ഒരു ഇടവേളയ്ക്ക് ശേഷം ബംഗാൾ രാഷ്ട്രീയം കലങ്ങിമറിയുകയാണ്. പതിവുപോലെ കേന്ദ്രവും സംസ്ഥാന സർക്കാരും തമ്മിലാണ് പോരാട്ടം.
റേഷൻ അഴിമതി കേസിലെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നടപടികൾക്കിടെ ഉണ്ടായ ആക്രമണങ്ങളും തൃണമൂൽ നേതാവ് വെടിയേറ്റു മരിച്ചതുമായ സംഭവങ്ങളാണ് ബംഗാളിൽ പുതിയ പോരിന് കളമൊരുക്കിയിരിക്കുന്നത്. തൃണമൂൽ കോൺഗ്രസ് നേതാക്കളായ ഷാജഹാൻ ഷേയ്ക്കിന്റെയും ശങ്കർ ആദ്യയുടെയും വീടുകളിൽ നടത്തിയ പരിശോധനയ്ക്കിടെയാണ് ഇ.ഡിക്കെതിരെ ആക്രമണം ഉണ്ടായത്. ഉദ്യോഗസ്ഥരെ വധിക്കുന്നതിനായി ആസൂത്രിതമായി നടത്തിയ ആക്രമണമെന്നാണ് ഇ.ഡിയുടെ ആരോപണം.
ഗവർണറുടെ
അസാധാരണ നീക്കം
ഇ.ഡിക്കെതിരേയുള്ള ആക്രമണ സംഭവം ഗൗരവമേറിയതായതിനാൽ തൃണമൂൽ സർക്കാരിനെതിരേ കടുത്ത നിലപാട് സ്വീകരിക്കാനാണ് മുൻ കാലങ്ങളിൽ നിന്ന് വ്യത്യസ്ഥമായി ഗവർണർ സി.വി. ആനന്ദബോസ് മുതിർന്നത്. സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ച് അദ്ദേഹം പരസ്യമായി രംഗത്തെത്തി. ഇ.ഡിക്കെതിരേയുള്ള ആക്രമണങ്ങൾ സംസ്ഥാനത്തെ ക്രമസമാധാനനില തകർന്നതിന്റെ തെളിവാണ്. ഇക്കാര്യത്തിലുള്ള തുടർനടപടികൾ നിയമ വിദഗ്ദ്ധരുമായി കൂടിയാലോചിച്ച് സ്വീകരിക്കുമെന്നും അദ്ദേഹം മാദ്ധ്യമങ്ങളെ അറിയിച്ചു.
ഇതിനു പിന്നാലെ ഇ.ഡി ഉദ്യോഗസ്ഥർക്കെതിരെയുള്ള അക്രമത്തിന്മേലുള്ള നടപടികളിൽ റിപ്പോർട്ട് തേടിയ ഗവർണർ, പ്രതിയായ ഷാജഹാൻ ഷേയ്ക്കിനെ എത്രയും വേഗം അറസ്റ്റ് ചെയ്യണമെന്ന് നിർദ്ദേശിച്ചു. സംഭവത്തിനു പിന്നാലെ ഇ.ഡി, സി.ആർ.പി.എഫ് ഉന്നത ഉദ്യോഗസ്ഥരുമായി പ്രത്യേകമായി കൂടിക്കാഴ്ച നടത്തിയതിനു ശേഷമാണ് ഗവർണർ പൊലീസ് മേധാവിക്ക് അസാധാരണ നിർദ്ദേശം നൽകിയത്. ഷാജഹാൻ ഷേയ്ക്ക് രാജ്യം വിട്ടിട്ടുണ്ടോയെന്ന കാര്യത്തിൽ വ്യക്തത വരുത്തണം. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്നും ഗവർണർ നിർദ്ദേശിച്ചു.
അസാധാരണ സംഭവങ്ങളിൽ മുഖ്യമന്ത്രിയെയോ മന്ത്രിമാരെയോ വകുപ്പ് സെക്രട്ടറിമാരെയോ വിളിച്ചുവരുത്തി വിശദീകരണം തേടുന്നതിനു പകരം ഗവർണർ നേരിട്ട് പൊലീസ് മേധാവിക്ക് നിർദ്ദേശം നൽകിയതാണ് ഇപ്പോൾ പുതിയ വിവാദത്തിലായിരിക്കുന്നത്. എന്നാൽ, ആക്രമണ കേസിലെ പ്രധാന പ്രതി ഷാജഹാൻ ഷേയ്ക്ക് ബംഗ്ലാദേശിലേക്ക് കടന്നതായും ഇയാൾക്ക് ഭീകരബന്ധമുണ്ടെന്നു പരാതി ലഭിച്ചിട്ടുണ്ടെന്നും രാജ്ഭവൻ ആരോപിക്കുന്നു. അതിനിടെ, ഇ.ഡിയുടെ ആക്ടിംഗ് ഡയറക്ടർ രാഹുൽ നവീൻ അടിയന്തരമായി കൊൽക്കത്തയിലെത്തി ആനന്ദ ബോസുമായി ഇന്നലെ കൂടിക്കാഴ്ച നടത്തുകയും ചെയ്തു.
അക്രമങ്ങളുടെ പശ്ചാത്തലത്തിൽ ബംഗാളിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്ന് ബി.ജെ.പിയും കോൺഗ്രസും ആവശ്യപ്പെട്ടതിനു പിന്നാലെയാണ് സംസ്ഥാനത്ത് ഭരണഘടനാ പ്രതിസന്ധിയുണ്ടായെന്നു ഗവർണർ ചൂണ്ടിക്കാട്ടിയത്. എന്നാൽ, രാഷ്ട്രപതി ഭരണം വേണമെന്ന സംസ്ഥാന ഘടകത്തിന്റെ ആവശ്യത്തെ കോൺഗ്രസ് ദേശീയ നേതൃത്വം തന്നെ തള്ളിപ്പറഞ്ഞതോടെ ആവശ്യം അടഞ്ഞമട്ടായി. രാഷ്ട്രപതി ഭരണം കോൺഗ്രസിന്റെ ദേശീയ നയമല്ലെന്നാണ് ബംഗാൾ പി.സി.സി അദ്ധ്യക്ഷൻ അധീർ രഞ്ജൻ ചൗധരിയുടെ ആവശ്യം തള്ളിക്കൊണ്ട് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ നിലപാട് വ്യക്തമാക്കിയത്.
അരി മുക്കി,
ഇ.ഡി പൊക്കി
റേഷൻ അഴിമതി കേസ് അന്വേഷിക്കുന്ന ഇ.ഡി ബംഗാളിലെ ഭക്ഷ്യ- പൊതുവിതരണ മന്ത്രിയായിരുന്ന ജ്യോതിപ്രിയ മല്ലിക്കിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് മല്ലിക്കിന്റെ വിശ്വസ്ഥരായ ഷാജഹാൻ ഷെയ്ക്കിന്റെയും ശങ്കർ ആദ്യയുടെയും വീടുകളിൽ റെയ്ഡിനെത്തിയത്. പൊതുവിതരണ സംവിധാനത്തിലൂടെ (പി.ഡി.എസ്) വിതരണം ചെയ്യേണ്ടിയിരുന്ന സാധനങ്ങളിൽ 30 ശതമാനവും പൊതുവിപണിയിലേക്ക് തിരിച്ചുവിട്ടെന്നാണ് ഇ.ഡി പറയുന്നത്. ഇതു സംബന്ധിച്ച അന്വേഷണം തുടരുകയാണെന്നും കൂടുതൽ അറസ്റ്റ് വൈകാതെയുണ്ടാകുമെന്നും ഇ.ഡി പറയുന്നു. എന്നാൽ, അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് തങ്ങളുടെ നേതാക്കളെ മനഃപൂർവം കേസിൽ കുടുക്കുകയാണെന്ന് ആരോപിക്കുന്ന തൃണമൂൽ കോൺഗ്രസും മമത സർക്കാരും അക്രമ സംഭവത്തിൽ വേണ്ട നടപടിയെടുത്തിട്ടുണ്ടെന്നും പറയുന്നു.
ദീദി പിണങ്ങിയാൽ
പണിപാളും
ഇ.ഡി ആക്രമണ കേസ് മമതാ സർക്കാരിനെതിരേ ഉപയോഗിക്കാനാണ് സംസ്ഥാന കോൺഗ്രസിന്റെ നീക്കമെങ്കിലും മമതയെ പിണക്കാൻ ദേശീയ നേതൃത്വം തയാറാവുകയില്ല. ഇന്ത്യ മുന്നണി സീറ്റ് വിഭജന ചർച്ചകൾ നടക്കാനിരിക്കുന്ന സാഹചര്യത്തിലാണ് ദേശീയ നേതൃത്വത്തിന്റെ ഈ നീക്കമെന്നതും ശ്രദ്ധേയം. തൃണമൂൽ മാറിനിന്നാൽ ബി.ജെ.പിയെ ചെറുക്കാനുള്ള പ്രതിപക്ഷ മുന്നണിയിൽ നിലവിൽ പത്തിലേറെ എം.പിമാരുള്ള പാർട്ടികളുടെ എണ്ണം കുറവാണന്നും മുന്നണിയുടെ നിലനിൽപിനെ ബാധിക്കുമെന്നും നേതാക്കൾ പറയുന്നു.
പ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയാകാൻ മമത നീക്കം നടത്തുന്നതിൽ മുതിർന്ന ചില നേതാക്കൾക്ക് എതിർപ്പുണ്ടെങ്കിലും അവയൊന്നും ഇപ്പോൾ കാര്യമാക്കേണ്ടെന്നാണ് കോൺഗ്രസ് ഹൈക്കമാൻഡിന്റെ നിലപാട്. ബംഗാളിലെ സീറ്റ് വിഭജനത്തിൽ മമത സ്വീകരിക്കുന്ന നിലപാടും പാർട്ടിയിൽ വലിയ ഭിന്നത ഉണ്ടാക്കിയിട്ടുണ്ട്. 42 ലോക്‌സഭ സീറ്റുകളിൽ രണ്ടെണ്ണം മാത്രം വച്ചുനീട്ടി മമത വിലപേശുകയാണെന്നു അധീർ രഞ്ജൻ ചൗധരി പറയുന്നു. എന്നാൽ, ബംഗാളിൽ ബി.ജെ.പിയെ പരാജയപ്പെടുത്താൻ ടി.എം.സിക്കു മാത്രമേ കഴിയൂയെന്നും ഇടതുമായി മാത്രം സഖ്യമുണ്ടാക്കി തിരഞ്ഞെടുപ്പിനെ നേരിട്ടാൽ കഴിഞ്ഞ തവണത്തേതിനേക്കാൽ വലിയ പരാജയം നേരിടുമെന്നും തൃണമൂൽ നേതാക്കൾ തിരിച്ചടിക്കുന്നു. 2019ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ 19 സീറ്റുകളാണ് ബംഗാളിൽ ബി.ജെ.പി നേടിയത്. എന്നാൽ ലോക് സഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കേന്ദ്ര സർക്കാർ മമതയ്ക്കെതിരെ കടുത്ത നിലപാട് കൈക്കൊള്ളാനുള്ള സാദ്ധ്യത വിരളമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |