സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളേജുകളിലെ അദ്ധ്യാപകക്ഷാമം പണ്ടുമുതലേ ചർച്ചാവിഷയമായിരുന്നു. മെഡിക്കൽ കോളേജുകൾ കുറവായിരുന്ന കാലത്തും അദ്ധ്യാപകരുടെ കുറവ് ചൂണ്ടിക്കാട്ടി മെഡിക്കൽ കൗൺസിലിന്റെ കടുത്ത നടപടികളും നേരിട്ടിരുന്നു. മെഡിക്കൽ കൗൺസിൽ അംഗങ്ങൾ പരിശോധന നടത്താനെത്തുമ്പോൾ മറ്റിടങ്ങളിൽ നിന്ന് താത്‌കാലികമായി അദ്ധ്യാപകരെ എത്തിച്ച് ഓട്ടയടയ്ക്കുകയായിരുന്നു പതിവ്. എന്നിരുന്നാലും ചിലപ്പോൾ ഈ വിദ്യ വേണ്ടത്ര ഫലിച്ചിരുന്നില്ല. മെഡിക്കൽ സീറ്റുകൾ വെട്ടിക്കുറച്ചും പുതിയ ബാച്ചുകളുടെ അംഗീകാരം റദ്ദാക്കിയുമാണ് മെഡിക്കൽ കൗൺസിൽ ഇതിനെ നേരിട്ടിരുന്നത്.
സർക്കാർ മേഖലയിൽ കൂടുതൽ മെഡിക്കൽ കോളേജുകൾ വന്നതോടെ ഫാക്കൽറ്റി ക്ഷാമം കൂടുതൽ ഗുരുതരാവസ്ഥയിൽ എത്തുകയായിരുന്നു. പുതുതായി ആരംഭിച്ച കോന്നി, കൊല്ലം, മഞ്ചേരി തുടങ്ങിയ മെഡിക്കൽ കോളേജുകളുടെ പ്രവർത്തനം തന്നെ നിറുത്തിവയ്ക്കേണ്ട സാഹചര്യങ്ങളുണ്ടായത് പ്രധാനമായും അദ്ധ്യാപക ക്ഷാമത്തിന്റെ പേരിലാണ്. മെഡിക്കൽ സീറ്റുകൾ വർദ്ധിപ്പിക്കണമെന്ന് ഒരുവശത്ത് ആവശ്യപ്പെടുകയും, മറുവശത്ത് വേണ്ടത്ര അദ്ധ്യാപകരെ നിയമിക്കാതിരിക്കുകയും ചെയ്യുന്ന സമീപനമാണ് സർക്കാരിന്റേത്. ഞങ്ങൾ ഏതാനും ദിവസം മുൻപ് പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ സർക്കാർ മെഡിക്കൽ കോളേജുകളിലെ അദ്ധ്യാപക ക്ഷാമം ചൂണ്ടിക്കാട്ടിയിരുന്നു. പത്തും നൂറുമല്ല, 344 ഒഴിവുകളാണ് നികത്തപ്പെടാതെ കിടക്കുന്നത്. ഏതായാലും സർക്കാർ മെഡിക്കൽ കോളേജുകളിൽ പുതുതായി 262 അദ്ധ്യാപക തസ്തികകൾ അനുവദിക്കാൻ ബുധനാഴ്ച മന്ത്രിസഭായോഗം കൈക്കൊണ്ട തീരുമാനം അങ്ങേയറ്റം ഉചിതമായെന്നു പറയാം. എല്ലാ സർക്കാർ മെഡിക്കൽ കോളേജുകൾക്കും പ്രയോജനപ്പെടുന്ന തീരുമാനമാണിത്.
എല്ലാ മേഖലകളിലും അവഗണന നേരിടുന്ന കാസർകോട്ട് ഒരു മെഡിക്കൽ കോളേജ് സർക്കാർ അനുവദിച്ചതുതന്നെ ജനങ്ങളുടെ ഏറെക്കാലത്തെ മുറവിളിക്കു ശേഷമാണ്. കോളേജ് ഉദ്ഘാടനം നടന്നുവെന്നല്ലാതെ ഒരു മെഡിക്കൽ കോളേജിനാവശ്യമായ ഏറ്റവും കുറഞ്ഞ സൗകര്യങ്ങൾ പോലും അവിടെ ഉണ്ടായിരുന്നില്ല. കൂടുതൽ എന്തിനു പറയണം, പ്രിൻസിപ്പലിനെപ്പോലും നിയമിച്ചിരുന്നില്ല. കഴിഞ്ഞ ദിവസമാണ് ആ സദ്‌കർമ്മം മന്ത്രിസഭ നടത്തിയത്. സുപ്രധാന വകുപ്പുകൾ ശക്തിപ്പെടുത്താനാവശ്യമായ പുതിയ തസ്തികകളും അനുവദിച്ചിട്ടുണ്ട്. പുതുതായി നിലവിൽ വന്ന കോളേജുകളിൽ ആവശ്യത്തിന് അദ്ധ്യാപക തസ്തികകൾ അനുവദിച്ചു. തിരുവനന്തപുരം, കൊല്ലം, കോന്നി, എറണാകുളം, ഇടുക്കി, കണ്ണൂർ എന്നീ മെഡിക്കൽ കോളേജുകളുടെ പ്രവർത്തനം സുഗമമാക്കാനാവശ്യമായ വിധത്തിൽ വൻതോതിലാണ് അദ്ധ്യാപകരെ നിയമിക്കാൻ പോകുന്നത്.
കോന്നി, ഇടുക്കി, മഞ്ചേരി, കാസർകോട് എന്നീ മെഡിക്കൽ കോളേജുകൾ നാമമാത്രമായാണ് പ്രവർത്തിച്ചുവരുന്നത്. അദ്ധ്യാപക ക്ഷാമം ഇവിടെ പഠിക്കുന്ന കുട്ടികളെയും ബാധിച്ചിരുന്നു. ജനിതകരോഗ പഠനത്തിനും ചികിത്സയ്ക്കുമായി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പുതുതായി ജനറ്റിക്സ് വിഭാഗം തുടങ്ങാനുള്ള തീരുമാനവും സാധാരണക്കാർക്ക് ഗുണകരമാകും. സംസ്ഥാനത്തെ ആദ്യത്തെ മെഡിക്കൽ കോളേജായിട്ടും പല അത്യാധുനിക ചികിത്സാ സൗകര്യങ്ങളും ഇനിയും ഇവിടെ വരാനുണ്ട്.
സംസ്ഥാനമൊട്ടുക്കും സ്വകാര്യ മേഖലയിൽ വമ്പൻ ചികിത്സാ കേന്ദ്രങ്ങൾ വന്നതാണ് സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രികൾ അവഗണന നേരിടാൻ ഒരു പ്രധാന കാരണം. സാമ്പത്തിക ശേഷിയുള്ളവർ മാത്രമല്ല, വരുമാനം കുറഞ്ഞ സാധാരണക്കാരും ആവുന്നത്ര കടം വാങ്ങിയും നല്ല ചികിത്സ തേടി സ്വകാര്യ മേഖലയെ ആശ്രയിക്കുന്ന പതിവാണിവിടെ. എന്നാലും ബഹുഭൂരിപക്ഷം വരുന്ന സാധാരണക്കാർക്ക് ഇന്നും ആശ്രയം സർക്കാർ ആശുപത്രികൾ തന്നെ. അതിനനുസരിച്ച് മെഡിക്കൽ കോളേജുകളിൽ മാത്രമല്ല, മറ്റ് സർക്കാർ ആശുപത്രികളിലും ചികിത്സാ സൗകര്യങ്ങൾ വർദ്ധിപ്പിക്കാൻ സർക്കാരിന്റെ ഇടപെടൽ ആവശ്യമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |