തിരുവനന്തപുരം:കൺസ്യൂമർഫെഡിന്റെ ക്രിസ്മസ് പുതുവത്സര സഹകരണ വിപണിയുടെ സംസ്ഥാനതല ഉദ്ഘാടനവും ആദ്യ വില്പനയും സ്റ്റാച്യു ജംഗ്ഷനിലുള്ള വിപണന കേന്ദ്രത്തിൽ മന്ത്രി വി.എൻ. വാസവൻ നിർവഹിച്ചു.
14 ജില്ലാ കേന്ദ്രങ്ങളിലായി ഡിസംബർ 23 മുതൽ 30 വരെ ഞായറാഴ്ച ഉൾപ്പെടെ വിപണി പ്രവർത്തിക്കും. പൊതു മാർക്കറ്റിനേക്കാൾ 30 മുതൽ 50 ശതമാനം വരെ വിലക്കുറവിൽ സർക്കാർ സബ്സിഡിയിൽ 13 ഉത്പന്നങ്ങൾ വില്പന നടത്തും. പൊതു വിപണിയിൽ 965 രൂപ വിലയാവുന്ന സാധനങ്ങൾ 462 രൂപ 50 പൈസയ്ക്ക് റേഷൻ കാർഡിന്റെ അടിസ്ഥാനത്തിൽ വിതരണം ചെയ്യും.ക്രിസ്മസ് ആഘോഷങ്ങൾക്ക് ആവശ്യമായ ബിരിയാണി അരി, ഡാൽഡ, ആട്ട,മൈദ, റവ, അരിപ്പൊടി,സേമിയ,പാലട അരിയട, ചുവന്നുള്ളി, സവാള എന്നിവ ഉൾപ്പെടെ മറ്റ് അവശ്യ സാധനങ്ങളും പ്രത്യേക വിലക്കുറവിൽ ലഭ്യമാകും.
ഉദ്ഘാടനച്ചടങ്ങിൽമന്ത്രി ആന്റണി രാജു അദ്ധ്യക്ഷത വഹിച്ചു. കൺസ്യൂമർഫെഡ് ചെയർമാൻ എം.മെഹബൂബ്,സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി, കൺസ്യൂമർഫെഡ് മാനേജിംഗ് ഡയറക്ടർ എം.സലിം, കൺസ്യൂമർഫെഡ് വൈസ് ചെയർമാൻ പി. എം. ഇസ്മയിൽ, എക്സിക്യൂട്ടീവ് ഡയറക്ടർ ലേഖ സുരേഷ് ,റീജിയണൽ മാനേജർ ബി.എസ്. സലീന എന്നിവർ പങ്കെടുത്തു.
അദ്ധ്യാപക നിയമനം: ഉത്തരവ്
പാലിക്കാതെ പൊതുവിദ്യാഭ്യാസ
വകുപ്പ് ഉന്നതർ ശമ്പളം വാങ്ങരുത്
കൊച്ചി: കണ്ണൂർ ജില്ലയിലെ കടമ്പൂർ ഹയർ സെക്കൻഡറി സ്കൂളിലെ അദ്ധ്യാപക നിയമനങ്ങൾ അംഗീകരിച്ച് ശമ്പള കുടിശിക കൊടുത്തു തീർക്കണമെന്ന ഉത്തരവ് ജനുവരി നാലിനകം നടപ്പാക്കണമെന്നും അല്ലാത്ത പക്ഷം ഉത്തരവ് പാലിക്കുന്നതുവരെ പൊതുവിദ്യാഭ്യാസ വകുപ്പു സെക്രട്ടറി റാണി ജോർജ്, പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്. ഷാനവാസ്, കണ്ണൂർ ഡി.ഇ.ഒ കെ. ജിഗീഷു എന്നിവർ ശമ്പളം വാങ്ങരുതെന്നും ഹൈക്കോടതി ഉത്തരവിട്ടു.
അദ്ധ്യാപക നിയമനങ്ങൾ അംഗീകരിക്കാനുള്ള ഹൈക്കോടതി ഉത്തരവ് പാലിച്ചില്ലെന്ന് ആരോപിച്ച് കടമ്പൂർ സ്കൂൾ മാനേജർ പി. മുരളീധരൻ നൽകിയ കോടതിയലക്ഷ്യ ഹർജിയിലാണ് ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് സി.പി. മുഹമ്മദ് നിയാസ് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്.
കടമ്പൂർ സ്കൂളിൽ 2016 മുതൽ നിയമിതരായ 128 അദ്ധ്യാപകരുടെ നിയമനങ്ങൾ രണ്ടു മാസത്തിനകം അംഗീകരിച്ച് മുഴുവൻ ശമ്പള കുടിശികയും നൽകാൻ കഴിഞ്ഞ ഫെബ്രുവരി 23 ന് സിംഗിൾ ബെഞ്ച് ഉത്തരവിട്ടിരുന്നു. ഇതിനെതിരെ സർക്കാർ നൽകിയ അപ്പീൽ തള്ളിയ ഡിവിഷൻ ബെഞ്ച് രണ്ടുമാസത്തിനകം ഉത്തരവു നടപ്പാക്കാൻ ആഗസ്റ്റ് ഒമ്പതിന് ഉത്തരവിട്ടെങ്കിലും നടപ്പാക്കിയിരുന്നില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |