തിരുവനന്തപുരം: പൊതുസ്ഥലത്തെ മാലിന്യക്കൂനകളായിയിരുന്ന സ്ഥലങ്ങൾ നാഷണൽ സർവീസ് സ്കീമിന്റെ (എൻ.എസ്.എസ്) നേതൃത്വത്തിൽ മാലിന്യമുക്തമാക്കി, 2,740 സ്നേഹാരാമങ്ങൾ നിർമ്മിച്ചതായി മന്ത്രി ആർ.ബിന്ദു വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ 'ഹരിതം നിർമ്മലം" പദ്ധതിയുടെ ഭാഗമായാണിത്. ബുധനാഴ്ച രാവിലെ 11ന് തിരുവനന്തപുരം ഗവ. വിമെൻസ് കോളേജിൽ നടക്കുന്ന ചടങ്ങിൽ സ്നേഹാരാമങ്ങൾ മന്ത്രി നാടിന് സമർപ്പിക്കും. മന്ത്രി എം.ബി.രാജേഷ് പങ്കെടുക്കും. 260 സ്നേഹാരാമങ്ങളുടെ നിർമ്മാണം അന്തിമഘട്ടത്തിലാണ്. ഒരു വർഷത്തിനകം 3,500 സ്നേഹാരാമങ്ങളുണ്ടാക്കുമെന്ന് മന്ത്രി പറഞ്ഞു. ഉദ്ഘാടനത്തിനു ശേഷം തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലെ സ്നേഹാരാമത്തിൽ മന്ത്രിമാരെത്തും. കോളേജ് വിദ്യാർത്ഥി കൂട്ടായ്മകൾ, ത്രിതല പഞ്ചായത്ത് സമിതികൾ, ബഹുജന കൂട്ടായ്മകൾ എന്നിവയുടെ സഹകരണത്തോടെയാണ് സ്നേഹാരാമങ്ങൾ നിർമ്മിച്ചത്.
പ്രൊഫസറുടെ പുറത്താക്കൽ:
ഗവർണറുടെ 6 മണിക്കൂർ ഹിയറിംഗ്
തിരുവനന്തപുരം: ബ്രിട്ടീഷ് പൗരത്വം നേടിയ കൊല്ലം ശൂരനാട് സ്വദേശിയായ പ്രൊഫസർ ഡോ.ജി.രാധാകൃഷ്ണ പിള്ളയെ കാലിക്കറ്റ് സർവകലാശാല പ്രൊഫസർ സ്ഥാനത്തു നിന്ന് പുറത്താക്കിയതിനെതിരായ പരാതിയിൽ ഗവർണർ 6മണിക്കൂർ ഹിയറിംഗ് നടത്തി. ഉച്ചയ്ക്ക് 12ന് തുടങ്ങിയ ഹിയറിംഗ് വൈകിട്ട് ആറു വരെ നീണ്ടു. ഹൈക്കോടതി നിർദ്ദേശപ്രകാരമായിരുന്നു ഹിയറിംഗ്. തീരുമാനം പിന്നീട് അറിയിക്കുമെന്ന് ഗവർണർ ഇരു കക്ഷികളോടും പറഞ്ഞു. ലൈഫ് സയൻസ് പ്രൊഫസറായിരുന്ന രാധാകൃഷ്ണപിള്ള ഗവേഷണത്തിനായി ബ്രിട്ടണിലെത്തി അവിടെ പൗരത്വം നേടുകയായിരുന്നു. വാഴ്സിറ്റിയെ അറിയിക്കാതെയാണ് വിദേശ പൗരത്വം നേടിയതെന്നും വിദേശ പൗരന് ഇവിടെ പഠിപ്പിക്കാനാവില്ലെന്നും ചൂണ്ടിക്കാട്ടി കാലിക്കറ്റ് സർവകലാശാല അദ്ദേഹത്തെ പുറത്താക്കി. ഗവർണർ ഈമാസം 31നകം ഹിയറിംഗ് നടത്തി തീരുമാനമെടുക്കാൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
ഹിന്ദുമത പരിഷത്ത് ഫെബ്രു. 4ന്ആരംഭിക്കും
തിരുവനന്തപുരം: ഹിന്ദുമത മഹാമണ്ഡലത്തിന്റെ നേതൃത്വത്തിൽ 112-ാമത് അയിരൂർ- ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്ത് (ചട്ടമ്പി സ്വാമി സമാധി ശതാബ്ധി സ്മാരക പരിഷത്ത്) ഫെബ്രുവരി 4 മുതൽ 11 വരെ പത്തനംതിട്ട അയിരൂർ- ചെറുകോൽപ്പുഴ ശ്രീവിദ്യാധിരാജ നഗറിൽ നടക്കും. 4ന് വൈകിട്ട് 4ന് ചിന്മയാമിഷൻ ഗ്ലോബൽ ഹെഡ് സ്വാമി സ്വരൂപാനന്ദ മഹാരാജ് ചടങ്ങ് ഉദ്ഘാടനം ചെയ്യും. 10ന് വൈകിട്ട് 4ന് വനിതാസമ്മേളനം ജാർഖണ്ഡ് ഗവർണർ സി.പി.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. 11ന് വൈകിട്ട് 4ന് സമാപനസമ്മേളനം പശ്ചിമബംഗാൾ ഗവർണർ സി.വി.ആനന്ദബോസ് ഉദ്ഘാടനം ചെയ്യുമെന്ന് ഹിന്ദുമഹാമണ്ഡലം പ്രസിഡന്റ് പി.എസ്.നായർ, കൺവീനർമാരായ ശ്രീജിത്ത് അയിരൂർ, ജി.കൃഷ്ണകുമാർ, പി.ആർ.ഷാജി, സന്ദീപ് തമ്പാനൂർ എന്നിവർ പ്രസ് ക്ലബിൽ നടന്ന വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ടെക്കികളുടെ കലോത്സവം
കൊച്ചി: സംസ്ഥാനത്തെ ഐ.ടി ജീവനക്കാർക്കായി പ്രോഗ്രസീവ് ടെക്കീസ് സംഘടിപ്പിക്കുന്ന സാംസ്കാരിക കലോത്സവത്തിന് രജിസ്ട്രേഷൻ ആരംഭിച്ചു. ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ ഇൻഫോപാർക്കിലാണ് മത്സരം. https://tarang.progressivetechies.org ൽ രജിസ്റ്റർ ചെയ്യണം. വിവരങ്ങൾക്ക് : 9744499661, 9496690831.
കെ.എൻ.എം.സി രജിസ്ട്രാർ ചുമതലയേറ്റു
തിരുവനന്തപുരം : കേരള നഴ്സസ് ആൻഡ് മിഡ്വൈവ്സ് കൗൺസിൽ (കെ.എൻ.എം.സി) രജിസ്ട്രാറായി ഡോ.സോന പി. എസ്. ചുമതലയേറ്റു. ആരോഗ്യ വിദ്യാഭ്യാസ വകുപ്പിന് കീഴിൽ കാസർകോട് സർക്കാർ നഴ്സിംഗ് കോളേജ് പ്രിൻസിപ്പലായിരുന്ന ഡോ.സോനായെ ഡെപ്യൂട്ടേഷനിലാണ് രജിസ്ട്രാറായി നിയമിച്ചത്. തിരുമല സ്വദേശിയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |