ബംഗളൂരു: കർണാടക കുടകിലെ കാപ്പിതോട്ടത്തിൽ മൂന്നാഴ്‌ച മുൻപ് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. ബിസിനസുകാരനായ രമേശ് (54) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ രമേശിന്റെ ഭാര്യ നിഹാരിക (29), കാമുകൻ നിഖിൽ (28), സുഹൃത്ത് അങ്കുർ എന്നിവർ അറസ്റ്റിലായി.
പണത്തിനുവേണ്ടിയാണ് ഭാര്യയും കാമുകനും സുഹൃത്തും ചേർന്ന് രമേശിനെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. ഹൈദരാബാദിൽ വച്ചായിരുന്നു കൊല നടന്നത്. ശേഷം അതിർത്തി കടന്നെത്തി മൃതദേഹം കത്തിക്കുകയായിരുന്നു.
ഒക്‌ടോബർ എട്ടിനാണ് കുടകിലെ സുന്ദികൊപ്പയ്ക്ക് സമീപത്തെ കാപ്പിത്തോട്ടത്തിൽ കത്തിക്കരിഞ്ഞ നിലയിൽ പൊലീസ് മൃതദേഹം കണ്ടെത്തുന്നത്. മൃതദേഹം തിരിച്ചറിയാനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടതോടെ സിസിടിവി ദൃശ്യങ്ങളിൽ നിന്ന് അതുവഴി കടന്നുപോയ വാഹനങ്ങൾ പരിശോധിച്ചു. തുടർന്ന് ഒരു ചുവന്ന ബെൻസ് കാർ ശ്രദ്ധയിൽപ്പെട്ട പൊലീസ് ഇത് രമേശിന്റെ വാഹനമാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. ഇതിനിടെ നിഹാരിക രമേശിനെ കാണാനില്ലെന്ന് കാട്ടി പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് നിഹാരികയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് കൊലപാതക വിവരം പുറത്തുവരുന്നത്.
നിഹാരിക പഠനത്തിൽ മിടുക്കിയായിരുന്നുവെന്ന് പൊലീസ് പറയുന്നു. എഞ്ചിനീയറിംഗ് പൂർത്തിയാക്കിയിരുന്നു. വളരെ നേരത്തെ വിവാഹിതയായ നിഹാരിക അമ്മയായതിന് ശേഷം ഭർത്താവുമായി വേർപിരിഞ്ഞു. ഇതിനിടെ ഹരിയാനയിൽ താമസിക്കുന്നതിനിടെ ചില സാമ്പത്തിക ക്രമക്കേടുകളുമായി ബന്ധപ്പെട്ട് ജയിലിലായി. ഇവിടെവച്ചാണ് മൃഗഡോക്‌ടറായ അങ്കുറിനെ പരിചയപ്പെടുന്നത്.
ജയിലിൽ നിന്ന് പുറത്തെത്തിയ നിഹാരിക രമേശിനെ വിവാഹം ചെയ്തു. വളരെ ആഡംബര ജീവിതമായിരുന്നു പിന്നീട് നിഹാരിക നയിച്ചിരുന്നത്. ഇതിനിടെ അഖിലുമായി പ്രണയത്തിലായി. ഒരു ദിവസം നിഹാരിക ഭർത്താവിനോട് എട്ടുകോടി രൂപ ചോദിച്ചു. ഇത് നിരസിച്ചതിനെത്തുടർന്ന് കാമുകനും സുഹൃത്തുമായി ചേർന്ന് ഭർത്താവിനെ കൊലപ്പെടുത്താൻ പദ്ധതിയിട്ടു. ഹൈദരാബാദിലെ ഉപ്പലിൽവച്ച് രമേശിനെ പ്രതികൾ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. തിരികെ വീട്ടിലെത്തി രമേശിനെ പണം കൈക്കലാക്കി മൃതദേഹവുമായി 800 കിലോമീറ്ററിലധികം യാത്ര ചെയ്ത് കുടകിലെത്തി. ശേഷം കാപ്പിതോട്ടത്തിൽവച്ച് മൃതദേഹം കത്തിച്ചു. ശേഷം ഹൈദരാബാദിലെത്തി രമേശിനെ കാണാനില്ലെന്ന് കാട്ടി പൊലീസിൽ പരാതി നൽകുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |