കൊച്ചി: പഞ്ചാബിലെ ലുധിയാനയിൽ നിന്ന് പെൺകുട്ടിയെ ദത്തെടുത്ത നടപടി റദ്ദാക്കാൻ അനുമതി തേടി തിരുവനന്തപുരത്തെ ദമ്പതികൾ നൽകിയ ഹർജിയിൽ കുട്ടിയുടെ തീരുമാനം കൂടി ആരാഞ്ഞ് തുടർനടപടി സ്വീകരിക്കാൻ ഹൈക്കോടതി അമിക്കസ് ക്യൂറിയെ ചുമതലപ്പെടുത്തി.
അമിക്കസ് ക്യൂറി അഡ്വ.എ. പാർവതി മേനോൻ കുട്ടിയുമായി നേരത്തെ സംസാരിച്ചിരുന്നു. ദത്തെടുത്ത ദമ്പതികൾക്കൊപ്പം പോകാൻ തയ്യാറാണെന്ന് പെൺകുട്ടി സമ്മതിച്ചെന്ന് അമിക്കസ് ക്യൂറി ഇന്നലെ ഹൈക്കോടതിയിൽ അറിയിച്ചു. എന്നാൽ കുട്ടിയെ ഇനി സ്വീകരിക്കാൻ ബുദ്ധിമുട്ടുണ്ടെന്ന നിലപാടാണ് ദമ്പതികൾ സ്വീകരിച്ചത്.
കുട്ടിയെ പഞ്ചാബിലേക്ക് തിരികെ കൊണ്ടുപോകുന്ന കാര്യത്തിൽ അവിടത്തെ അഡ്വക്കേറ്റ് ജനറൽ അനുകൂലമായാണ് പ്രതികരിച്ചതെന്നും അമിക്കസ് ക്യൂറി വിശദീകരിച്ചു. തുടർന്നാണ് പെൺകുട്ടിയുടെ താത്പര്യം കൂടി ആരാഞ്ഞ് തുടർനടപടി സ്വീകരിക്കാൻ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അമിക്കസ് ക്യൂറിയെ ചുമതലപ്പെടുത്തിയത്.
കാറപകടത്തിൽ മകൻ മരിച്ചതിനെ തുടർന്ന് ഹർജിക്കാർ പെൺകുട്ടിയെ ദത്തെടുക്കുകയായിരുന്നു. തങ്ങളെ രക്ഷിതാക്കളായി പെൺകുട്ടിക്ക് അംഗീകരിക്കാൻ കഴിയുന്നില്ലെന്നും ഒരുമിച്ചു പോകാൻ തയ്യാറാവുന്നില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ദത്തെടുക്കൽ റദ്ദാക്കാൻ ഹർജി നൽകിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |