ന്യൂയോർക്ക്: വിമാനയാത്ര ഭയക്കുന്ന നിരവധി പേരുണ്ട്. യാത്രയ്ക്ക് മുന്നേ ഉത്കണ്ഠയും മാനസിക സംഘർഷങ്ങളും നേരിടുന്നവരും കുറവല്ല. ഇതിന് ഒരു പരിഹാരം മുന്നോട്ടുവച്ചിരിക്കുകയാണ് യു.എസിലെ ഒറിഗണിലുള്ള പോർട്ട്‌ലൻഡ് ഇന്റർനാഷണൽ എയർപോർട്ട് (പി.ഡി.എക്സ്).
യാത്രക്കാരെ സന്തോഷിപ്പിക്കാൻ ക്യൂട്ട് ലാമകളെയാണ് വിമാനത്താവളത്തിൽ ഒരുക്കിയിട്ടുള്ളത്. മൃഗങ്ങളെ ഉപയോഗിച്ച് മനുഷ്യരിലെ മാനസിക സംഘർഷങ്ങൾ കുറയ്ക്കുന്ന തെറാപ്പിയുടെ ഭാഗമാണ് ഈ ലാമകൾ. മൗണ്ടൻ പീക്ക്സ് തെറാപ്പി ലാമാസ് ആൻഡ് അൽപാക്കാസ് എന്ന സ്ഥാപനമാണ് വിമാനത്താവളത്തിന് ലാമകളെ നൽകിയത്.
വിമാനത്താവള പരിസരത്ത് ചുറ്റിക്കറങ്ങി യാത്രക്കാരെ ആശ്വസിപ്പിക്കുകയും സന്തോഷിപ്പിക്കുകയുമാണ് ഇപ്പോൾ ഇവരുടെ പണി. ആളുകൾക്ക് ഇവയെ ഓമനിക്കുന്നതിനൊപ്പം ഫോട്ടോകളെടുക്കാം. യാത്രയുടെ സമ്മർദ്ദം കുറയ്ക്കാൻ വിമാനത്താവളം ആവിഷ്കരിച്ച 'ജസ്റ്റ് റ്റു മേക്ക് യു സ്മൈൽ" എന്ന പദ്ധതിയിൽ ലാമകളെ കൂടാതെ തെറാപ്പി നായകളെയും ഉപയോഗിക്കുന്നുണ്ട്. മനുഷ്യരെ ശാന്തരാക്കാൻ പ്രത്യേക പരിശീലനം ലഭിച്ചവരാണ് തെറാപ്പി മൃഗങ്ങൾ.
അമ്മയും മകളുമായ ലോറി ഗ്രിഗറിയും ഷാന്നൻ ജോയിയുമാണ് മൗണ്ടൻ പീക്ക്സ് തെറാപ്പി ലാമാസ് ആൻഡ് അൽപാക്കാസിന്റെ ഉടമകൾ. ഇവരുടെ അഞ്ച് ലാമകളെയും ആറ് അൽപാക്കകളെയും മാനസികാരോഗ്യവുമായി ബന്ധപ്പെട്ട തെറാപ്പികൾക്ക് ഉപയോഗിക്കുന്നു.
അതേ സമയം, ഇതാദ്യമായല്ല വിമാനത്താവളങ്ങളിൽ തെറാപ്പി മൃഗങ്ങളെ നിയോഗിക്കുന്നത്. സാൻ ഫ്രാൻസിസ്കോ വിമാനത്താവളത്തിലെ ഡ്യൂക്ക് എല്ലിംഗ്ടൺ മോറിസ് എന്ന 14 വയസുള്ള പൂച്ച നേരത്തെ വൈറലായിരുന്നു. കുഞ്ഞൻ പൈലറ്റ് തൊപ്പിയും ഷർട്ട് കോളറും ധരിച്ചാണ് ഡ്യൂക്കിന്റെ ഡ്യൂട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |