സോൾ: നായകളെ കശാപ്പുചെയ്യുന്നതും മാംസത്തിനായി വിൽക്കുന്നതും നിയമവിരുദ്ധമാക്കാനുള്ള ബില്ലിന് അംഗീകാരം നൽകി ദക്ഷിണ കൊറിയൻ പാർലമെന്റ്. നിയമം 2027ഓടെ പ്രബല്യത്തിൽ വരും. നിയമ പ്രകാരം നായകളെ കശാപ്പ് ചെയ്യുന്നവർക്ക് മൂന്ന് വർഷം വരെ തടവ് ലഭിക്കും. നായകളെ മാംസത്തിനായി വളർത്തുകയോ മാംസത്തിനായി വിൽക്കുകയോ ചെയ്താൽ പരമാവധി രണ്ട് വർഷം വരെ തടവ് ലഭിക്കും.
നിയമം പ്രാബല്യത്തിൽ വരുന്നതിന് മുമ്പ് നായ മാംസ വ്യാപാരവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന കർഷകർക്കും റസ്റ്റോറന്റ് ഉടമകൾക്കും തൊഴിലിനും വരുമാനത്തിനുമുള്ള ബദൽ സ്രോതസുകൾ കണ്ടെത്താൻ മൂന്ന് വർഷത്തെ സമയമുണ്ട്. ഇവരെ പിന്തുണയ്ക്കുമെന്ന് സർക്കാർ അറിയിച്ചിട്ടുണ്ടെങ്കിലും നഷ്ടപരിഹാരം സംബന്ധിച്ച് വ്യക്തതയില്ല. രാജ്യത്ത് നായ മാംസം വിൽക്കുന്ന ഏകദേശം 1,600 റെസ്റ്റോറന്റുകളും 1,150 നായ ഫാമുകളും ഉണ്ടെന്നാണ് കണക്ക്. ഇവയെല്ലാം ഘട്ടം ഘട്ടമായി പ്രവർത്തനം അവസാനിപ്പിക്കണം.
ദക്ഷിണ കൊറിയ, ചൈന തുടങ്ങിയ രാജ്യങ്ങൾ നായയുടെ മാസം ആഹാരത്തിന് ഉപയോഗിക്കുന്നതിനെതിരെ അന്താരാഷ്ട്ര തലത്തിൽ ശക്തമായ വിമർശനങ്ങൾ നിലനിൽക്കുന്നു. ഓമന മൃഗങ്ങളായ നായകളെ വളർത്തുന്നതിന് പകരം കൊല്ലുന്നതിനെതിരെ ദക്ഷിണ കൊറിയയിലെ യുവതലമുറയും എതിർപ്പ് പ്രകടിപ്പിക്കുന്നു. ദക്ഷിണ കൊറിയയിൽ നായ മാംസത്തിന്റെ ഡിമാൻഡ് കുത്തനേ താഴുന്നെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
വില്പനയ്ക്കായെത്തിക്കുന്ന നായകൾ അനുഭവിക്കുന്ന ക്രൂരതകൾ കണക്കിലെടുത്താണിത്. പ്രജനന കാലം കഴിഞ്ഞതോ വിപണിയിൽ ആവശ്യക്കാരില്ലാത്തതോ ആയ നായകളെ വില്പന സംഘങ്ങൾ കൊന്നുതള്ളുന്നതും രാജ്യത്ത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സർക്കാരിന്റെ തീരുമാനത്തെ മൃഗ സംരക്ഷണ സംഘടനകൾ സ്വാഗതം ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |