ദാസേട്ടൻ നടന്നു വരുമ്പോൾ ഒരു ഇരുപതിനായിരം ഗാനങ്ങൾ കൂടി ഒപ്പം നടന്നുവരുന്നതായി തോന്നും. കായാമ്പൂ കണ്ണിൽ വിടരും..., ഒരു വട്ടം കൂടിയെൻ ഓർമ്മകൾ മേയുന്ന..., ഇന്നലെ നീയൊരു സുന്ദര രാഗമായ്..., താമസമെന്തേ വരുവാൻ..., അരികിൽ നീ ഉണ്ടായിരുന്നെങ്കിൽ..., പ്രമദവനം...., ഹരിമുളീരവം... ഗാനങ്ങളുടെ ഘോഷയാത്ര.
എല്ലാകാലത്തും മലയാളിക്ക് ആ ശബ്ദം അമ്മയുടെ മുലപ്പാലുപോലെ മധുരമുളളതാണ്. ആരോഗ്യം പകരുന്നതും. എത്ര തലമുറകൾക്കാണ് അദ്ദേഹത്തിന്റെ ശബ്ദം സ്വന്തമെന്ന് തോന്നുന്നത്. ആ ശബ്ദം കേട്ടില്ലെങ്കിൽ ആ ദിനം ധന്യമല്ലെന്ന് തിരിച്ചറിയുന്നത്. യേശുദാസ് സാറിന്റെ ധ്യാനത്തിന്റെ സംഗീതയാത്രയുടെ പ്രത്യേകതയാണ്.
സംഗീതത്തോട് അദ്ദേഹത്തോളം ആത്മസമർപ്പണമുള്ളവരില്ല. ആ ഒറ്റക്കാര്യം മതി ആ കാൽക്കൽ വീണ് നമസ്കരിക്കാൻ.
ചെന്നൈയിൽ അദ്ദേഹത്തിന്റെ വീട്ടിൽ നിന്ന് റെക്കാഡിംഗ് സ്റ്റുഡിയോയിലേക്ക് ഒന്നേകാൽ മണിക്കൂർ യാത്ര ചെയ്യണം. സ്റ്റുഡിയോയ്ക്കു വെളിയിൽ അദ്ദേഹത്തെ സ്വാഗതം ചെയ്തു കൊണ്ടുപോകാൻ ഞാൻ കാത്ത് നിൽക്കും. അദ്ദേഹം കാറിൽ നിന്നിറങ്ങുമ്പോൾ കാറിൽ നൊട്ടേഷൻ എല്ലാം ഉണ്ടാകും. ആ ഒന്നേകാൽ മണിക്കൂർ പോലും പുതിയ രാഗം പഠിക്കാനോ സാധകം ചെയ്യാനോ ഒക്കെയാണ് അദ്ദേഹം ഉപയോഗിക്കുന്നത്. 24 മണിക്കൂറും സംഗീതത്തിന്റെ കൂടെ നടക്കുന്ന, സംഗീതത്തിൽ നിന്ന് വ്യതിചലിക്കാത്ത മനുഷ്യൻ. ശബ്ദവിന്യാസ ചാരുതയും സ്വര വൈവിധ്യങ്ങളും കൊണ്ട് ഇനിയും അദ്ദേഹം നമ്മളെ അത്ഭുതപ്പെടുത്തിക്കൊണ്ടിരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |