തിരുവനന്തപുരം: ''ടി.എച്ച്.മുസ്തഫയുമായി ഔദ്യോഗിക അഭിപ്രായവ്യത്യാസം മാത്രമാണ് ഉണ്ടായിരുന്നത്. വ്യക്തിപരമായി ഒന്നുമില്ല. അദ്ദേഹത്തിന്റെ വിയോഗത്തിൽ അതിയായി ദുഃഖിക്കുന്നു""... മൂന്നര പതിറ്റാണ്ടിന്റെ സിവിൽ സർവീസ് ജീവിതത്തിൽ നിന്ന് വിരമിച്ച്, രാജസ്ഥാനിൽ രാഷ്ട്രീയ പ്രവർത്തനത്തിൽ മുഴുകിയിട്ടുള്ള മുൻ അഡിഷണൽ ചീഫ് സെക്രട്ടറിയും മുൻ ചീഫ് ഇലക്ടറൽ ഓഫീസറുമായിരുന്ന ടിക്കാറാം മീണ പറഞ്ഞു.
കേന്ദ്രസർക്കാരിന്റെ സബ്സിഡി ഗോതമ്പ് കേരളത്തിലെ സ്വകാര്യ മില്ലുകാർക്ക് മാനദണ്ഡങ്ങൾ അവഗണിച്ച് അനുവദിക്കുന്നത് എതിർത്തതിനാണ് 1992ൽ സിവിൽ സപ്ളൈസ് ഡയറക്ടറായിരുന്ന ടിക്കാറാം മീണയ്ക്ക് അന്നത്തെ ഭക്ഷ്യവകുപ്പ് മന്ത്രിയായിരുന്ന ടി.എച്ച്.മുസ്തഫയുമായി ഇടയേണ്ടി വന്നത്. ഏഴു മാസമേ പദവിയിൽ മീണ തുടർന്നുള്ളുവെങ്കിലും ലീഡർ കെ.കരുണാകരന്റെ ഏറ്റവും വിശ്വസ്തനായിരുന്ന മുസ്തഫയുമായുണ്ടായ ഉരസൽ വരുത്തി വച്ച പ്രതിസന്ധികൾ ചെറുതായിരുന്നില്ല. സിവിൽ സർവീസുകാർക്ക് ഏറെ പ്രധാനപ്പെട്ട എ.സി.ആറിൽ (ആന്വൽ കോൺഫിഡൻഷ്യൽ റിപ്പോർട്ട്) വളരെ മോശമായ രേഖപ്പെടുത്തലുകൾ മീണയ്ക്കെതിരെ ഉണ്ടായി.
പാവപ്പെട്ടവർക്കായി കേന്ദ്രം സബ്സിഡി നിരക്കിൽ റേഷൻ കടകളിലൂടെ അനുവദിക്കുന്ന ഗോതമ്പ്, സ്വകാര്യ മില്ലുകാർക്ക് കൊടുത്ത്, മൈദയും സൂചി ഗോതമ്പുമാക്കി മാറ്റാമെന്ന നിർദ്ദേശമാണ് ഭക്ഷ്യമന്ത്രി നൽകിയത്. എന്നാൽ ഇതിന്റെ ലാഭം മില്ലുകാർക്കാവും കിട്ടുകയെന്നും അതിനാൽ നിർദ്ദേശം അനുവദിക്കാനാവില്ലെന്നും കർഷക കുടുംബത്തിൽ നിന്നുള്ള മീണ നിലപാടെടുത്തു. നിയമസഭയുടെ അനുമതിയില്ലാതെ ഇത് അനുവദിക്കാനാവില്ലെന്നാണ് ചട്ടം. മുസ്തഫയെയും മുഖ്യമന്ത്രി കെ.കരുണാകരനെയും ഇത് ചൊടിപ്പിച്ചു. പക്ഷേ നിലപാട് മാറ്റാൻ മീണ തയ്യാറായിരുന്നില്ല. കൂടാതെ ഗോതമ്പ് നൽകിയ വകയിൽ മില്ലുകാർ വില്പന നികുതി ഇനത്തിൽ നൽകാനുണ്ടായിരുന്ന നാലു കോടി രൂപ ഈടാക്കാനും നടപടിയെടുത്തു. ഇത് കാര്യങ്ങൾ കൂടുതൽ കുഴപ്പിച്ചു. ഐ. എ.എസുകാരുടെ സംഘടന ഇടപെട്ടിട്ടും മീണയുടെ എ.സി.ആറിൽ എഴുതിയ പ്രതികൂല പരാമർശങ്ങൾ നീക്കാൻ സർക്കാർ തയ്യാറായില്ല. 1996ൽ ഇ.കെ.നയനാർ സർക്കാർ അധികാരത്തിലെത്തിയ ശേഷമാണ് പരാമർശങ്ങൾ ഒഴിവാക്കിയത്. ഇതെല്ലാം ഔദ്യോഗിക ജീവിതത്തിൽ സാധാരണമാണെന്നും ഇപ്പോൾ അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിക്കുകയാണെന്നും മീണ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |