തിരുവനന്തപുരം: ഡ്രോൺ വാങ്ങുന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ ബംഗളൂരു ആസ്ഥാനമായുള്ള കമ്പനിയോട് അന്വേഷിച്ചതിന് എൻ.എസ്.യു.ഐ ദേശീയ സെക്രട്ടറി എറിക് സ്റ്റീഫനെ (33) വലിയതുറ പൊലീസ് അറസ്റ്റുചെയ്തു.
ജില്ലയിൽ ഇന്നലെ ആരംഭിച്ച നവകേരള സദസിനെതിരെ പ്രതിഷേധിക്കാൻ ഡ്രോൺ ഉപയോഗിച്ചേക്കുമെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. ചൊവ്വാഴ്ച രാത്രി 11 ഓടെ സ്റ്റേഷനിൽ വിളിച്ചുവരുത്തിയ ശേഷമായിരുന്നു അറസ്റ്റ്.
ചോദ്യം ചെയ്യലിൽ ഡ്രോണിനെക്കുറിച്ച് അന്വേഷിച്ചതായി എറിക് സമ്മതിച്ചു. ബാനറുകളും ഫ്ളാഗുകളും കെട്ടി പറപ്പിക്കാൻ കഴിയുന്ന ഡ്രോണുകളുടെ വിലയാണ് ഇയാൾ അന്വേഷിച്ചത്.
അതേസമയം, ഡ്രോണിന്റെ വില അന്വേഷിച്ചെന്ന കാരണത്താൽ ഒരാളെ എങ്ങനെ അറസ്റ്റുചെയ്യാനാകുമെന്ന് എൻ.എസ്.യു നേതാക്കൾ ചോദിച്ചു.
എറിക് സ്റ്റീഫന്റെ അറസ്റ്റിനു പിന്നാലെ ജില്ലയിൽ നാളെ രാത്രി 8 വരെ ഡ്രോണുകൾക്ക് പൊലീസ് നിയന്ത്രണം ഏർപ്പെടുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |