
സന്തോഷ് ട്രോഫി ആദ്യ മത്സരത്തിൽ പഞ്ചാബിനെ 3-1ന് തോൽപ്പിച്ച് കേരളം
കേരളത്തിന്റെ വിജയം ആദ്യ പകുതിയിൽ ഒരു ഗോളിന് പിന്നിൽ നിന്നശേഷം
മുഹമ്മദ് അജ്സലിന് ഇരട്ട ഗോൾ
ദിബ്രുഗഡ് : സന്തോഷ് ട്രോഫി ഫുട്ബാൾ ടൂർണമെന്റിന്റെ ഫൈനൽ റൗണ്ടിലെ ആദ്യ മത്സരത്തിൽ ഒരു ഗോളിന് പിന്നിട്ടുനിന്നശേഷം മൂന്നുഗോളുകൾ തിരിച്ചടിച്ച് പഞ്ചാബിനെ കീഴടക്കി കേരളത്തിന് സന്തോഷത്തുടക്കം. രണ്ടാം പകുതിയിൽ ഇരട്ട ഗോളുകൾ നേടിയ മുഹമ്മദ് അജ്സൽ കേരളത്തിന്റെ വിജയത്തിന് തിളക്കമേറ്റിയപ്പോൾ എം.മനോജാണ് സമനില ഗോൾ നേടിയത്.
സിലാപത്തർ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിന്റെ തുടക്കത്തിൽ ഗ്രൗണ്ടിനോട് ഇണങ്ങാൻ അൽപ്പം ബുദ്ധിമുട്ടിയ കേരള ടീമിന് പാസിംഗിലും പന്തടക്കത്തിലും പിഴവുകളുണ്ടായി. ഇതുമുതലെടുത്ത് 21-ാം മിനിട്ടിൽ ജതീന്ദർ സിംഗ് റാണ പഞ്ചാബിനെ മുന്നിലെത്തിച്ചു. എന്നാൽ രണ്ടാം പകുതിയിൽ തിരിച്ചടിക്കാൻ ഉറച്ചിറങ്ങിയ കേരളത്തിനായി 55-ാംമിനിട്ടിൽ സന്ദീപന്റെ കോർണർകിക്കിന് തലവച്ച് മനോജ് സമനില പിടിച്ചെടുത്തു. മൂന്ന് മിനിട്ടിനകം അജ്സലിന്റെ ആദ്യ ഗോൾ പിറന്നു. മുഹമ്മദ് സിനാൻ നൽകിയ ലോംഗ്പാസാണ് അജ്സൽ ഗോളാക്കിയത്. 62-ാം മിനിട്ടിൽ അജ്‌സൽ അടുത്തഗോളും നേടി. പിന്നീട് തിരിച്ചടിക്കാൻ പഞ്ചാബിന് കഴിഞ്ഞതുമില്ല.
വിജയത്തോടെ ഗ്രൂപ്പ് ബിയിൽ മൂന്നുപോയിന്റുമായി കേരളം ഒന്നാമതാണ്. നാളെ റെയിൽവേയ്സിനെതിരെയാണ് കേരളത്തിന്റെ അടുത്തമത്സരം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |