നീറ്റ് പി.ജി പരീക്ഷയുടെ പുതുക്കിയ തീയതി നിലവിൽ വന്നു. 2024 മാർച്ച് മൂന്നിന് നടത്താനിരുന്ന പരീക്ഷ ജൂലായ് ഏഴിലേക്കാണ് മാറ്റിയത്. നാഷണൽ ബോർഡ് ഒഫ് എക്‌സാമിനേഷൻസ് ഇൻ മെഡിക്കൽ സയൻസസാണ് പരീക്ഷ നടത്തുന്നത്. ആഗസ്റ്റ് 15നകം യോഗ്യതാ കോഴ്‌സ് പൂർത്തിയാക്കുന്നവർക്കും അപേക്ഷിക്കാം. രാജ്യത്തെ സർക്കാർ മെഡിക്കൽ കോളേജിലെ ഓൾ ഇന്ത്യ ക്വാട്ട, ഡീംഡ്, സെൻട്രൽ യൂണിവേഴ്‌സിറ്റി, എ.എഫ്.എം.എസ് മെഡിക്കൽ/ഡെന്റൽ കോളേജുകളിലേക്കുള്ള എം.ഡി /എം.എസ്, ഡിപ്ലോമ, ഡി.എൻ.ബി, എം.ഡി.എസ് കോഴ്‌സുകൾക്കുള്ള അഡ്മിഷൻ യഥാക്രമം പി.ജി മെഡിക്കൽ നീറ്റ്/ പി.ജി ഡെന്റൽ നീറ്റ് റാങ്ക്‌ലിസ്റ്റിൽ നിന്നാണ്. പരീക്ഷാ നോട്ടിഫിക്കേഷൻ പിന്നീടു പുറത്തിറങ്ങും. www.natboard.edu.in.
ലോകാരോഗ്യ സംഘടനയുടെ ഇന്റേൺഷിപ് പ്രോഗ്രാം
ലോകാരോഗ്യ സംഘടനയുടെ പൊതുജനാരോഗ്യത്തിലുള്ള ഗ്ലോബൽ ഇന്റേൺഷിപ് പ്രോഗ്രാമിന് വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം. കുറഞ്ഞ പ്രായം 20. അണ്ടർ ഗ്രാജുവേറ്റ്, ഗ്രാജുവേറ്റ്, ബിരുദാനന്തര, ഡോക്ടറൽ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. അണ്ടർ ഗ്രാജുവേറ്റ് തലത്തിൽ മൂന്ന് വർഷം പൂർത്തിയാക്കിയിരിക്കണം. ബിരുദധാരികൾക്കും അപേക്ഷിക്കാം. ഗ്ലോബൽ ഇന്റേൺഷിപ് പ്രോഗ്രാമിലൂടെ ലോകാരോഗ്യ സംഘടന പബ്ലിക് ഹെൽത്തിന്റെ വിവിധ മേഖലകളിൽ പ്രവർത്തിക്കാനുതകുന്ന മനുഷ്യവിഭവ ശേഷി രൂപപ്പെടുത്താനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. പബ്ലിക് ഹെൽത്ത്, മെഡിക്കൽ, സാമൂഹിക, ഹ്യുമാനിറ്റീസ്, കമ്മ്യൂണിക്കേഷൻസ്, സോഷ്യൽ വർക്ക്, മാനേജ്മെന്റ് തുടങ്ങിയ വിഷയങ്ങൾ പഠിക്കുന്നവർക്ക് ലോകാരോഗ്യ സംഘടനയുടെ വെബ്‌സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കാം. തിരഞ്ഞെടുക്കുന്ന വിദ്യാർത്ഥികൾക്ക് ലോകാരോഗ്യ സംഘടന വിവിധ രാജ്യങ്ങളിൽ ഇന്റേൺഷിപ്പിന് അവസരമൊരുക്കും. ഇന്റേൺഷിപ് ലോകാരോഗ്യ സംഘടന നിഷ്‌കർഷിക്കുന്ന രാജ്യങ്ങളിലോ, മേഖലാ ഓഫീസുകളിലോ, ആസ്ഥാനത്തോ ആകാം. തിരഞ്ഞെടുക്കുന്ന വിദ്യാർത്ഥികൾക്ക് ജീവിതച്ചെലവിനുള്ള ആനുകൂല്യം, സൗജന്യ ആരോഗ്യ ഇൻഷ്വറൻസ് എന്നിവ അനുവദിക്കും. 6 ആഴ്ച മുതൽ 24 ആഴ്ച വരെയാണ് ഇന്റേൺഷിപ്. www.careers.who.int.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |