കൊച്ചി: രുചിയും അലങ്കാരവും ഗുണമേന്മയും നിലവാരമുള്ള പാക്കിംഗുമാണ് ഉപഭോക്താവിന് പ്രധാനം, വിലയല്ല. മുൻവർഷത്തെപ്പോലെ ചൂടുപിടിച്ച കേക്ക് വിപണിയിലെ നിലവിലെ സീസൺ ട്രെൻഡ് ഇങ്ങനെ. ജനുവരി വരെ ഒന്നേകാൽ കോടിയോളം കേക്കുകൾ വില്ക്കാനാകുമെന്ന പ്രതീക്ഷയിലാണ് ബേക്കറികൾ.
കൊവിഡിന് ശേഷം ഏറ്റവുമുയർന്ന കേക്ക് വില്പന നടന്നത് കഴിഞ്ഞ നവംബർ മുതൽ ജനുവരി വരെയാണ്. ചെറുകിട ബേക്കറികൾ മുതൽ മറ്റു വ്യാപാരികൾക്ക് വരെ മികച്ച വില്പന ലഭിച്ചു. അതേ ട്രെൻഡാണ് ക്രിസ്മസിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ തുടരുന്നത്. എല്ലാത്തരം കേക്കുകൾക്കും വൻപ്രിയമാണ് വിപണിയിലെന്ന് ബേക്കറി ഉടമകൾ പറഞ്ഞു.
കേക്കുകൾ തിരഞ്ഞെടുക്കുന്നതിൽ ഉപഭോക്താക്കൾ കാണിക്കുന്ന ശ്രദ്ധയാണ് ഇക്കുറി പ്രത്യേകത. കേക്കിന്റെ തൂക്കം, വലിപ്പം, അലങ്കാരങ്ങൾ എന്നിവ മാത്രമല്ല ഉപഭോക്താക്കൾ ശ്രദ്ധിക്കുന്നത്. കേക്കുകളുടെ പായ്ക്കിംഗ്, ഉപയോഗിക്കുന്ന വസ്തുക്കൾ, നിർമ്മിച്ച തിയതി, കാലാവധി തുടങ്ങ്രയവ കൃത്യമായി പരിശോധിച്ചാണ് ബഹുഭൂരിപക്ഷം പേരും കേക്കുകൾ തിരഞ്ഞെടുക്കുന്നത്. ഏറ്റവും പുതിയതായി നിർമ്മിച്ച കേക്കുകളാണ് തിരഞ്ഞെടുക്കുന്നത്.
അതിമനോഹരമായി അലങ്കരിച്ച കേക്കുകളും മികച്ച പായ്ക്കിംഗിനും ഇക്കുറി പ്രത്യേക ശ്രദ്ധ ഉപഭോക്താക്കൾ നൽകുന്നുണ്ട്. യൂറോപ്യൻ നിലവാരത്തിൽ പ്ളാസ്റ്റിക് പോലുള്ള വസ്തുക്കൾ ഒഴിവാക്കിയ പായ്ക്കുകളാണ് കൊച്ചിയിലെയും സമീപങ്ങളിലെയും നഗരവാസികൾ കൂടുതൽ തിരഞ്ഞെടുക്കുന്നത്. ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട അവബോധം വർദ്ധിച്ചതാണ് ഇതിന് കാരണമെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് വൃത്തങ്ങൾ പറഞ്ഞു.
വിപണി വിപുലം
കേരളത്തിൽ ഒരുവീട്ടിൽ ഒരു കേക്ക് വാങ്ങിയാൽ പോലും ഒരുകോടി കേക്കുകൾ വില്ക്കപ്പെടുമെന്നാണ് ബേക്കറി ഉടമകളുടെ കണക്ക്. സ്ഥാപനങ്ങൾ, ആഘോഷങ്ങൾ, സമ്മാനാവശ്യങ്ങൾ എന്നിവ കൂടി വരുന്നതോടെ ഒന്നേകാൽ കോടി കേക്കുകളെങ്കിലും കേരളത്തിൽ വില്ക്കപ്പെടും.
ഈയാഴ്ചയാണ് കേക്കിന്റെ ഏറ്റവും വലിയ വിപണിക്കാലം. നവംബർ മുതൽ ആരംഭിച്ച വിപണി ജനുവരി അവസാനം വരെ നീളും. മുൻവർഷത്തെക്കാൾ 10 ശതമാനം വില ഈവർഷം വർദ്ധിച്ചിട്ടുണ്ട്. ഒരു കിലോയ്ക്ക് 450 മുതൽ 1600 രൂപ വരെ വിലയുള്ള കേക്കുകൾ ലഭ്യമാണ്. 500നും 700നുമിടയിൽ കോടി രൂപയ്ക്കുമിടയിൽ കേക്ക് കച്ചവടം നടക്കുമെന്നാണ് വ്യാപാരികൾ പ്രതീക്ഷിക്കുന്നത്.
കേരളത്തിന് പുറത്തേക്കും
ചെറുകിട ബേക്കറികൾ മുതൽ നക്ഷത്ര ഹോട്ടലുകൾ വരെ കേക്ക് നിർമ്മിക്കുന്നുണ്ട്. കേരളത്തിൽ നിർമ്മിക്കുന്ന ബ്രാൻഡ് ചെയ്ത കേക്കുകൾ ഡൽഹി, ബംഗളൂരു, മുംബയ്, ചെന്നൈ തുടങ്ങിയ നഗരങ്ങളിലും വില്ക്കപ്പെടുന്നുണ്ട്.
''ഉപഭോക്താക്കൾ ഭക്ഷ്യസുരക്ഷയിൽ കൂടുതൽ ശ്രദ്ധിക്കുന്നതാണ് ഇത്തവണ കാണുന്ന പ്രത്യേകത. ഇതുമൂലം മികച്ച ഉത്പന്നങ്ങൾ വിപണിയിൽ ശ്രദ്ധിക്കപ്പെടും.''
നൗഷാദ്, റോയൽ ബേക്കറി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |