കൊച്ചി: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പു കേസിൽ പ്രതികളായ ബാങ്കിന്റെ മുൻ സെക്രട്ടറി സുനിൽ കുമാർ, മുൻ മാനേജർ ബിജു കരിം എന്നിവർ മാപ്പുസാക്ഷികളാകാൻ തയ്യാറാണെന്ന് എറണാകുളം പ്രത്യേക കോടതിയിൽ സത്യവാങ്മൂലം നൽകി. ഇവരെ മാപ്പുസാക്ഷികളാക്കാൻ ഇ.ഡി നേരത്തെ അപേക്ഷ നൽകിയിരുന്നു. ഇന്നലെ അപേക്ഷ പരിഗണിച്ച കോടതി കേസ് ഡിസംബർ 21 ലേക്കു മാറ്റി.
സുനിൽകുമാറും ബിജു കരീമും കേസിൽ 33, 34 പ്രതികളാണ്. തട്ടിപ്പിൽ സി.പി.എമ്മിന്റെ ഇടപെടലുകളെക്കുറിച്ച് നിർണായക വിവരങ്ങൾ നൽകാൻ ഇവർക്കു കഴിയുമെന്ന് ഇ.ഡി കരുതുന്നു. സ്വമേധയാ മാപ്പുസാക്ഷികളാകാൻ തയ്യാറാണെന്നാണ് സത്യവാങ്മൂലത്തിൽ പറയുന്നത്. കോടതിയാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത്. ഇവരെ ഇന്നലെ കോടതിയിൽ ഹാജരാക്കിയിരുന്നു.
കരുവന്നൂർ തട്ടിപ്പുമായി ബന്ധപ്പെട്ട് മുൻമന്ത്രി എ.സി. മൊയ്തീൻ, എം.കെ. കണ്ണൻ, കോൺഗ്രസ് ജില്ലാ കമ്മിറ്റി സെക്രട്ടറി രാജേന്ദ്രൻ അരങ്ങത്ത് തുടങ്ങിയവർക്കെതിരെ മുഖ്യസാക്ഷികളിലൊരാളായ കെ.എ. ജിജോർ ഇ.ഡിക്ക് മൊഴി നൽകിയിരുന്നു. ഈ മൊഴികൾ സാധൂകരിക്കുന്ന തരത്തിൽ സുനിലും ബിജു കരീമും രഹസ്യമൊഴി നൽകിയിട്ടുണ്ട്. മജിസ്ട്രേട്ട് മുമ്പാകെ ഇവർ നൽകിയ രഹസ്യമൊഴിയുടെ പകർപ്പും ഇ.ഡി സംഘം പ്രത്യേക കോടതിയിൽ സമർപ്പിച്ചിരുന്നു. കേസിൽ പ്രതിയായ സി.പി.എം പ്രാദേശിക നേതാവ് പി.ആർ. അരവിന്ദാക്ഷന്റെ ജാമ്യാപേക്ഷയും കോടതി 21 നു പരിഗണിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |