വണ്ടിപ്പെരിയാറിൽ ആറുവയസുകാരിയെ ബലാത്സംഗം ചെയ്ത് കെട്ടിത്തൂക്കി കൊലപ്പെടുത്തിയ നരാധമൻ കുറ്റക്കാരനെന്ന് ശാസ്ത്രീയമായി തെളിയിക്കാൻ കഴിയാത്തതിനാൽ വെറുതെവിട്ട കോടതി വിധി, മനുഷ്യഹൃദയമുള്ള ആർക്കും ഉൾക്കൊള്ളാനാകുന്നതല്ല. നീതി , നിയമ സംരക്ഷണ സംവിധാനങ്ങൾ പൗരനു നല്കുന്നത് അരക്ഷിതത്വമാണോ എന്ന ആശങ്ക വളർത്തുന്നതാണ് ഇത്. വിധിന്യായം കേട്ട് നീതിദേവത തന്റെ കണ്ണും കാതും വായയും അമർത്തിയടച്ച് കണ്ണീർ തൂകിയിട്ടുണ്ടാകും!
സമാനരീതിയിൽ ആലുവയിൽ അന്യസംസ്ഥാന തൊഴിലാളിയുടെ അഞ്ചു വയസ്സുകാരിയായ കുട്ടിയെ അരുംകൊല ചെയ്ത നരാധമന് കൃത്യം നടന്നതിന്റെ 109-ാം നാൾ എറണാകുളം പോക്‌സോ കോടതി മരണംവരെ തൂക്കുകയർ വിധിച്ച് മാതൃക കാട്ടി. അവിടെ പൊലീസും അന്വേഷണ ഉദ്യോഗസ്ഥരും പ്രോസിക്യൂഷനും നിഷ്പക്ഷവും കാര്യക്ഷമവുമായ ഏകോപനത്തിലൂടെ ചുമതല നിർവ്വഹിച്ചപ്പോൾ, വണ്ടിപ്പെരിയാറിൽ സംഭവിച്ചതിന് ഉത്തരവാദികൾ അവിടുത്തെ പൊലീസ് ഉദ്യോഗസ്ഥരും അന്വേഷണച്ചുമതലയുള്ളവരും പ്രോസിക്യൂഷനുമാണ്.
പട്ടികജാതി- പട്ടിക വർഗ്ഗക്കാർ ഇരകളും പരാതിക്കാരുമായി കേസുകളുണ്ടാകുമ്പോൾ പൊലീസിൽ ചിലർക്കുണ്ടാകുന്നഉദാസീനതയും കാര്യക്ഷമതയില്ലായ്മയും അട്ടപ്പാടി മധുവിന്റെ കേസിലും വാളയാർ പെൺകുരുന്നുകളുടെ കേസിലും എല്ലാവരും കണ്ടതാണ്. ഇത് ഇന്ത്യൻ ഭരണഘടനയുടെ അനുഛേദം 14 ഉറപ്പു നല്കുന്ന തുല്യനീതിയുടെ ലംഘനമാണ്.
വണ്ടിപ്പെരിയാറിലെ പെൺകുരുന്ന് പട്ടികജാതി കുടുംബത്തിൽപ്പെട്ടതാണ്. എന്നിട്ടും പട്ടികജാതി - പട്ടികവർഗ്ഗ അതിക്രമങ്ങൾ തടയൽ നിയമം കേസിൽ ഉൾപ്പെടുത്തിയില്ല. ഇക്കാരണംകൊണ്ടു മാത്രം, ഇരയാക്കപ്പെടുന്നവർക്ക് ഈ നിയമമനുസരിച്ചുള്ള സാമ്പത്തിക ആശ്വാസമായ 8.50 ലക്ഷം രൂപയും നഷ്ടപ്പെട്ടു. പ്രതി കുറ്റം ചെയ്തതായി സംശയാതീതമായും ശാസ്ത്രീയമായും തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടതായി കോടതി എടുത്തു പറഞ്ഞിട്ടുണ്ട്.
അന്വേഷണ ഉദ്യോഗസ്ഥൻ സ്ഥലത്തെത്തിയത് സംഭവം നടന്നതിനു പിറ്റേന്നായിരുന്നു. കേസ് തെളിയിക്കാൻ രക്തം അടക്കമുള്ള സാമ്പിളുകൾ ശേഖരിച്ചില്ല. അത്തരം കാര്യങ്ങൾ അന്വേഷണ രേഖകളിൽ ചേർക്കുകയുമുണ്ടായില്ല. ഇത്തരം കേസുകളിൽ സുപ്രധാനമാകേണ്ട വിരലടയാള വിദഗ്ദ്ധന്റെ പരിശോധനയും നടന്നില്ല. ഇതെന്തുകൊണ്ടാണ് എന്ന ചോദ്യത്തിന്, വിരലടയാളം ലഭിക്കാനുള്ള സാദ്ധ്യതയുണ്ടായിരുന്നില്ല എന്നാണ് ഉദ്യോഗസ്ഥർ കോടതിയെ ധരിപ്പിച്ചത്. സാങ്കേതികവിദ്യ അപൂർവ വളർച്ച കൈവരിച്ചിട്ടും വണ്ടിപ്പെരിയാർ സംഭവത്തിലെ ഉദ്യോഗസ്ഥർ അത്തരം സാദ്ധ്യതകൾ പ്രയോജനപ്പെടുത്താതെയുള്ള അന്വേഷണമാണ് നടത്തിയത്.
തെളിവുകൾ ഒട്ടനവധി കണ്ടുപിടിക്കപ്പെട്ടു. പ്രതിയുടെ വസ്ത്രത്തിന്റെയും അടിവസ്ത്രത്തിന്റെയും നാരുകൾ, പ്രതിയുടെ രോമങ്ങൾ, മനുഷ്യബീജത്തിന്റെ അംശം എന്നിവ ഡി.എൻ.എ ടെസ്റ്റ് അടക്കമുള്ള ശാസ്ത്രീയ പരിശോധകൾ നടത്തി പ്രതിയെ സംശയാതീതമായി ഉറപ്പിച്ചില്ല. പ്രതിയുടെ ഹിഡൻ ഫോൾഡറിൽ നിന്ന് കണ്ടെടുത്ത പ്രകൃതി വിരുദ്ധ അശ്ലീല ചിത്രങ്ങളും, ഇതുമായി ബന്ധപ്പെട്ട് മുമ്പും കുട്ടി പീഡനങ്ങൾക്കിരയായിട്ടുണ്ടെന്ന പോസ്റ്റ്‌മോർട്ടം റിപ്പോർട്ടും പ്രതി ദയ അർഹിക്കാത്ത കുറ്റവാളിയാണെന്ന് കോടതിയെ ബോദ്ധ്യപ്പെടുത്തി പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കാൻ കഴിയാതിരുന്ന പൊലീസും പ്രോസിക്യൂഷനും മാപ്പർഹിക്കാത്ത കുറ്റവാളികളാണ്.
ഒരു സീരിയൽ താരം എറണാകുളത്ത് ഷോപ്പിംഗ് നടത്തവേ സാമൂഹ്യ വിരുദ്ധന്റെ സ്പർശം ഏല്ക്കാനിടയായത് സമൂഹ മാദ്ധ്യമങ്ങളിൽ പങ്കുവച്ചപ്പോൾ ആ രാത്രിതന്നെ താരത്തിന്റെ താമസസ്ഥലത്തെത്തി പരാതി എഴുതിവാങ്ങി, നേരം വെളുക്കും മുമ്പ് പ്രതിയെ കസ്റ്റഡിയിലടുത്ത് മാതൃക കാട്ടിയ പൊലീസിനെ നിഷ്പക്ഷമായി നീതിനിർവ്വഹണം നടത്താൻ അനുവദിച്ചിരുന്നെങ്കിൽ അത് വണ്ടിപ്പെരിയാറിലും ആവർത്തിക്കുമായിരുന്നു.
പൊലീസ് സേനയുടെ വീര്യം കെടുത്തുന്ന, കൃത്യനിർവഹണത്തിൽ തടസ്സമുണ്ടാകുന്ന ഇടപെടലുകൾ ഉണ്ടായിട്ടുണ്ടെങ്കിൽ അത് നല്ല നവകേരള മോഡൽ അല്ല. വിഷയം പരിശോധിക്കുമെന്നും തുടർനടപടികൾ എന്ന നിലയിൽ അപ്പീൽ പോകുമെന്നും മുഖ്യമന്ത്രി പറഞ്ഞത് വെറും വാക്കാകില്ലെന്ന് പ്രതീക്ഷിക്കുന്നു. മുഖ്യമന്ത്രിയുടെ പ്രസ്താവനയുടെ ആദ്യപടിയായി, പ്രതി രക്ഷപ്പെടാൻ അവസരമൊരുക്കിയ മുഴുവൻ ഉദ്യോഗസ്ഥരെയും സർവ്വീസിൽ നിന്ന് മാറ്റിനിറുത്തുകയാണ് വേണ്ടത്.
(സാംബവ മഹാസഭ ജനറൽ സെക്രട്ടറിയും, കേരള നവോത്ഥാന സമിതി സംസ്ഥാന സെക്രട്ടറിയുമാണ് ലേഖകൻ. മൊബൈൽ: ഫോൺ 94973 36510)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |