കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെയെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി നൈസായി പ്രഖ്യാപിച്ച് 'ഇന്ത്യ" മുന്നണിയിലെ ഐക്യ ചർച്ച 'റിവേഴ്‌സ് ഗിയറിലാക്കിയ" വംഗദേശനായിക മമതാജിക്ക് ലേശം ആശ്വാസമായി. മമതാജി തനിക്കിട്ടൊന്നു താങ്ങിയതാണോയെന്ന സംശയം ഇല്ലാതില്ലെങ്കിലും ഖാർഗെജി സന്തോഷംകൊണ്ട് പൊട്ടിക്കരഞ്ഞുപോയി. ഡൽഹി മുഖ്യൻ കേജ്‌രിവാളും മമതാജിക്ക് പിന്തുണ പ്രഖ്യാപിച്ചതോടെ മുന്നണി ഉഷാറായി. തന്ത്രപ്രധാനമായ ഈ തീരുമാനത്തിൽ ബീഹാറിലെ നിതീഷ്ജി, ലാലുജി എന്നിവർക്ക് ഒരുപാട് സന്തോഷമായെങ്കിലും മമതാജി ഒറ്റയ്ക്ക് പ്രഖ്യാപിച്ചതിൽ വിഷമമുള്ളതുകൊണ്ട് ചിരി ഒഴിവാക്കി. അവരും ഖാർഗെജിയുടെ പേരു പ്രഖ്യാപിക്കാനിരിക്കയായിരുന്നു. 'ഇന്ത്യ" മുന്നണിയിലെ ഐക്യവും അർഹതയുള്ളവരുടെ പക്വതയുമാണ് ഇതു കാണിക്കുന്നത്. പ്രധാനമന്ത്രിയാകാൻ ഒരുപാട് മിടുമിടുക്കന്മാരുള്ള മുന്നണിയാണിതെങ്കിൽ ബി.ജെ.പി നേതൃത്വത്തിലുള്ള എൻ.ഡി.എയുടെ കാര്യം നേരെ മറിച്ചാണ് ; മോദിയുടെ പേരല്ലാതെ കേൾക്കാനില്ല. അതായത്, ശുഷ്കവും ശൂന്യവുമാണ് കാവിമുന്നണി. ജനാധിപത്യ പ്രസ്ഥാനവും ഫാസിസവും തമ്മിലുള്ള വ്യത്യാസം ഇതിൽ നിന്നു വ്യക്തമാണ്.
ദ്രാവിഡമന്നൻ സ്റ്റാലിൻ മുതൽ വടക്കോട്ട് ഒരുപാട് മിടുക്കന്മാർ എന്തു ത്യാഗത്തിനും തയ്യാറായി നില്പുണ്ടെന്നത് 'ഇന്ത്യ" മുന്നണിയുടെ ഭാഗ്യമാണ്. കേരളത്തിന്റെ വിശ്വപൗരൻ തരൂർ ശശിജി ആളു കേമനാണെങ്കിലും അത്രയും മിടുക്ക് വേണ്ടെന്ന കാര്യത്തിൽ ഏകാഭിപ്രായക്കാരാണ് 'ഇന്ത്യൻ" കാരണവന്മാർ. ശുദ്ധഗതിക്കാരനായതിനാൽ രാഹുൽജിക്ക് കാര്യങ്ങൾ അത്രയങ്ങ് പിടികിട്ടിയിട്ടില്ല. കേരളത്തിലെത്തി ആന്റണിയങ്കിളിനോട് ചോദിക്കണമെന്നുണ്ടെങ്കിലും മൂപ്പര് പൊട്ടിക്കരയാനൊരു കാരണം നോക്കിയിരിക്കുന്നതിനാൽ തത്ക്കാലം പോകേണ്ടെന്നാണത്രേ പ്രിയങ്കാജിയുടെ ഉപദേശം. വാർറൂം മേധാവി വേണുഗോപാൽജി കൂടെയുള്ളതിനാൽ ഒന്നും പേടിക്കേണ്ട.
അതേസമയം, ഖാർഗെജി കൊള്ളാമെങ്കിലും കന്നഡക്കാരനായതിനാൽ ഡൽഹിയിലെ കാലാവസ്ഥ അദ്ദേഹത്തിന് പറ്റുമോയെന്ന കാര്യത്തിൽ മുന്നണിയിൽ പൊതുവേ ആശങ്കയുണ്ട്. നിതീഷ്ജിയും ലാലുജിയും ഇതു കണ്ടുപിടിച്ചപ്പോഴാണ് ബാക്കിയുള്ളവർക്കും അതു ശരിയാണല്ലോയെന്നു തോന്നിയത്. സ്റ്റാലിനണ്ണനും മുലായത്തിന്റെ മോൻ അഖിലേഷും ഇതിനോടു യോജിച്ചതായാണ് സൂചന. കാവേരി നദിയിലെ വെള്ളം മുഴുവൻ പിടിച്ചുവച്ച് തമിഴ് മക്കളെ പീഡിപ്പിക്കുന്ന കന്നഡക്കാരിലൊരുത്തൻ ചുളുവിൽ പ്രധാനമന്ത്രിയാകേണ്ടെന്ന് അയൽപക്കത്തെ കമ്മ്യൂണിസ്റ്റ് സുഹൃത്തുക്കളോട് സ്റ്റാലിൻ പറഞ്ഞതായാണ് വിവരം. പ്രധാനമന്ത്രിയാകാൻ പറ്റിയ ചില കമ്മ്യൂണിസ്റ്റുകാർ കേരളത്തിലുണ്ടെങ്കിലും ഒരാളുടെ പേരുപോലും മുന്നണിയിലെ ആരും പ്രഖ്യാപിക്കാത്തതിൽ സഖാക്കൾക്കു വിഷമമുണ്ട്. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ചിഹ്നത്തിലെ അരിവാൾ പേരിനൊപ്പം കൊണ്ടുനടക്കുന്ന കേജ്‌രിവാൾ ആളു ശരിയല്ലെന്നു മാത്രമല്ല ഉള്ളിന്റെയുള്ളിൽ ഫാസിസ്റ്റാണോയെന്നും സംശയമുണ്ട്. ബംഗാളിൽ ഒന്നിച്ചു മത്സരിക്കാമെന്നു പറഞ്ഞ് ആയമ്മ ക്ഷണിക്കുന്നുണ്ടെങ്കിലും കേരളത്തിലെ ബംഗാളികളിൽ നിന്ന് ശക്തമായ എതിർപ്പ് ഉയർന്നുകഴിഞ്ഞു. ഇനിയും തല്ലുകൊള്ളാൻ അവിടേക്ക് പറഞ്ഞുവിടല്ലേയെന്നാണ് അവരുടെ വിലാപം. നിർബന്ധിച്ചു പറഞ്ഞുവിട്ടാൽ കേരളത്തിലെ പൊറോട്ട നിർമ്മാണ മേഖല പ്രതിസന്ധിയിലാകുമെന്ന പ്രശ്‌നവുമുണ്ട്.
ചുള്ളൻ നേതാവെന്നു പറഞ്ഞ് 80 വയസ് പിന്നിട്ട ഖാർഗയെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഉയർത്തിക്കാട്ടി രാഹുൽജിയെയും മറ്റു ചിലരെയും കാലുവാരാനാണ് മമതാജിയുടെ നീക്കമെന്ന് ചില തുരപ്പൻമാർ പറഞ്ഞുപരത്തുന്നുണ്ട്. രാജ്യത്തൊരു ദളിത് പ്രധാനമന്ത്രിയുണ്ടാകണമെന്നാണ് മമതാജിയുടെ ആഗ്രഹം. മോദിക്കെതിരെ പ്രിയങ്കാജി മത്സരിക്കണമെന്ന് പറഞ്ഞതും ആ നല്ലമനസാണ്. എന്തുസഹായത്തിനും പിന്നിൽ പാറപോലെ ദീദിയുണ്ടാകും.
ദീദിയുടെ ആത്മാർത്ഥത ഇത്തിരി വൈകിയാണെങ്കിലും ബോദ്ധ്യമായ ഖാർഗെജി തന്നെ വെറുതേവിടണമെന്ന് അപേക്ഷിച്ചിട്ടുണ്ട്.
കൂവിത്തോല്പിച്ചാൽ
ഗെറ്റൗട്ട് ഫ്രം ദി കൺട്രി
ജനാധിപത്യത്തിന്റെ ശ്രീകോവിലായ പാർലമെന്റിലിരുന്ന് കൂവുന്നതും ബഹളമുണ്ടാക്കുന്നതും ശുദ്ധ പോക്രിത്തരമാണ്. കാര്യവിവരമുള്ളവർ പറയുന്ന കാര്യങ്ങൾ മിണ്ടാതെ കേട്ടിരുന്ന് തലകുലുക്കുക, ക്ഷീണിക്കുമ്പോൾ മയങ്ങുക, ഉണരുമ്പോൾ ഭക്ഷണം കഴിക്കുക, വൈകിട്ട് ജാളിയായി കറങ്ങാൻ പോയി മുഗളായി കബാബ് കഴിക്കുക എന്നിങ്ങനെ ജനാധിപത്യത്തിലെ നല്ല ശീലങ്ങൾ ഉൾക്കൊള്ളാതെ ഇടയ്ക്കിടെ കൂവുന്നത് അടികൊള്ളാത്തതിന്റെ കുറവാണ്. അത് ചെയ്യാതെ പ്രതിപക്ഷത്തെ ചില ഉഴപ്പന്മാരെ സസ്‌പെൻഡ് ചെയ്ത് ഇറക്കിവിടുകയെന്ന മാന്യമായ സമീപനമാണ് ബി.ജെ.പി കൈക്കൊണ്ടത്. ആൾക്കൂട്ടമില്ലാത്ത സഭയിലിരുന്ന് ഇഷ്ടമുള്ള ബില്ലുകൾ പാസാക്കി കൊതിതീരുംവരെ കൈയടിക്കാം. പ്രതിപക്ഷമില്ലാത്ത സഭയെന്നത് നല്ലൊരു ആശയമാണ്. എന്തിനും ഉടക്കുണ്ടാക്കുന്ന പ്രതിപക്ഷം ആവശ്യമില്ല. ചെങ്കോൽ സ്ഥാപിച്ച ജനകീയ സഭയെ രാജസഭയാക്കി മാറ്റുകയെന്ന ലക്ഷ്യത്തിലേക്ക് അടുക്കുകയാണ്. രാജാവും മന്ത്രിമാരും മാത്രം മതി. ബാക്കിയുള്ളവർ 'ഗെറ്റൗട്ട് ഫ്രം ദി കൺട്രി.
വെറുതേയൊരു രസത്തിന് ചിലർ പാർലമെന്റിൽ നുഴഞ്ഞുകയറി പുകപ്രയോഗം നടത്തിയത് അത്രവലിയ കേസാക്കേണ്ട കാര്യമല്ല. എന്തായാലും വെറും പുകയല്ലേ. അല്പസമയം കാത്തിരുന്നാൽ പുകയടങ്ങി അന്തരീക്ഷം തെളിയുമെന്നു തിരിച്ചറിയാനുള്ള അറിവുപോലും പ്രതിപക്ഷത്തിനില്ല. പുകപ്രയോഗം നടത്തിയവർ മറ്റുവല്ല ഉദ്ദേശ്യത്തോടെയുമാണ് വന്നിരുന്നതെങ്കിൽ കാണാമായിരുന്നു. തടയാനും തകർക്കാനുമുള്ള മുറകളൊക്കെ ഭരണകക്ഷിയംഗങ്ങൾ പഠിച്ചുവരികയാണ്.
'ഏക്‌ഷൻ" ഹീറോ
സതീശൻജി
'രക്ഷാപ്രവർത്തകരായ" കൊച്ചുസഖാക്കളെ അക്രമികളായ യൂത്തന്മാർ തല്ലിച്ചതച്ചതു കണ്ട് നടുങ്ങിയിരിക്കുകയാണ് സാംസ്‌കാരിക കേരളം. അപകടമേഖലയിൽ നിന്ന് എങ്ങനെ ഓടിരക്ഷപ്പെടാമെന്നും കണ്ണൂർ കളരികളിൽ നിന്ന് കൊച്ചുസഖാക്കൾ പഠിച്ചിട്ടുണ്ട്. ഇത്രയും മിടുക്കന്മാരാണെന്ന് നവകേരള വണ്ടിയിലിരുന്ന മന്ത്രിമാരും കരുതിയില്ല. ബസിനു മുന്നിലേക്കു ചാടിയ യൂത്തന്മാരെ രക്ഷിക്കാൻ തൊട്ടുപിന്നാലെ സഖാക്കൾ ഡൈവ് ചെയ്തപ്പോൾ, സഖാക്കൾക്ക് എന്തെങ്കിലും സംഭവിച്ചാലോ എന്നു ഭയന്ന യൂത്തന്മാർ റിവേഴ്‌സ് രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു. ഓതിരം, കടകം, മറുകടകം എന്ന് നവകേരളബസിലിരുന്ന് മന്ത്രിമാർ പറഞ്ഞുകൊടുത്തെങ്കിലും ബഹളത്തിനിടെ കുട്ടികൾ കേട്ടില്ല.
പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഇത്ര ധൈര്യശാലിയാണെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ അറിഞ്ഞില്ല. കളരിയഭ്യാസിയായ സുധാകരനെ നിഷ്പ്രഭനാക്കിയാണ് പൊലീസിന് മുന്നിൽ നിന്ന് യൂത്തന്മാരെ രക്ഷിച്ച് സതീശൻജി നായകനായത്. അത്യാവശ്യം ചുവടുകൾ സതീശനെ സുധാകരഗുരുക്കൾ പഠിപ്പിച്ചിട്ടുണ്ടെങ്കിലും ഇത്രയും പ്രതീക്ഷിച്ചില്ല. ഏതായാലും ശിഷ്യൻമാർ കസറി. രക്ഷാപ്രവർത്തനം തുടരുമെന്ന് സതീശൻജി പ്രഖ്യാപിച്ച നിലയ്ക്ക് ഒരുപാട് ഏക്ഷനുകൾ പ്രതീക്ഷിക്കാം. ഇതിനിടെ കിട്ടിയ ഗ്യാപ്പിൽ കുട്ടിസംഘികളും രംഗത്തിറങ്ങിയതാണ് ട്വിസ്റ്റ്. കൊടികെട്ടിയ വടികൊണ്ടുള്ള യു.പി മോഡൽ രക്ഷാപ്രവർത്തനമായിരുന്നു അത്.
കാസർകോട്ടും കണ്ണൂരും കിട്ടിയ അടികൾ കൊല്ലത്തും തിരുവനന്തപുരത്തും യൂത്തന്മാർ പലിശസഹിതം തിരിച്ചുകൊടുത്തതോടെ ആസ്ഥാനകവികൾ അനങ്ങിത്തുടങ്ങി. കണ്ണുതുടയ്ക്കൂ കേരളമേ, കഴുകന്മാരേ കരയിക്കല്ലേ തുടങ്ങിയ തലക്കെട്ടുകളിൽ കവിതയും ലേഖനവും വൈകാതെ പ്രതീക്ഷിക്കാം. ഒരു ഭാഗത്ത് ഗവർണറും മറുഭാഗത്ത് കോൺഗ്രസ് ഭീകരന്മാരും കൊത്തിവലിക്കുമ്പോൾ സാംസ്‌കാരിക കേരളത്തിലെ വിദ്യാഭ്യാസമുള്ള യുവാക്കൾ പിടഞ്ഞുവീഴുകയാണ്. ഇതിനിടയിൽ നുഴഞ്ഞുകയറി കാവി ഭീകരന്മാരും അഴിഞ്ഞാടുന്നു. കേരളത്തെ കലാപഭൂമിയാക്കാൻ സംഘികളും പാതിസംഘികളായ കോൺഗ്രസുകാരും ആസൂത്രണം ചെയ്ത അക്രമങ്ങൾക്ക് ചില വിദേശശക്തികൾക്കും പങ്കുണ്ടെന്ന് ന്യായമായും സംശയിക്കാം. കേരളത്തിലെ ജനാധിപത്യ സർക്കാരിനെ പിരിച്ചുവിട്ട് അധികാരം പിടിക്കാനാണ് മൂത്തസംഘികളുടെ നീക്കം. അതിന് ഇതിന്റെയൊന്നും ആവശ്യമില്ല. ഇങ്ങു തന്നേക്കൂ എന്നു പറഞ്ഞാൽ കൈയിൽ വച്ചുകൊടുക്കാൻ തയ്യാറാണ്. ഉടനെ തിരിച്ചുതരരുത്, പ്ലീസ്. കൈയിൽ നയാപൈസയില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |