കൊച്ചി: ഫ്രാങ്ക് സിനാത്ര നായകനായ, 1959ൽ പുറത്തിറങ്ങിയ 'നെവർ സോ ഫ്യൂ' എന്ന ഹോളിവുഡ് ചിത്രം. അതിൽ പട്ടാളക്കാരന്റെയും ഡോക്ടറുടേയും വേഷങ്ങളിൽ ഫോർട്ടുകൊച്ചിക്കാരൻ കുരിശിങ്കൽ തോമസ് ബെർളി. എഴുപതാണ്ടിനിപ്പുറവും ഹോളിവുഡ് സിനിമയിൽ ചെറുവേഷമാണെങ്കിലും അഭിനയിക്കാനായതിന്റെ ത്രില്ല് 91കാരനായ തോമസിനെ ഇപ്പോഴും വിട്ടൊഴിഞ്ഞിട്ടില്ല. മറ്റുചില ഹോളിവുഡ് സിനിമകളിലും വേഷമിട്ടിട്ടുണ്ട്. ഹോളിവുഡ് സിനിമയിൽ ഒന്ന് മുഖം കാണിക്കാൻ മലയാളി അഭിനേതാക്കളടക്കം കാത്തിരിക്കുമ്പോഴാണ് വർഷങ്ങൾക്കുമുമ്പുതന്നെ തോമസിന്റെ ഈ നേട്ടം.
കൗമാരകാലത്ത് 'തിരമാല' എന്ന മലയാള സിനിമയിൽ തോമസ് നായകനായിരുന്നു. ഇതിന്റെ ആവേശത്തിൽ ഓസ്കർ അക്കാഡമിക്ക് കത്തയച്ചതാണ് വഴിത്തിരിവ്. അക്കാഡമി ഒരു പഠനകേന്ദ്രം കൂടിയാണെന്ന് തെറ്റിദ്ധരിച്ചാണ് കത്തെഴുതിയത്. കാലിഫോർണിയ യൂണിവേഴ്സിറ്റിയിൽ ചേരാൻ മറുപടി. 1957ൽ അവിടെ തിയേറ്റർ ആർട്സ് ബിരുദത്തിന് പ്രവേശനം ലഭിച്ചു. ഹോളിവുഡിന് എതിർവശത്താണ് ക്യാമ്പസ്. അന്ന് ഡോളറിന്റെ മൂല്യം 16രൂപ. സെമസ്റ്റർ ഫീസിന് 600 ഡോളർ വേണം. ചെലവിനു വേറേയും.
ഇത് കണ്ടെത്താൻ അവധിക്കാലത്ത് സിനിമയിൽ പണിയെടുക്കാൻ തീരുമാനിച്ചു. ഹോളിവുഡിലെ ഏജന്റായിരുന്ന ലവിത്താൻ എന്നയാൾ സഹായിച്ചു. ആദ്യം ടി.വി സീരീസുകൾ. തുടർന്ന് സിനിമയിലും. വെടിയേറ്റുമരിക്കുന്ന കഥാപാത്രങ്ങളായിരുന്നു കൂടുതലും. തിരക്കഥ സഹായിയായും പ്രവർത്തിച്ചിട്ടുണ്ട്.
ഹോളിവുഡിൽ അതിജീവനം ബുദ്ധിമുട്ടാണെന്ന് തിരിച്ചറിഞ്ഞതോടെ നാട്ടിലേക്ക് മടങ്ങി. തുടർന്ന് ചെമ്മീൻ കയറ്റുമതി വ്യവസായത്തിലേക്ക്. ഇത് മനുഷ്യനോ(1973), വെള്ളരിക്കാപ്പട്ടണം (1985) എന്നീ സിനിമകളും സംവിധാനം ചെയ്തു. ഏറ്റവുമൊടുവിൽ ലിജോ ജോസ് പല്ലിശ്ശേരിയുടെ 'ഡബിൾ ബാരൽ' എന്ന സിനിമയിൽ വേഷമിട്ടു. ഭാര്യ: സോഫി. മക്കൾ: ടാനിയ, തരുൺ, താമിയ.
വിരുന്നിന് ക്ഷണിച്ച്
മാർലൻ ബ്രാൻഡോ
ഹോളിവുഡ് കാലത്ത് വിഖ്യാത നടൻ മാർലൻ ബ്രാൻഡോ നേരിട്ട് ഫോൺ വിളിച്ച് തോമസിനെ വിരുന്നിന് ക്ഷണിച്ചു. അദ്ദേഹത്തിന്റെ കൊട്ടാരസദൃശമായ വീട്ടിൽ മുൻനിര താരങ്ങൾക്കൊപ്പം വിരുന്നുണ്ടത് അഭിമാന നിമിഷം. 'നെവർ സോ ഫ്യൂ' എന്ന സിനിമയുടെ ലൊക്കേഷനിൽ നായിക ജീന ലോലോബ്രിജിഡ കൈനോക്കാനറിയാമോ എന്ന് ചോദിച്ചു. ആ കരംഗ്രഹിച്ച് ഫലം പറഞ്ഞത് മറക്കാനാവാത്ത അനുഭവം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |