തിരുവനന്തപുരം: മീറ്റർ റീഡർമാരുടെ റാങ്ക് ലിസ്റ്റിന് ഒന്നര വർഷത്തോളം കാലാവധി ഉണ്ടായിട്ടും ഒഴിവുകൾ യഥാസമയം പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യാതെ ജല അതോറിട്ടി. മീറ്റർ റീഡർമാരുടെ റാങ്ക്ലിസ്റ്റ് പി.എസ്.സി ഒടുവിൽ പ്രസിദ്ധീകരിച്ചത്. 2022 ആഗസ്റ്റിലാണ്. മെയിൻ ലിസ്റ്റിൽ 300 പേരും സപ്ളിമെന്ററി ലിസ്റ്റിൽ 250 പേരുമാണുള്ളത്. എന്നാൽ ഇതുവരെ നിയമനം ലഭിച്ചത് 40 പേർക്ക് മാത്രം. 2024ലെ പ്രതീക്ഷിത ഒഴിവുകൾ (ആന്റിസിപ്പേറ്ററി വേക്കൻസി) 2023 ഡിസംബറിൽ റിപ്പോർട്ട് ചെയ്യണമെന്ന വ്യവസ്ഥയും പി.എസ്.സി പാലിച്ചിട്ടില്ല. ഈ ഒഴിവുകൾ റിപ്പോർട്ട് ചെയ്യാത്തതിനാൽ ഉദ്യോഗാർത്ഥികൾക്ക് അവസരം നഷ്ടപ്പെടുന്ന സ്ഥിതിയാണ്.
18 ഒഴിവുകൾ
നിലവിലെ കണക്കനുസരിച്ച് സ്ഥാനക്കയറ്റത്തെ തുടർന്നുള്ള 18 ഒഴിവുകളാണ് പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യേണ്ടത്. ആദ്യമായല്ല ജലഅതോറിട്ടി ഒഴിവുകൾ റിപ്പോർട്ട് ചെയ്യാതിരിക്കുന്നത്. 2017 മേയ് മുതൽ 2018 ഡിസംബർ 31 വരെ 10 മീറ്റർ റീഡർമാർക്ക് മീറ്റർ ഇൻസ്പെക്ടർമാരായി സ്ഥാനക്കയറ്റം ലഭിച്ചിരുന്നു. എന്നാൽ ജലഅതോറിട്ടി ഈ പ്രൊമോഷൻ ഒഴിവുകൾ റിപ്പോർട്ട് ചെയ്തില്ല. 2023 ജനുവരി മുതൽ ഡിസംബർ വരെ ഒരു ലീവ് വേക്കൻസിയും ഒരു പ്രൊമോഷൻ വേക്കൻസിയും പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്തിട്ടില്ല.
173 മീറ്റർ റീഡർമാർ മാത്രം
വാട്ടർ മീറ്ററുകളുടെ റീഡിംഗ് എടുത്ത് ബില്ല് നൽകുന്നതിന് 27 ലക്ഷം ഉപഭോക്താക്കൾക്കുമായി 173 മീറ്റർ റീഡർമാർ മാത്രമാണുള്ളത്. റാങ്ക്‌ലിസ്റ്റ് വന്നതിന് പിന്നാലെ 1,200 കുടുംബശ്രീക്കാരെ മീറ്റർ റീഡർ തസ്തികയിൽ നിയമിച്ചിട്ടുണ്ട്. അതിനുപുറമേ തസ്തികമാറ്റം വഴിയും നിയമനങ്ങൾ നടന്നു. നാഷണൽ കൗൺസിൽ ഫോർ വൊക്കേഷണൽ എഡ്യുക്കേഷന്റെ ഒരുവർഷ കോഴ്സ് പാസായവരെയാണ് മീറ്റർ റീഡർമാരായി നിയമിക്കേണ്ടത്.
കെ- സ്മാർട്ട് സേവനങ്ങൾ ഇന്നു മുതൽ
അപേക്ഷകൾ ലഭിച്ചു തുടങ്ങി
തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലെ സേവനങ്ങൾ ഒരുകുടക്കീഴിൽ ലഭ്യമാക്കുന്ന സർക്കാർ സോഫ്റ്റ്വെയർ കെ- സ്മാർട്ട് ഇന്നുമുതൽ ലഭ്യമാകും. സോഫ്റ്റ്വെയറും മൊബൈൽ ആപ്ലിക്കേഷനും തിങ്കളാഴ്ച ലോഞ്ച് ചെയ്തെങ്കിലും ജീവനക്കാരുടെയും തദ്ദേശസ്ഥാപനങ്ങളിലെ റെക്കാഡ് വിവരങ്ങളുടെയും ഡാറ്റാ എൻട്രി അവസാനഘട്ടത്തിലാണ്. ബന്ധപ്പെട്ട ഫയലുകൾ എത്തേണ്ട ഉദ്യോഗസ്ഥരുടെ മാപ്പിംഗും പുരോഗമിക്കുകയാണ്. ബിൾഡിംഗ് പെർമിറ്റുകൾ സമർപ്പിക്കുന്നതിന് ലൈസൻസികൾക്കുള്ള ആദ്യഘട്ട പരിശീലനം കഴിഞ്ഞു. അക്ഷയസെന്ററുകൾക്കും പരിശീലനം നൽകി.
ജനന, മരണ സർട്ടിഫിക്കറ്റുകൾക്കായുള്ള അപേക്ഷകൾ ലഭിച്ചു തുടങ്ങി. ഇന്നലെ ഉച്ചവരെ 5,000ത്തിലധികം പേരാണ് കെ- സ്മാർട്ട് മൊബൈൽ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്തത്. ജനന, മരണ സർട്ടിഫിക്കറ്റ്, വിവാഹ രജിസ്ട്രേഷൻ എന്നീ അപേക്ഷകൾ കൃത്യമാണെങ്കിൽ ഏഴു ദിവസത്തിനുള്ളിൽ രേഖ ലഭിക്കും. 3,000 സ്ക്വയർ ഫീറ്റ് വരെയുള്ള കെട്ടിടങ്ങൾക്കുള്ള പെർമിറ്റ് മിനിട്ടുകൾക്കുള്ളിൽ ലഭ്യമാക്കും. കെട്ടിടനികുതി, ലൈസൻസ് ഫീസ് തുടങ്ങിയവ അടയ്ക്കാനും സേവനം വൈകിയാൽ പരാതി അറിയിക്കാനുമുള്ള സംവിധാനവുമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |