ആലപ്പുഴ: വീട്ടുവളപ്പിൽ 50 ലക്ഷം രൂപ മുടക്കി നീന്തൽക്കുളം നിർമ്മിച്ച് കുട്ടികൾക്ക് പരിശീലനം നൽകുകയാണ് റിട്ട. ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ ആലപ്പുഴ മണ്ണഞ്ചേരി കളമ്പുൽ വീട്ടിൽ എച്ച്.സതീശൻ. നീന്തൽ പരിശീലനം മാത്രമല്ല, ശാസ്ത്രീയ രക്ഷാമാർഗ്ഗങ്ങൾ കൂടി പഠിപ്പിക്കുന്നു. വെള്ളത്തിൽ വീണാൽ സ്വയരക്ഷയ്ക്കും മറ്റ് ജീവനുകൾ രക്ഷിക്കാനും കുട്ടികളെ പ്രാപ്തരാക്കുകയാണ് ലക്ഷ്യം. സർവീസിലിരിക്കെ, നിരവധി ജീവനുകൾ രക്ഷിക്കാനായതിന്റെ അനുഭവസമ്പത്താണ് കരുത്ത്.
രണ്ടുകൊല്ലം മുമ്പ് വിരമിച്ചപ്പോൾ വീട്ടുവളപ്പിലുണ്ടായിരുന്ന കുളം കല്ലുകെട്ടി ഉൾപ്പെടെ സജ്ജമാക്കി നീന്തൽ പരിശീലിപ്പിച്ച് തുടങ്ങിയിരുന്നു. വിരമിച്ചപ്പോൾ ലഭിച്ച തുകയും ബാങ്ക് വായ്പയും ചേർത്താണ് വാട്ടർ ട്രീറ്റ്മെന്റ് സംവിധാനം ഉൾപ്പെടെ ഒരുക്കി പുതിയത് നിർമ്മിച്ചത്. 18 മീറ്റർ നീളവും നാല് മീറ്റർ വീതിയുമുണ്ട്. 'എസ്‌ക്യുബീസ്' എന്ന് പേരുമിട്ടു. കഴിഞ്ഞയാഴ്ച മുതൽ ഇതിലാണ് പരിശീലനം. സതീശന് പുറമേ ഒരു വനിത ഉൾപ്പടെ മൂന്ന് പരിശീലകരുണ്ട്. വിവിധ ബാച്ചുകളിലായി അമ്പതോളം കുട്ടികൾക്ക് പരിശീലനം നൽകുന്നു. ഫാമിലി പാക്കേജുകളും ഒരുക്കുന്നുണ്ട്.
12 ദിവസത്തെ പരിശീലനത്തിന് 2500 രൂപയാണ് ഫീസ്. വേനൽ അവധിക്കാലത്ത് നിർദ്ധനരായ കുട്ടികൾക്ക് സൗജന്യ പരിശീലനം നൽകുന്നുണ്ട്. പൂൾ നടത്തിപ്പിന് മാസം 35,000 രൂപ ചെലവുണ്ട്. ഫയർഫോഴ്സിൽ നിന്ന് ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസറായാണ് വിരമിച്ചത്. സ്വകാര്യ ആശുപത്രിയിൽ അക്കൗണ്ടന്റായ ഭാര്യ ബീനയും മക്കളായ സൂര്യതേജും ശിവതേജും പിന്തുണയുമായി ഒപ്പമുണ്ട്.
''നീന്തൽ അറിയാവുന്നത് ഒരു പരിധിവരെ മുങ്ങിമരണങ്ങൾ ഒഴിവാക്കും. ശാസ്ത്രീയമായ രക്ഷാപ്രവർത്തനവും കുട്ടികൾ അറിഞ്ഞിരിക്കണം.
- എച്ച്.സതീശൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |