തിരുവനന്തപുരം: വിമൻ എൻജിനിയേർഡ് സാറ്റ്ലൈറ്റ് (വി-സാറ്റ്). ഇന്ത്യയിൽ ആദ്യമായി വനിതകളുടെ കൂട്ടായ്മ നിർമ്മിച്ച ഉപഗ്രഹം. പിന്നിൽ പൂജപ്പുര എൽ.ബി.എസ് വനിതാ എൻജിനിയറിംഗ് കോളേജിലെ ചുണക്കുട്ടികൾ. പുതുവർഷദിനം രാവിലെ പി.എസ്.എൽ.വി വി-സാറ്റുമായി കുതിച്ചുയരുമ്പോൾ അത് ചരിത്ര നിമിഷമാകും.
കോളേജ് സ്പെയ്സ് ക്ലബിലെ 150 വിദ്യാർത്ഥികളുടെ അഞ്ചു വർഷത്തെ പ്രയത്നമാണ് സഫലമാകുന്നത്. നിർമ്മാണം വി.എസ്.എസ്.സിയിലായിരുന്നു. ഭൗമോപരിതലത്തിൽ നിന്ന് 350 കിലോമീറ്റർ ഉയരെ അൾട്രാവയലറ്റ് രശ്മികളുടെ സാന്ദ്രത കണ്ടെത്തുകയാണ് ഉപഗ്രഹത്തിന്റെ ലക്ഷ്യം. ഓസോൺ പാളികളിൽ തട്ടി എത്ര യു.വി രശ്മികൾ ബഹിരാകാശത്തേക്ക് തിരിച്ച് പോകുന്നുണ്ടെന്നും കണ്ടെത്തും. കാലാവസ്ഥാവ്യതിയാനം സംബന്ധിച്ച ഗവേഷണങ്ങൾക്ക് ഇത് സഹായിക്കും. ആറുമാസം വി-സാറ്റ് ബഹിരാകാശത്ത് തുടരും. ശേഖരിക്കുന്ന വിവരങ്ങൾ വി.എസ്.എസ്.സിയിൽ ലഭിക്കും.
ജനുവരി ഒന്നിന് രാവിലെ 9.10ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പെയ്സ് സെന്ററിൽ നിന്നാണ് വിക്ഷേപണം. പി.എസ്.എൽ.വി -സി 58 റോക്കറ്റിലാണ് ഉപഗ്രഹം ബഹിരാകാശത്തേക്ക് കുതിക്കുന്നത്. ഐ.എസ്.ആർ.ഒയുടെ 60ാമത് പി.എസ്.എൽ.വി ദൗത്യമാണിത്. ഇലക്ട്രോണിക്സ് വിഭാഗം അദ്ധ്യാപിക ലിസി എബ്രഹാമിന്റെ നേതൃത്വത്തിൽ 30 വിദ്യാർത്ഥികൾ സാക്ഷിയാകും. ഐ.എസ്.ആർ.ഒയുടെ എക്സോസാറ്റിനൊപ്പമാണ് വി-സ്റ്റാറ്റുൾപ്പെടെ 9 കുഞ്ഞൻ ഉപഗ്രഹങ്ങൾ ബഹിരാകാശത്തെത്തുന്നത്.
രാപ്പകൽ പ്രയത്നം
2018-19ൽ പഠിച്ചിറങ്ങിയ ഇലക്ട്രോണിക്സ്, കംപ്യൂട്ടർ സയൻസ് വിദ്യാർത്ഥികളാണ് ആശയം മുന്നോട്ടുവച്ചത്
പുസ്തകങ്ങളും വെബ്സൈറ്റുകളും രാപ്പകൽ പരതിയാണ് ഉപഗ്രഹത്തിന്റെ രൂപരേഖ തയാറാക്കിയത്
ശാസ്ത്രസാങ്കേതിക വകുപ്പിൽ നിന്ന് 10 ലക്ഷവും സ്റ്റാർട്ടപ്പ് മിഷനിൽ നിന്ന് 11.4 ലക്ഷവും സഹായം ലഭിച്ചു
ഐ.എസ്.ആർ.ഒ, വി.എസ്.എസ്.സി, ഇൻ-സ്പെയ്സ് ഉദ്യോഗസ്ഥരുമായി ഇരുപതിലേറെ കൂടിക്കാഴ്ചകൾ
കഴിഞ്ഞയാഴ്ച വീസാറ്റ് ശ്രീഹരിക്കോട്ടയിലെത്തിച്ചു. ഒന്നരക്കിലോ മാത്രമാണ് വി-സാറ്റിന്റെ ഭാരം
വിജയപരാജയങ്ങൾ കണക്കിലെടുക്കുന്നില്ല. ഇതിനുവേണ്ടി മുന്നിട്ടിറങ്ങിയതുതന്നെ വിജയമാണ്
ലിസി എബ്രഹാം,
അദ്ധ്യാപിക
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |