കറാച്ചി: അധോലോക നായകൻ ദാവൂദ് ഇബ്രാഹിമിനെ ഗുരുതര ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ട് ദിവസം മുമ്പ് പാകിസ്ഥാനിലെ കറാച്ചിയിലുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ച വിവരം ഇന്ന് രാവിലെയാണ് അധികൃതർ പുറത്തുവിട്ടത്. ദാവൂദ് ഇബ്രാഹിം വിഷം കഴിച്ചുവെന്ന തരത്തിൽ കുറച്ച് ദിവസങ്ങളായി സമൂഹമാദ്ധ്യമങ്ങൾ വഴി വാർത്ത പ്രചരിക്കുന്നുണ്ടായിരുന്നു. എന്നാൽ, ഇക്കാര്യത്തിൽ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.
ആശുപത്രിയിൽ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. സീനിയർ ഡോക്ടർമാർക്കും അടുത്ത കുടുംബാംഗങ്ങൾക്കും മാത്രമാണ് പ്രവേശനം അനുവദിച്ചിട്ടുള്ളത്. ദാവൂദ് ഇബ്രാഹിമിനെ പ്രവേശിപ്പിച്ചിരിക്കുന്ന ഫ്ലോറിൽ നിന്ന് ആശുപത്രിയിലെ മറ്റ് രോഗികളെ മാറ്റിയിട്ടുണ്ട്. ഇയാളുടെ ബന്ധുക്കളായ അലിഷാ പാർക്കർ, സാജിദ് വാഗ്‌ലെ എന്നിവരിൽ നിന്ന് മുംബയ് പൊലീസ് കൂടുതൽ വിവരങ്ങൾ തേടുന്നുണ്ട്.
1993ലെ മുംബയ് ഭീകരാക്രമണങ്ങളുടെ സൂത്രധാരനായ ദാവൂദ് ഇബ്രാഹിം രണ്ടാം വിവാഹത്തിന് ശേഷം കറാച്ചിയിൽ കഴിയുന്നതായി അയാളുടെ സഹോദരി ഹസീന പാർക്കറിന്റെ മകൻ കഴിഞ്ഞ ജനുവരിയിൽ എൻഐഎയെ അറിയിച്ചിരുന്നു. കറാച്ചിയിലെ അബ്ദുള്ള ഗാസി ബാബ ദർഗയ്ക്ക് സമീപമുള്ള പ്രതിരോധ മേഖലയിലാണ് ദാവൂദ് ഇബ്രാഹിം താമസിക്കുന്നത്. രണ്ടാം ഭാര്യ പാക് പത്താൻ വിഭാഗത്തിൽപ്പെട്ടയാളാണ്. ദാവൂദ് തന്റെ ആദ്യ ഭാര്യ മെഹ്‌ജബീനുമായി വിവാഹമോചനം ചെയ്തിട്ടില്ലെന്നും ഹസീന പാർക്കറിന്റെ മകൻ പറഞ്ഞു. ആദ്യ ഭാര്യയെ വിവാഹമോചനം ചെയ്തതായി കാണിക്കുന്ന രേഖകൾ തെറ്റാണ്. വിശേഷ ദിവസങ്ങളിൽ ആദ്യ ഭാര്യയുമായി ഫോണിൽ സംസാരിക്കാറുണ്ട്. അവർ വാട്‌സാപ്പ് കോളുകൾ വഴിയാണ് ബന്ധപ്പെടുന്നതെന്നും അനന്തരവൻ പറഞ്ഞിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |