർന്ന് അനുശോചന യോഗവും ചേർന്നു.
മന്ത്രിമാരായ കെ.രാജൻ, കെ.എൻ. ബാലഗോപാൽ, വി.എൻ.വാസവൻ, ചിഞ്ചുറാണി, കെ.കൃഷ്ണൻകുട്ടി, അഹമ്മദ് ദേവർകോവിൽ, റോഷി അഗസ്റ്റിൻ, കെ.രാധാകൃഷ്ണൻ, ജി.ആർ.അനിൽ, എ.കെ.ശശീന്ദ്രൻ, ആന്റണി രാജു, ഗവ.ചീഫ് വിപ്പ് ഡോ.എൻ.ജയരാജൻ, തോമസ് ചാഴികാടൻ എം.പി, സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, സി.പി.ഐ ദേശീയ സെക്രട്ടേറിയറ്റ് അംഗങ്ങളായ കെ. നാരായണ, ബിനോയ് വിശ്വം, മുതിർന്ന നേതാക്കളായ എം.എ. ബേബി, കെ.ഇ.ഇസ്മയിൽ, കേരളാ കോൺഗ്രസ് നേതാക്കളായ പി.ജെ. ജോസഫ്, ജോസ് കെ.മാണി, ബി.ജെ.പി ദേശീയ നിർവാഹക സമിതി അംഗം പി.കെ.കൃഷ്ണദാസ് തുടങ്ങിയവർ അന്തിമോപചാരമർപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |