കൊച്ചി: ഏകീകരിച്ച കുർബാന ക്രിസ്‌മസ് ദിനത്തിൽ ഒരുതവണ അർപ്പിക്കാൻ അനുവദിച്ച് മാർപാപ്പയുടെ നിർദ്ദേശം പാലിക്കാൻ എറണാകുളം- അങ്കമാലി അതിരൂപതയിലെ വൈദികർ തയ്യാറായേക്കുമെന്ന് സൂചന. കുർബാനത്തർക്കം പരിഹരിക്കാൻ മാർപാപ്പ നിയോഗിച്ച പ്രതിനിധി ആർച്ച് ബിഷപ്പ് സിറിൽ വാസിൽ സമർപ്പിക്കുന്ന റിപ്പോർട്ടിൽ ഉടൻ നടപടി ഉണ്ടാകാനിടയില്ലാത്തതിനാലാണ് വൈദികർ വഴങ്ങുന്നത്.
ഏകീകൃത കുർബാനയെ എതിർക്കുന്ന വൈദികരുൾപ്പെടെയുള്ളവരുമായി കൂടിക്കാഴ്ച നടത്തിയ സിറിൽ വാസിൽ ഇന്നലെ രാവിലെ മടങ്ങി. പ്രശ്നങ്ങളും പരിഹാരനിർദ്ദേശങ്ങളും അദ്ദേഹം 26ന് മാർപാപ്പയ്ക്ക് സമർപ്പിക്കുമെന്നാണ് സൂചന.
ക്രിസ്‌മസ് പാതിരാക്കുർബാന മുതൽ സിനഡ് അംഗീകരിച്ച ഏകീകൃത കുർബാന അർപ്പിക്കണമെന്ന മാർപാപ്പയുടെ നിർദ്ദേശം നടപ്പാക്കണമെന്നാണ് സിറിൽ വാസിലിന്റെ നിലപാട്.
മാർപാപ്പയുടെ നിർദ്ദേശം ലംഘിച്ചെന്ന ആക്ഷേപം ഒഴിവാക്കുന്നതിനായി അതിരൂപതാ ആസ്ഥാനദേവാലയമായ എറണാകുളം സെന്റ് മേരീസ് ബസിലിക്ക കത്തീഡ്രലിൽ ഒരുതവണ ഏകീകൃത കുർബാന അർപ്പിക്കാൻ അനുവദിക്കാമെന്ന നിലപാടിലാണ് വൈദികർ. മറ്റു കുർബാനകൾ ജനാഭിമുഖമായി നടത്തും. ഇടവക ദേവാലയങ്ങൾ, മലയാറ്റൂർ പോലുള്ള തീർത്ഥാടനകേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ മാസത്തിൽ ഒരുതവണ ഏകീകൃത കുർബാന അർപ്പിക്കാൻ അനുവദിക്കാമെന്നും അവർ പറയുന്നു. രണ്ടാംഘട്ട ചർച്ചകൾ പൂർത്തിയാക്കിയാണ് സിറിൽ വാസിൽ മടങ്ങിയതെന്ന് അതിരൂപതാ വക്താവ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |