കൊച്ചി: സി-ഡിറ്റ് ഡയറക്ടറുടെ യോഗ്യത പുനർനിർണയിച്ച് സർക്കാർ 2020 ഒക്ടോബർ 28നു നൽകിയ ഉത്തരവും ,അനുബന്ധ വിജ്ഞാപനവും നിയമനവും ചട്ട വിരുദ്ധമാണെന്ന് വിലയിരുത്തി ഹൈക്കോടതി റദ്ദാക്കി. മുൻ എം.പി ടി.എൻ. സീമയുടെ ഭർത്താവ് ജി. ജയരാജിന് ഇതോടെ ഡയറക്ടർ പദവി നഷ്ടമാകും.
സി-ഡിറ്റ് ഡയറക്ടറുടെ യോഗ്യത പുനർനിർണയിച്ച സർക്കാർ ഉത്തരവിനെതിരെ സി-ഡിറ്റിലെ ഇ -ഗവേണൻസ് ഇംപ്ളിമെന്റേഷൻ ഡിവിഷൻ ഡെപ്യൂട്ടി ഡയറക്ടർ എം.ആർ. മോഹനചന്ദ്രൻ നൽകിയ ഹർജിയിൽ ജസ്റ്റിസ് രാജാ വിജയരാഘവനാണ് വിധി പറഞ്ഞത്. വിദ്യാഭ്യാസ വിദഗ്ദ്ധൻ, പ്രഭാഷകൻ, ശാസ്ത്ര പ്രവർത്തകൻ എന്നീ വിഭാഗങ്ങളിൽ നിന്നൊരാളെ ഡയറക്‌ടറായി സർക്കാർ നിയമിക്കണമെന്നാണ് ചട്ടത്തിൽ പറയുന്നത്.
ഇതിനു വിരുദ്ധമായി ജി. ജയരാജിനെ നിയമിച്ചെന്നാരോപിച്ച് ഹർജിക്കാരൻ 2020ൽ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹർജി നിലനിൽക്കെ ജയരാജിന്റെ നിയമനം സർക്കാർ റദ്ദാക്കി. ഇതിനു ശേഷം ഡയറക്ടറുടെ യോഗ്യത പുനർ നിർണയിച്ച് ഉത്തരവിറക്കി. വിരമിച്ച ജീവനക്കാരെയും ഡയറക്ടർ സ്ഥാനത്തേക്ക് പരിഗണിക്കാമെന്നതടക്കമുള്ള വ്യവസ്ഥകളാണ് പുതുതായി ഉൾപ്പെടുത്തിയത്.
ഇതിനെതിരെ ഹർജി നൽകിയ മോഹനചന്ദ്രൻ, സൊസൈറ്റിയായി രജിസ്റ്റർ ചെയ്ത സി-ഡിറ്റിലെ വ്യവസ്ഥകൾ ഭേദഗതി ചെയ്യാൻ നിർവാഹക സമിതിക്ക് മാത്രമാണ് അധികാരമെന്ന് വാദിച്ചു. ഡയറക്ടറുടെ യോഗ്യത പുനർനിർണയിക്കാൻ നിർവാഹക സമിതി തീരുമാനമെടുത്തിട്ടില്ലെന്നും ചൂണ്ടിക്കാട്ടി.
ഡയറക്ടറുടെ യോഗ്യത പുനർനിർണയിക്കാൻ നിർവാഹക സമിതിയുടെ അംഗീകാരം വേണ്ടെന്നായിരുന്നു സർക്കാരിന്റെ വാദം. സി-ഡിറ്റ് രജിസ്ട്രാർ നൽകിയ ശുപാർശയനുസരിച്ചാണ് യോഗ്യതയിൽ മാറ്റം വരുത്തിയത്. മൂന്നംഗ സെർച്ച് കമ്മിറ്റി നൽകിയ ശുപാർശ പ്രകാരം ജയരാജിനെ വീണ്ടും നിയമിച്ചെന്നും വിശദീകരിച്ചു. സി-ഡിറ്റ് സർക്കാരിന്റെ നിയന്ത്രണത്തിലായതിനാൽ ഹർജിക്കാരൻ പറയുന്ന സൊസൈറ്റി ചട്ടത്തിലെ വ്യവസ്ഥകൾ ബാധകമല്ലെന്നും വ്യക്തമാക്കി.
ഈ വാദം തള്ളിയ ഹൈക്കോടതി, സി-ഡിറ്റിന്റെ പ്രവർത്തനത്തിൽ സർക്കാരിന് ഇടപെടാൻ പരിമിതിയുണ്ടെന്ന് വിലയിരുത്തി. നിർവാഹക സമിതിയുടെ തീരുമാനമില്ലാതെ യോഗ്യത പുനർനിർണയിക്കാനുള്ള സർക്കാരിന്റെ ശ്രമം സൊസൈറ്റിയുടെ പ്രവർത്തനത്തിലുള്ള ഇടപെടലാണെന്നും വിശദീകരിച്ചാണ് നിയമനം റദ്ദാക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |