ന്യൂഡൽഹി : ദേശീയ ഗുസ്തി ഫെഡറേഷന്റെ ഭരണനിർവഹണത്തിനായി അഡ്ഹോക്ക് കമ്മിറ്റി രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് കായിക മന്ത്രാലയം ഇന്ത്യൻ ഒളിമ്പിക്സ് അസോസിയേഷന് കത്ത് നൽകി. കേന്ദ്രമന്ത്രി അനുരാഗ് താക്കൂറാണ് കത്തയച്ചത്. ഗുസ്തി താരങ്ങളുടെ പ്രതിഷേധത്തെ തുടർന്ന് ഗുസ്തി ഫെഡറേഷന്റെ പുതിയ ഭരണസമിതിയെ കേന്ദ്രസർക്കാർ സസ്പെൻഡ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ നിർദ്ദേശം.
കായികതാരങ്ങളുടെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയത്തിലടക്കം തീരുമാനമെടുക്കാൻ അഡ്‌ഹോക് കമ്മിറ്റി ശ്രദ്ധിക്കണമെന്ന് ഇന്ത്യൻ ഒളിമ്പിക്സ് അസോസിയേഷൻ മേധാവിക്ക് മന്ത്രാലയം അയച്ച കത്തിൽ ചൂണ്ടിക്കാട്ടുന്നു. ഗുസ്തി ഫെഡറേഷന്റെ മുൻ ഭാരവാഹികളുടെ സ്വാധീനവും നിയന്ത്രണവും മൂലം ഫെഡറേഷന്റെ പ്രവർത്തനങ്ങളിൽ കടുത്ത ആശങ്കയുണ്ട്. കൃത്യമായ ഭരണം ഉറപ്പുവരുത്താൻ കർശനമായ തിരുത്തൽ നടപടികൾ ഒളിമ്പിക്സ് അസോസിയേഷൻ ഉറപ്പാക്കണം. ഗുസ്തി താരങ്ങൾക്ക് ഒരു രീതിയിലുള്ള ബുദ്ധിമുട്ടുകളും ഉണ്ടാകരുതെന്നും കത്തിൽ പറയുന്നു. അഡ്ഹോക്ക് കമ്മിറ്റിക്കായിരിക്കും ഗുസ്തി ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ ദൈനംദിന കാര്യങ്ങളിൽ തീരുമാനമെടുക്കാനുള്ള ചുമതല.
ഗുസ്‌തി ഫെഡറേഷൻ ഒഫ് ഇന്ത്യയുടെ (ഡബ്ള്യു എഫ് ഐ) പുതിയ ഭരണസമിതിയെ കായികമന്ത്രാലയം നേരത്തെ സസ്‌പെൻഡ് ചെയ്തിരുന്നു. പ്രായപൂര്‍ത്തിയാകാത്ത താരത്തെ ഉള്‍പ്പെടെ ഏഴ് പേരെ പീഡിപ്പിച്ച ബിജെപി എംപി ബ്രിജ് ഭൂഷണ്‍ ശരണിന്റെ അടുത്ത അനുയായി ഡബ്ള്യു എഫ് ഐയുടെ അദ്ധ്യക്ഷ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടതിൽ കായികതാരങ്ങൾ പ്രതിഷേധം ശക്തമാക്കുന്നതിനിടെയാണ് നടപടി. പുതിയതായി തിരഞ്ഞെടുക്കപ്പെട്ട സമിതി മുൻ ഭാരവാഹികളുടെ പൂർണ നിയന്ത്രണത്തിലാണെന്ന് കരുതുന്നതായി ചൂണ്ടിക്കാട്ടിയാണ് കായികമന്ത്രാലയത്തിന്റെ ഇടപെടൽ.
ബ്രിജ് ഭൂഷൺ ശരൺ സിംഗിന്റെ അടുത്ത അനുയായിയായ സഞ്ജയ് സിംഗിന്റെ നേതൃത്വത്തിലുള്ള പുതിയ ഭരണസമിതി ‘നിയമപരവും നടപടിക്രമപരവുമായ മാനദണ്ഡങ്ങളോടുള്ള നഗ്നമായ അവഗണന’യുടെ ഉദാഹരണമാണെന്ന് പ്രസ്താവനയിൽ മന്ത്രാലയം കുറ്റപ്പെടുത്തി.
കഴിഞ്ഞ വ്യാഴാഴ്‌ചയാണ് സഞ്ജയ് സിംഗിന്റെ നേതൃത്വത്തിൽ പുതിയ ഭരണസമിതി തിരഞ്ഞെടുക്കപ്പെട്ടത്.ഫെഡറേഷന്റെ കാര്യങ്ങൾ നടത്തുന്നത് മുൻ ഭാരവാഹികളുടെ നിയന്ത്രണത്തിലുള്ള സ്ഥലങ്ങളിൽ വച്ചാണ്. കായിക താരങ്ങൾക്കെതിരായ ലൈംഗികാതിക്രമം ആരോപിക്കപ്പെടുന്നതും ഇതേ സ്ഥലങ്ങളിലാണ്. ആരോപണങ്ങളിൽ കോടതി നടപടികൾ പുരോഗമിക്കുകയാണെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി.അണ്ടർ 15, അണ്ടർ 20 ദേശീയ ചാമ്പ്യൻഷിപ്പുകൾ ബ്രിജ് ഭൂഷന്റെ നാടായ ഗോണ്ടയിൽ നടത്താനുള്ള സഞ്ജയ് സിംഗിന്റെ തീരുമാനവും മന്ത്രാലയത്തെ പ്രകോപിപ്പിച്ചു. പ്രസ്തുത ദേശീയ മത്സരങ്ങളിൽ പങ്കെടുക്കേണ്ട ഗുസ്തി താരങ്ങൾക്ക് മതിയായ അറിയിപ്പ് നൽകാതെയും ഡബ്ല്യു എഫ് ഐയുടെ ഭരണഘടനയിലെ വ്യവസ്ഥകൾ പാലിക്കാതെയും തിടുക്കത്തിലുള്ളതാണ് ഈ പ്രഖ്യാപനമെന്ന് മന്ത്രാലയം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |